മെസ്സിയുടെ പ്രവർത്തി എനിക്കിഷ്ടമായില്ല: തുറന്നടിച്ച് അമേരിക്കൻ ഇതിഹാസം
അമേരിക്കൻ ലീഗിൽ നടന്ന കഴിഞ്ഞ പ്ലേ ഓഫ് മത്സരത്തിൽ ഇന്റർമയാമിക്ക് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.തേർഡ് ലെഗിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് അറ്റ്ലാന്റ യുണൈറ്റഡ് ഇന്റർമയാമിയെ പരാജയപ്പെടുത്തിയത്.മത്സരത്തിൽ മെസ്സി ഒരു ഗോൾ നേടിയിരുന്നു. പരാജയപ്പെട്ടതോടെ ഇന്റർമയാമി എംഎൽഎസിൽ നിന്നും പുറത്താവുകയും ചെയ്തിരുന്നു.
ആ മത്സരശേഷം ലയണൽ മെസ്സി നേരെ ഡ്രസ്സിംഗ് റൂമിലേക്ക് നടന്നു പോവുകയായിരുന്നു.ആരാധകരെ അഭിവാദ്യം ചെയ്യാൻ അദ്ദേഹം കൂട്ടാക്കിയിരുന്നില്ല, മാത്രമല്ല എതിരാളികൾക്ക് ഷേക്ക് ഹാൻഡ് നൽകാനും അദ്ദേഹം തയ്യാറായിരുന്നില്ല. ഇതിനെതിരെ അമേരിക്കൻ ഇതിഹാസമായ ലണ്ടൻ ഡോണോവൻ രംഗത്ത് വന്നിട്ടുണ്ട്. മെസ്സിയുടെ ആ പ്രവർത്തി തനിക്ക് ഇഷ്ടമായില്ല എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.അമേരിക്കൻ ഇതിഹാസത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
“എനിക്ക് അത് ഒട്ടും ഇഷ്ടമായിരുന്നില്ല. അവർക്ക് ഷേക്ക് ഹാൻഡ് നൽകി അഭിനന്ദനങ്ങൾ പറയാമായിരുന്നു.മെസ്സി നേരെ കളം വിടുകയാണ് ചെയ്തത്. ലോക്കർ റൂമിൽ ഒരുപക്ഷേ മെസ്സി അവരെ അഭിനന്ദിച്ചിരുന്നേക്കാം. പക്ഷേ അവിടെ ഇന്റർമയാമി ആരാധകർ ഉണ്ടായിരുന്നു.അവരെ ഒന്ന് അഭിവാദ്യം ചെയ്യാമായിരുന്നു.ഈ സീസണിലെ അവസാനത്തെ മത്സരമായിരുന്നില്ലേ അത്.ഇന്റർമയാമിക്ക് ഇതൊരു മികച്ച സീസൺ കൂടിയായിരുന്നു “ഇതാണ് അമേരിക്കൻ ഇതിഹാസം പറഞ്ഞിട്ടുള്ളത്.
ഏതായാലും ലയണൽ മെസ്സിക്ക് ഇത് ഒരല്പം ബുദ്ധിമുട്ടേറിയ സമയമാണ്.അവസാനമായി കളിച്ച മൂന്നു മത്സരങ്ങളിലും അദ്ദേഹം പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്.ഇന്റർമയാമിയോടൊപ്പം രണ്ടു മത്സരങ്ങളിലും അർജന്റീനക്കൊപ്പം ഒരു മത്സരത്തിലും മെസ്സി പരാജയപ്പെടുകയായിരുന്നു. ഇനി പെറുവിനെതിരെയുള്ള അടുത്ത മത്സരത്തിലാണ് നമുക്ക് മെസ്സിയെ കാണാൻ കഴിയുക