മെസ്സിയും സംഘവുമെത്തി, അർജന്റീന തയ്യാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞു!
സൂപ്പർ താരം ലയണൽ മെസ്സി തന്റെ ദേശീയ ടീമായ അർജന്റീനയോടൊപ്പം ജോയിൻ ചെയ്തു കഴിഞ്ഞു. ഇന്നലെയാണ് ലയണൽ മെസ്സി അമേരിക്കയിലെ ഫ്ലോറിഡയിൽ ലാൻഡ് ചെയ്തത്. മെസ്സിയോടൊപ്പം സഹതാരങ്ങളായ എയ്ഞ്ചൽ ഡി മരിയ,ലിയാൻഡ്രോ പരേഡസ്,നിക്കോളാസ് ടാഗ്ലിയാഫിക്കോ എന്നിവരും ഉണ്ടായിരുന്നു.
അർജന്റൈൻ ക്യാമ്പിൽ ആദ്യം എത്തിയ താരം തിയാഗോ അൽമാഡയാണ്. ഇപ്പോൾ കൂടുതൽ താരങ്ങൾ എത്തിത്തുടങ്ങിയിട്ടുണ്ട്.മാത്രമല്ല മെസ്സിയും സംഘവും പരിശീലനത്തിന് തുടക്കം കുറിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ ചിത്രങ്ങൾ ഇപ്പോൾ ട്വിറ്റർ ഉൾപ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിൽ ലഭ്യമാണ്. രണ്ട് സൗഹൃദ മത്സരങ്ങളാണ് അർജന്റീന ഈ സെപ്റ്റംബറിൽ കളിക്കുന്നത്.
ഇരുപത്തിമൂന്നാം തീയതി നടക്കുന്ന മത്സരത്തിൽ ഹോണ്ടുറാസിനെയാണ് അർജന്റീന നേരിടുക.മിയാമിയിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ വെച്ചാണ് ഈ മത്സരം നടക്കുക. ഇരുപത്തിയേഴാം തീയതി ജമൈക്കയാണ് അർജന്റീനയുടെ എതിരാളികൾ. ന്യൂ ജേഴ്സിയിലെ റെഡ് ബുൾ അരീനയിൽ വച്ചാണ് ഈ മത്സരം നടക്കുക.
🚨 Lionel Messi, Angel Di Maria, Leandro Paredes, Nicolás Tagliafico, Thiago Almada and Alexis Mac Allister have arrived to Miami for Argentina's games.
— Roy Nemer (@RoyNemer) September 19, 2022
സ്കലോണിയുടെ അർജന്റീന സമീപകാലത്ത് മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. കഴിഞ്ഞ മൂന്നു വർഷത്തോളമായി ഒരൊറ്റ മത്സരത്തിൽ പോലും തോൽക്കാതെയുള്ള കുതിപ്പാണ് അർജന്റീന നടത്തുന്നത്. ഈ രണ്ടു മത്സരങ്ങളും വിജയിച്ചു കൊണ്ട് ആ കുതിപ്പ് തുടരുക എന്നുള്ളതാണ് അർജന്റീനയുടെ ലക്ഷ്യം.
അതേസമയം ലയണൽ മെസ്സി ഈ സീസണിൽ മികച്ച പ്രകടനം നടത്തുന്നത് അർജന്റീനക്ക് സന്തോഷം നൽകുന്ന കാര്യമാണ്.പിഎസ്ജിക്ക് വേണ്ടി ഈ സീസണിൽ കളിച്ച മത്സരങ്ങളിൽ നിന്ന് ആകെ 14 ഗോൾ പങ്കാളിത്തങ്ങൾ മെസ്സി വഹിച്ചു കഴിഞ്ഞിട്ടുണ്ട്.ആറ് ഗോളുകളും 8 അസിസ്റ്റുകളും ആണ് ഇതുവരെ മെസ്സിയുടെ സമ്പാദ്യം. ഇനി ഒക്ടോബർ ഒന്നിന് നടക്കുന്ന മത്സരത്തിലാണ് മെസ്സി പിഎസ്ജിക്കൊപ്പം തിരിച്ചെത്തുക.