മെസ്സിക്കും ക്രിസ്റ്റ്യാനോക്കുമൊപ്പം ഹിഗ്വയ്ൻ, തിരഞ്ഞെടുത്തത് ദിബാല!

ഫുട്ബോൾ ലോകത്തെ ഒട്ടേറെ സൂപ്പർതാരങ്ങൾക്കൊപ്പം കളിക്കാൻ ഭാഗ്യം ലഭിച്ചിട്ടുള്ള താരമാണ് പൗലോ ദിബാല. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയുമാണ്. അർജന്റീന ദേശീയ ടീമിൽ വെച്ചുകൊണ്ടാണ് ദിബാല മെസ്സിക്കൊപ്പം കളിച്ചിട്ടുള്ളത്. അതേസമയം ഇറ്റാലിയൻ ക്ലബ്ബായ യുവന്റസിൽ വെച്ച് കൊണ്ട് ദിബാല ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം കളിച്ചിട്ടുണ്ട്.

ഒപ്പം കളിച്ച ഏറ്റവും മികച്ച മൂന്ന് താരങ്ങളെ തിരഞ്ഞെടുക്കാൻ ദിബാലയോട് ആവശ്യപ്പെട്ടിരുന്നു.ലയണൽ മെസ്സി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്ക് പുറമേ അദ്ദേഹം തിരഞ്ഞെടുത്തത് അർജന്റൈൻ സൂപ്പർ താരമായിരുന്ന ഗോൺസാലോ ഹിഗ്വയ്നെയാണ്.ഡി മരിയ,അഗ്വേറോ എന്നീ താരങ്ങളെക്കാളുമൊക്കെ മുകളിലാണ് ദിബാല ഹിഗ്വയ്നെ പരിഗണിക്കുന്നത്.മാത്രമല്ല മെസ്സി, റൊണാൾഡോ എന്നിവരെക്കുറിച്ച് ഇദ്ദേഹം വിശദമായി സംസാരിക്കുകയും ചെയ്തു.ദിബാലയുടെ വാക്കുകൾ ഇങ്ങനെയാണ്.

“ലയണൽ മെസ്സി,ക്രിസ്റ്റ്യാനോ റൊണാൾഡോ,ഹിഗ്വയ്ൻ എന്നിവരാണ് ലോക ഫുട്ബോളിലെ ഏറ്റവും മികച്ച സഹതാരങ്ങൾ.റൊണാൾഡോ ഒരു ചാമ്പ്യനാണ്. അദ്ദേഹത്തിനൊപ്പം യുവന്റസിൽ കളിച്ചത് വളരെ മനോഹരമായിരുന്നു. വിജയിക്കാനുള്ള ആഗ്രഹങ്ങളെക്കുറിച്ചും ഡെഡിക്കേഷനെക്കുറിച്ചും ഞാൻ പഠിച്ചത് അദ്ദേഹത്തിൽ നിന്നാണ്.അദ്ദേഹം എല്ലാം കരസ്ഥമാക്കി കഴിഞ്ഞു,സൗദി അറേബ്യയിലും അദ്ദേഹം മികച്ച പ്രകടനം തുടരുന്നു എന്നതിൽ എനിക്ക് അത്ഭുതം ഒന്നുമില്ല.അതേസമയം കുട്ടിക്കാലം തൊട്ടയുള്ള എന്റെ സ്വപ്നമാണ് ലയണൽ മെസ്സിക്കൊപ്പം കളിക്കുക എന്നത്. മെസ്സി ഒരു ഇൻസ്പിരേഷൻ ആണ്.മെസ്സിക്കൊപ്പം വേൾഡ് കപ്പ് കിരീടനേട്ടം പങ്കുവെക്കാൻ ആയത് ഞാൻ എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കില്ല ” ഇതാണ് ദിബാല പറഞ്ഞിട്ടുള്ളത്.

അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമിയിൽ വെച്ച് 2022 ലാണ് ഹിഗ്വയ്ൻ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. കരിയറിൽ 710 മത്സരങ്ങൾ ക്ലബ്ബുകൾക്ക് വേണ്ടി കളിച്ച താരം 335 ഗോളുകൾ നേടിയിട്ടുണ്ട്.അർജന്റീനയുടെ ദേശീയ ടീമിന് വേണ്ടി 75 മത്സരങ്ങൾ കളിച്ച താരം 31 ഗോളുകളും സ്വന്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *