മെസ്സിയുടെ ഗോൾ എംബപ്പേയുടെ മുഖത്ത് നോക്കി ആഘോഷിച്ചതിന്റെ കാരണം വ്യക്തമാക്കി ലിയാൻഡ്രോ പരേഡസ്!

വേൾഡ് കപ്പ് ചരിത്രത്തിലെ ഏറ്റവും ആവേശകരമായ ഫൈനലുകളിൽ ഒന്നായിരുന്നു കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിലെ ഫൈനൽ മത്സരം. അർജന്റീനയും ഫ്രാൻസും തമ്മിൽ ഏറ്റുമുട്ടിയ മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിലാണ് അർജന്റീന കിരീടം നേടിയത്. രണ്ട് ടീമുകളും മൂന്ന് ഗോളുകൾ വീതം നേടിക്കൊണ്ട് സമനിലയിൽ പിരിഞ്ഞതോടുകൂടിയാണ് കാര്യങ്ങൾ പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്

മത്സരത്തിന്റെ 108ആം മിനിട്ടിലായിരുന്നു ലയണൽ മെസ്സി അർജന്റീനക്ക് ലീഡ് നേടിക്കൊടുത്തത്. ആ സമയത്ത് അർജന്റീന രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് മുന്നിട്ടു നിൽക്കുകയായിരുന്നു. മെസ്സി ഗോൾ നേടിയ സമയത്ത് അർജന്റീന സൂപ്പർ താരമായ ലിയാൻഡ്രോ പരേഡസ് ആ ഗോൾ ആഘോഷിച്ചത് ഫ്രഞ്ച് സൂപ്പർതാരമായ കിലിയൻ എംബപ്പേയുടെ മുഖത്ത് നോക്കിക്കൊണ്ടായിരുന്നു. എംബപ്പേയുടെ തൊട്ട് മുന്നിൽ വച്ച് അലറി വിളിച്ചുകൊണ്ടാണ് പരേഡസ് ആ ഗോൾ ആഘോഷിച്ചത്. അതിന്റെ കാരണം ഇപ്പോൾ പരേഡസ് വ്യക്തമാക്കിയിട്ടുണ്ട്.താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” എൻസോ ഫെർണാണ്ടസും കിലിയൻ എംബപ്പേയും മത്സരത്തിനിടയിൽ വച്ച് ചില കാര്യങ്ങൾ സംസാരിച്ചിരുന്നു. ആ സമയത്ത് വളരെ മോശമായി കൊണ്ടാണ് എൻസോയോട് കിലിയൻ എംബപ്പേ പെരുമാറിയിരുന്നത്.അതാണ് എന്നെ ചൊടിപ്പിച്ചത്. അതുകൊണ്ടാണ് ഞാൻ ലയണൽ മെസ്സിയുടെ ഗോൾ കിലിയൻ എംബപ്പേക്ക് അഭിമുഖമായി ആഘോഷിച്ചത് ” പരേഡസ് പറഞ്ഞു.

മുമ്പ് പിഎസ്ജിയിൽ ഒരുമിച്ച് കളിച്ചവരാണ് കിലിയൻ എംബപ്പേയും പരേഡസും. നിലവിൽ ലോൺ അടിസ്ഥാനത്തിൽ യുവന്റസിലാണ് പരേഡസ് കളിക്കുന്നത്.പരേഡസ് ഉൾപ്പെടെയുള്ള അർജന്റീന താരങ്ങൾക്ക് പിഎസ്ജിയിലെ സ്ഥാനം നഷ്ടമാവാൻ കാരണം എംബപ്പേയാണ് എന്നുള്ള റൂമറുകൾ ഈ സീസണിന്റെ തുടക്കത്തിൽ ഉണ്ടായിരുന്നു. ഏതായാലും അടുത്ത സീസണിൽ പരേഡസ് പിഎസ്ജിയിലേക്ക് തിരിച്ചെത്താനുള്ള സാധ്യതകൾ തന്നെയാണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *