മെസ്സിയുടെ ജേഴ്‌സിയണിഞ്ഞ് ഗോളടിച്ചു,ഇന്നിപ്പോൾ ടീമിൽ നിന്നും പുറത്ത്,ദിബാലയുടെ കാര്യം വിചിത്രം!

ഇത്തവണത്തെ ഇന്റർനാഷണൽ ബ്രേക്കിൽ 2 വേൾഡ് കപ്പ് യോഗ്യതാ മത്സരങ്ങളാണ് അർജന്റീന കളിക്കുന്നത്.പരാഗ്വയും പെറുവുമാണ് അർജന്റീനയുടെ എതിരാളികൾ.പരാഗ്വക്കെതിരെയുള്ള മത്സരം നാളെ രാവിലെ ഇന്ത്യൻ സമയം 5 മണിക്കാണ് നടക്കുക. ഇതിനുള്ള ഒരുക്കങ്ങൾ അർജന്റീന ടീം ഇപ്പോൾ പൂർത്തിയാക്കിയിട്ടുണ്ട്.ഒരു ഇടവേളക്ക് ശേഷം മെസ്സി ടീമിലേക്ക് തിരിച്ചെത്തിയത് ആരാധകർക്ക് സന്തോഷം നൽകുന്ന കാര്യമാണ്.

എന്നാൽ സ്‌ക്വാഡ് പ്രഖ്യാപിച്ചപ്പോൾ സൂപ്പർ താരം പൗലോ ദിബാലക്ക് ഇടം നേടാൻ കഴിഞ്ഞിരുന്നില്ല. മുപ്പതുകാരനായ താരം പരിക്കിൽ നിന്നും പൂർണമായും മുക്തനായിട്ടുണ്ട്.നിലവിൽ റോമക്ക് വേണ്ടി അദ്ദേഹം കളിക്കുന്നുണ്ട്. എന്നാൽ അർജന്റീനയുടെ പരിശീലകനായ ലയണൽ സ്‌കലോണി താരത്തെ ടീമിൽ ഉൾപ്പെടുത്താൻ തയ്യാറായിരുന്നില്ല.

അതിനുശേഷമാണ് നിക്കോ ഗോൺസാലസ് പരിക്കുകാരണം അർജന്റീന ടീമിൽ നിന്നും പുറത്തു പോയത്. ഒരു സ്ട്രൈക്കർ പുറത്തുപോയതുകൊണ്ട് തന്നെ ദിബാലയെ പരിഗണിക്കുമെന്ന് പ്രതീക്ഷിച്ചു.എന്നാൽ സ്‌കലോണി അപ്പോഴും അദ്ദേഹത്തെ തഴയുകയായിരുന്നു. പകരം യുവതാരങ്ങൾക്കാണ് അദ്ദേഹം മുൻഗണന നൽകിയത്.ദിബാലയെ ഒഴിവാക്കിയത് ടാക്റ്റിക്കൽ ഡിസിഷനാണ് എന്നാണ് പരിശീലക സംഘം നൽകുന്ന വിശദീകരണം.

താരത്തിന്റെ കാര്യം ഒരല്പം വിചിത്രമാണ്. കോപ്പ അമേരിക്ക സ്‌ക്വാഡിലേക്ക് അദ്ദേഹത്തെ സ്‌കലോണി പരിഗണിച്ചിരുന്നില്ല. എന്നാൽ അതിനു ശേഷം അദ്ദേഹത്തെ ടീമിലേക്ക് തിരിച്ചു വിളിച്ചു. മെസ്സിയുടെ അഭാവത്തിൽ പത്താം നമ്പർ ജേഴ്സി അണിഞ്ഞ ദിബാല ചിലിക്കെതിരെ ഗോൾ നേടുകയും ചെയ്തിരുന്നു. കൂടാതെ കഴിഞ്ഞ തവണയും അദ്ദേഹം ടീമിൽ ഇടം നേടിയിരുന്നു. എന്നാൽ പരിക്ക് കാരണം ദിബാലക്ക് പിന്മാറേണ്ടിവന്നു. ഇപ്പോൾ പരിക്കു മാറിയപ്പോൾ സ്‌കലോണി അദ്ദേഹത്തെ പരിഗണിച്ചതുമില്ല.

ചുരുക്കത്തിൽ സ്‌കലോണി ദിബാലയെ തട്ടി കളിക്കുന്ന ഒരു ഫീലാണ് ഇപ്പോൾ ആരാധകർക്ക് ഉള്ളത്. പ്രമുഖ അർജന്റൈൻ മാധ്യമമായ Tyc സ്പോർട്സ് തങ്ങളുടെ ലേഖനത്തിൽ ഇക്കാര്യം വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്.ഭാവിയിൽ ദിബാലയെ സ്‌കലോണി വീണ്ടും പരിഗണിക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *