മെസ്സിയുടെ കാര്യത്തിൽ ഒരു അന്വേഷണം പ്രഖ്യാപിക്കണം, അദ്ദേഹം ഈ ഗ്രഹത്തിൽ ഉള്ളതല്ല : വിദാൽ!

സൂപ്പർ താരം ലയണൽ മെസ്സിക്കൊപ്പം കുറച്ച് കാലം കളിച്ചിട്ടുള്ള താരമാണ് ആർതുറോ വിദാൽ. 2018 മുതൽ 2020 വരെയായിരുന്നു അദ്ദേഹം ബാഴ്സയിൽ ചിലവഴിച്ചിരുന്നത്. എന്നാൽ ഒരു സഹതാരം എന്നതിനാക്കാളുപരി മെസ്സിയുടെ സുഹൃത്ത് കൂടിയായിരുന്നു ആർതുറോ വിദാൽ. ആ സുഹൃദ്ബന്ധം ഇപ്പോഴും രണ്ടുപേരും തുടരുന്നുണ്ട്.

കഴിഞ്ഞ ദിവസം ലയണൽ മെസ്സിയെ കുറിച്ച് നിരവധി കാര്യങ്ങൾ ഈ ചിലിയൻ സൂപ്പർ താരം സംസാരിച്ചിട്ടുണ്ട്. ലയണൽ മെസ്സി ഈ ഗ്രഹത്തിൽ നിന്നുള്ള ഒരു വ്യക്തി അല്ലെന്നും ആ വിഷയത്തിൽ ഒരു അന്വേഷണം പ്രഖ്യാപിക്കണം എന്നുമാണ് വിദാൽ പറഞ്ഞിട്ടുള്ളത്.മെസ്സിയെ തടയാൻ ചിലി ഒരുക്കാറുള്ള തന്ത്രങ്ങളെക്കുറിച്ചും ഇദ്ദേഹം സംസാരിച്ചു.വിദാലിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ലയണൽ മെസ്സിയെ മറ്റുള്ള താരങ്ങളുമായി താരതമ്യം ചെയ്യുക എന്നുള്ളത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. കാരണം മെസ്സി ഈ പ്ലാനറ്റിൽ നിന്നുള്ള ഒരു താരമല്ല.അദ്ദേഹം മറ്റൊരു ഗ്രഹത്തിൽ നിന്നുള്ളതാണ്. ആ വിഷയത്തിൽ ഒരു അന്വേഷണം പ്രഖ്യാപിക്കണം.കാരണം ഇത് സാധാരണമായ ഒന്നല്ല.എനിക്കുറപ്പാണ് അദ്ദേഹം ഒരു അന്യഗ്രഹ ജീവിയാണ് എന്നത്.ചിലിയും അർജന്റീനയും തമ്മിൽ കളിക്കുമ്പോൾ മൂന്നോ നാലോ താരങ്ങളെ മെസ്സിയെ നോക്കാൻ വേണ്ടി ഞങ്ങൾ ഏൽപ്പിക്കാറുണ്ട്. അത് മെസ്സിക്കെതിരെ ഞങ്ങൾ പ്രയോഗിക്കുന്ന തന്ത്രമാണ്. മറ്റുള്ള താരങ്ങളെ ഫ്രീയാക്കി വിട്ടാലും മെസ്സിയെ ഫ്രീയാക്കി വിടാതിരിക്കുക എന്നതാണ് ഞങ്ങൾ ശ്രദ്ധിക്കാറുള്ളത് ” ഇതാണ് വിദാൽ പറഞ്ഞിട്ടുള്ളത്.

ലയണൽ മെസ്സിക്കൊപ്പം ഇന്റർ മയാമിയിൽ വെച്ചുകൊണ്ട് കളിക്കാൻ ആഗ്രഹിക്കുന്നു എന്നുള്ള കാര്യം വിദാൽ തുറന്നു പറഞ്ഞിരുന്നു. നിലവിൽ ബ്രസീലിയൻ ക്ലബ്ബായ അത്ലറ്റിക്കോ പരാനൻസിന് വേണ്ടിയാണ് വിദാൽ കളിക്കുന്നത്. അതേസമയം ഇന്റർ മയാമിക്ക് വേണ്ടി മികച്ച പ്രകടനമാണ് ലയണൽ മെസ്സി നടത്തുന്നത്. 10 മത്സരങ്ങളിൽ നിന്ന് 11 ഗോളുകളും മൂന്ന് അസിസ്റ്റുകളുമാണ് മെസ്സിയുടെ സമ്പാദ്യം.

Leave a Reply

Your email address will not be published. Required fields are marked *