മെസ്സിയും സ്കലോണിയും എത്ര കാലം? സനേട്ടി പറയുന്നു!
അർജന്റീന ദേശീയ ടീമിനെ സംബന്ധിച്ചിടത്തോളം സമീപകാലത്ത് ഒരല്പം ബുദ്ധിമുട്ടുകളൊക്കെ നേരിടേണ്ടി വന്നിരുന്നു.അത് കളിക്കളത്തിലായിരുന്നില്ല,മറിച്ച് കളത്തിന് പുറത്തായിരുന്നു. പരിശീലകസ്ഥാനം താൻ ഒഴിയും എന്നുള്ള ഒരു സൂചനകൾ സ്കലോണി നൽകിയതോടെ അത് ഫുട്ബോൾ ലോകം വലിയ രൂപത്തിൽ ചർച്ച ചെയ്തു. പക്ഷേ ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് അടുത്ത കോപ്പ അമേരിക്കയിൽ അർജന്റീന പരിശീലിപ്പിക്കാൻ സ്കലോണി ഉണ്ടാകും എന്നുള്ളത് തന്നെയാണ്.
സ്കലോണിയുടെ ആ സ്റ്റേറ്റ്മെന്റിനെ കുറിച്ചും ലയണൽ മെസ്സിയുടെ ഭാവിയെ കുറിച്ചുമൊക്കെ അർജന്റീനയുടെ ഇതിഹാസമായ ഹവിയർ സനേട്ടി ഒരുപാടു കാര്യങ്ങൾ സംസാരിച്ചിട്ടുണ്ട്. ഇറ്റാലിയൻ വമ്പൻമാരായ ഇന്റർ മിലാന്റെ വൈസ് പ്രസിഡണ്ട് കൂടിയാണ് ഇദ്ദേഹം.സനേട്ടി സ്കലോണിയുടെ സ്റ്റേറ്റ്മെന്റിനെ കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്.
“സ്കലോണിയുടെ സ്റ്റേറ്റ്മെന്റ് വളരെയധികം സത്യസന്ധമായ ഒരു സ്റ്റേറ്റ്മെന്റ് ആയി കൊണ്ടാണ് എനിക്ക് തോന്നിയത്. വളരെ വ്യക്തമായി കൊണ്ടാണ് അദ്ദേഹം സംസാരിച്ചത്.ഒരുപാട് സമ്മർദ്ദങ്ങൾ അദ്ദേഹം അർജന്റീന ദേശീയ ടീമിൽ അനുഭവിക്കുന്നുണ്ട് എന്ന കാര്യം നമ്മൾ മറന്നുകൂടാ.അർജന്റീനക്കാർക്ക് സന്തോഷം നൽകാൻ അദ്ദേഹവും അദ്ദേഹത്തിന്റെ കോച്ചിംഗ് സ്റ്റാഫും ഒരുപാട് കാര്യങ്ങളെ തരണം ചെയ്യേണ്ടി വന്നിട്ടുണ്ട്. ചില സമയത്ത് നമ്മൾ പിറകിലേക്ക് നിൽക്കേണ്ട സമയം വന്നെത്തും.അർജന്റീനയുടെ ദേശീയ ടീമിന് നല്ലത് മാത്രമാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. അദ്ദേഹത്തിന്റെ സ്റ്റേറ്റ്മെന്റിന് പിന്നിൽ യാതൊരുവിധ ദുരുദ്ദേശവും ഞാൻ കാണുന്നില്ല ” ഇതാണ് അർജന്റീനയുടെ പരിശീലകനെ കുറിച്ച് സനേട്ടി പറഞ്ഞിട്ടുള്ളത്.
Argentina coach Lionel Scaloni and Lionel Messi to meet on Wednesday. https://t.co/rZGJNAS3Oc pic.twitter.com/m2HFOqtRik
— Roy Nemer (@RoyNemer) January 3, 2024
അതേസമയം ലയണൽ മെസ്സിയെ കുറിച്ചും അദ്ദേഹം സംസാരിച്ചിട്ടുണ്ട്.അത് ഇങ്ങനെയാണ്. ” മെസ്സി ഇപ്പോഴും ഫുട്ബോൾ തുടരാൻ തന്നെയാണ് ആഗ്രഹിക്കുന്നത്.കളിക്കളത്തിൽ തുടരുക എന്നുള്ളത് തന്നെയാണ് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും മികച്ച കാര്യം.പക്ഷേ അത് എത്രത്തോളം അദ്ദേഹം ആഗ്രഹിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്.ഇപ്പോഴും മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിവുള്ള താരമാണ് മെസ്സി എന്നാണ് ഞാൻ വിശ്വസിക്കുന്നത്. അമേരിക്കൻ ലീഗിലേക്ക് പോവാൻ എടുത്ത തീരുമാനം വളരെ കൃത്യമാണ്. ഇനിയിപ്പോൾ കോപ്പ അമേരിക്ക വരുന്നു.അത് വളരെയധികം പ്രധാനപ്പെട്ട ഒരു പരീക്ഷണം തന്നെയായിരിക്കും.മെസ്സി അതിനുശേഷവും തുടരും എന്ന് തന്നെയാണ് ഞാൻ പ്രതീക്ഷിക്കുന്നത് ” ഇതാണ് സനേട്ടി പറഞ്ഞിട്ടുള്ളത്.
വരുന്ന ജൂൺ മാസത്തിലാണ് കോപ്പ അമേരിക്ക അരങ്ങേറുക. ഫൈനൽ വരെ മുന്നേറാൻ അർജന്റീനക്ക് വലിയ തടസ്സങ്ങൾ ഒന്നും നേരിടേണ്ടി വന്നേക്കില്ല. കിരീടം നിലനിർത്തുക എന്നുള്ളത് മാത്രമാണ് കോപ്പയിൽ അർജന്റീനയുടെ ലക്ഷ്യം.