മെസ്സിയുടെ ഇമ്പാക്ട് അളക്കാൻ കഴിയാത്തത് :പോച്ചെട്ടിനോ പറയുന്നു!
സൂപ്പർ താരം ലയണൽ മെസ്സിയെ പിഎസ്ജിയിൽ വെച്ച് കൊണ്ട് പരിശീലിപ്പിച്ചിട്ടുള്ള പരിശീലകനാണ് പോച്ചെട്ടിനോ. എന്നാൽ കാര്യങ്ങൾ അത്ര നല്ല രീതിയിൽ അല്ല പുരോഗമിച്ചത്.പ്രതീക്ഷിച്ച രൂപത്തിലുള്ള ഒരു പ്രകടനം പുറത്തെടുക്കാൻ പിഎസ്ജിക്ക് സാധിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ പരിശീലക സ്ഥാനം നഷ്ടമായിരുന്നു. ഇപ്പോൾ അമേരിക്കൻ ദേശീയ ടീമിന്റെ പരിശീലകനായി കൊണ്ട് പോച്ചെട്ടിനോ ചുമതല ഏറ്റിട്ടുണ്ട്.
അമേരിക്കൻ ലീഗിലാണ് ലയണൽ മെസ്സി നിലവിൽ കളിച്ചു കൊണ്ടിരിക്കുന്നത്.മെസ്സിയുടെ വരവ് അമേരിക്കൻ ഫുട്ബോളിന് ഒരു പുതിയ ഉണർവ് തന്നെ നൽകിയിട്ടുണ്ട്. ഇക്കാര്യം പരിശീലകനായ പോച്ചെട്ടിനോയും തുറന്ന് പറഞ്ഞിട്ടുണ്ട്. മെസ്സി ഉണ്ടാക്കിയ ഇമ്പാക്ട് അളക്കാൻ കഴിയാത്ത ഒന്നാണ് എന്നാണ് പോച്ചെട്ടിനോ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ CNN മെക്സിക്കോ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
“മെസ്സി ഉണ്ടാക്കിയ ഇമ്പാക്ട് അളക്കാൻ കഴിയാത്ത ഒന്നാണ്.അത് അവിശ്വസനീയമായ ഒന്നാണ്.ആരാധകരുടെ കാര്യത്തിൽ മാത്രമല്ല, എല്ലാ കാര്യത്തിലും മാറ്റം സൃഷ്ടിക്കാൻ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്.എല്ലാവരെയും മോട്ടിവേറ്റ് ചെയ്യാൻ അദ്ദേഹത്തിന് കഴിഞ്ഞു. അമേരിക്കൻ ലീഗിൽ അദ്ദേഹത്തോട് പോരാടുന്ന താരങ്ങളിൽ പോലും ഈ ഇമ്പാക്ട് പ്രകടമാണ്.ഒരുപാട് കാലം ഈ ഇമ്പാക്ട് തുടരും എന്ന് തന്നെയാണ് ഞാൻ പ്രതീക്ഷിക്കുന്നത്.കാരണം ലോകത്തിലെ ഏറ്റവും മികച്ച താരത്തെയാണ് ഈ ലീഗിന് ലഭിച്ചിരിക്കുന്നത്. എല്ലാം സ്വന്തമാക്കാൻ കഴിയും എന്നുള്ള ഒരു കോൺഫിഡൻസ് എല്ലാവർക്കും നൽകാൻ മെസ്സിയുടെ സാന്നിധ്യം സഹായിക്കുന്നുണ്ട് ” ഇതാണ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ കോപ്പ അമേരിക്കയിലും അതിനുശേഷവും മോശം പ്രകടനമാണ് അമേരിക്കൻ ദേശീയ ടീം നടത്തിയിട്ടുള്ളത്. അതുകൊണ്ടാണ് പുതിയ പരിശീലകനായി കൊണ്ട് അവർ പോച്ചെട്ടിനോയെ കൊണ്ടുവന്നിട്ടുള്ളത്. ഈ മാസം നടക്കുന്ന സൗഹൃദ മത്സരങ്ങളിൽ പനാമയും മെക്സിക്കോയും ആണ് അവരുടെ എതിരാളികൾ.