മെസ്സിക്ക് പുതിയ ഇരട്ടപ്പേരിട്ട് ഡി പോളും പപ്പു ഗോമസും!
ഇന്ന് നടന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ മിന്നുന്ന വിജയം നേടാൻ ലാറ്റിനമേരിക്കൻ വമ്പൻമാരായ അർജന്റീനക്ക് സാധിച്ചിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അർജന്റീന ഹോണ്ടുറാസിനെ പരാജയപ്പെടുത്തിയത്. സൂപ്പർ താരം ലയണൽ മെസ്സി ഇരട്ടഗോളുകളുമായി തിളങ്ങുകയായിരുന്നു. ശേഷിച്ച ഗോൾ നേടിയത് ലൗറ്ററോ മാർട്ടിനസായിരുന്നു.
ഈ മത്സരത്തിനുശേഷം ലയണൽ മെസ്സി തന്റെ ഇൻസ്റ്റഗ്രാമിൽ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. തന്റെ കുറച്ച് ചിത്രങ്ങളാണ് മെസ്സി പങ്കുവെച്ചിട്ടുള്ളത്.അതിന്റെ ക്യാപ്ഷനായി കൊണ്ട് മെസ്സി കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്.” അർജന്റീനയോടൊപ്പമുള്ള മറ്റൊരു നല്ല രാത്രി കൂടി കടന്നു പോയിരിക്കുന്നു. ഒരിക്കൽ കൂടി നിങ്ങളുടെ പിന്തുണക്ക് നന്ദി അറിയിക്കുന്നു ” ഇതായിരുന്നു മെസ്സി എഴുതിയിരുന്നത്.
എന്നാൽ ഇതിന്റെ കമന്റ് ബോക്സിൽ ലയണൽ മെസ്സിക്ക് താരങ്ങളായ റോഡ്രിഗോ ഡി പോളും പപ്പു ഗോമസും പുതിയ ഒരു ഇരട്ടപ്പേര് നൽകിയിട്ടുണ്ട്.വെസൽ എന്നാണ് ഇവർ മെസ്സിയെ വിശേഷിപ്പിച്ചിരിക്കുന്നത്. വളരെയധികം ബുദ്ധികൂർമ്മതയും കൗശലവുമുള്ള ഒരു സസ്തനിയുടെ അഥവാ ഒരു ജീവിയുടെ പേരാണ് വെസൽ.മെസ്സിയുടെ ബുദ്ധി വൈഭവത്തെയാണ് ഇവർ ഈ പേരിലൂടെ പ്രശംസിച്ചിരിക്കുന്നത്.
SEÑORAS Y SEÑORES, Messi tiene nuevo apodo: LA COMADREJA. pic.twitter.com/glCC8aFmRg
— TyC Sports (@TyCSports) September 24, 2022
” എങ്ങനെയുണ്ടായിരുന്നു വെസലിന്റെ കടി ” എന്നാണ് കമന്റ് ബോക്സിൽ ഡി പോൾ കുറിച്ചിരിക്കുന്നത്. അതോടൊപ്പം തന്നെ പപ്പു ഗോമസിനെ മെൻഷൻ ചെയ്യുകയും ചെയ്തിട്ടുണ്ട്. ” വെസലിന്റെ കടി ക്രേസിയായിരുന്നു ” എന്നാണ് പപ്പു ഗോമസ് മറുപടി നൽകിയത്. മെസ്സിയുടെ സുഹൃത്തുക്കൾ അദ്ദേഹത്തിന് പുതിയ ഇരട്ട പേര് നൽകി എന്നാണ് പ്രമുഖ അർജന്റൈൻ മാധ്യമമായ TYC സ്പോർട്സ് ഇതിനെ വിശേഷിപ്പിച്ചിട്ടുള്ളത്.
നിലവിൽ ലയണൽ മെസ്സിക്ക് വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഒരു ഇരട്ടപ്പേരുണ്ട്.ലാ പുൾഗ എന്നാണ് ആ ഇരട്ടപ്പേര്. മലയാളത്തിൽ ഇതിന്റെ അർത്ഥം ചെള്ള് എന്നാണ്. അതായത് സമപ്രായക്കാരെ അപേക്ഷിച്ചു ഉയരക്കുറവ് ഉണ്ടായിരുന്ന മെസ്സിക്ക് ചെറുപ്പകാലത്ത് അദ്ദേഹത്തിന്റെ സഹോദരൻ തന്നെ നൽകിയ പേരായിരുന്നു ലാ പുൾഗ. പിന്നീട് ഇത് സ്നേഹപൂർവ്വം എല്ലാവരും വിളിച്ച് തുടങ്ങുകയായിരുന്നു.