മെസ്സിക്കും ക്രിസ്റ്റ്യാനോക്കും സമാനമാണ് എംബപ്പേ :ഫ്രഞ്ച് പരിശീലകൻ വിശദീകരിക്കുന്നു.

സൂപ്പർ താരം കിലിയൻ എംബപ്പേ പിഎസ്ജിക്കും ഫ്രഞ്ച് ദേശീയ ടീമിനും ഒരുപോലെ പ്രധാനപ്പെട്ടതാണ്. രണ്ട് ടീമിന്റെയും ക്യാപ്റ്റൻ ഇപ്പോൾ കിലിയൻ എംബപ്പേയാണ്. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ അദ്ദേഹത്തിന് ഉണ്ടായ വളർച്ച വളരെ വലുതാണ്. ഇന്ന് ഫുട്ബോൾ ലോകത്തെ ഒഴിച്ചുകൂടാനാവാത്ത സൂപ്പർ താരമാണ് എംബപ്പേ. പതിവുപോലെ ഈ സീസണിൽ വളരെ മികച്ച രൂപത്തിൽ കളിക്കാൻ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്.

ഫ്രഞ്ച് ദേശീയ ടീമിന്റെ പരിശീലകനായ ദിദിയർ ദെഷാപ്സ് എംബപ്പേയെ സൂപ്പർ താരങ്ങളായ ലയണൽ മെസ്സി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരോട് ഉപമിച്ചിട്ടുണ്ട്. അതായത് മെസ്സി അർജന്റീനക്കും റൊണാൾഡോ പോർച്ചുഗലിനും എങ്ങനെയാണോ അതുപോലെയാണ് എംബപ്പേ ഫ്രാൻസിനെ എന്നാണ് ഈ പരിശീലകൻ പറഞ്ഞിട്ടുള്ളത്. ഫ്രഞ്ച് മാധ്യമമായ ലെ പാരീസിയനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“കിലിയൻ എംബപ്പേ ഉണ്ടാകുമ്പോൾ ഫ്രഞ്ച് ദേശീയ ടീം ഏറെ കരുത്തനാണ്. ലയണൽ മെസ്സി ഉണ്ടാകുമ്പോൾ അർജന്റീനയും റൊണാൾഡോ ഉണ്ടാകുമ്പോൾ പോർച്ചുഗലും കരുത്തരല്ലേ? അതുപോലെതന്നെയാണ് എംബപ്പേ ഫ്രഞ്ച് ദേശീയ ടീമിനും. ഈ അസാധാരണ താരങ്ങൾ അവർ ഉള്ള ടീമിനെ കൂടുതൽ മികച്ചതാക്കുന്നു.ഫുട്ബോൾ ഉള്ളടത്തോളം കാലം അങ്ങനെയാണ്. പക്ഷേ എംബപ്പേ ടീമിന്റെ ഭാഗമാണ്. മറ്റ് താരങ്ങളെ തനിക്ക് ആവശ്യമുണ്ടെന്ന് എംബപ്പേക്ക് തന്നെ നന്നായി അറിയാം ” ഇതാണ് ഫ്രഞ്ച് പരിശീലകൻ ഇപ്പോൾ പറഞ്ഞിട്ടുള്ളത്.

ഫ്രഞ്ച് ദേശീയ ടീമിനു വേണ്ടി ആകെ 75 മത്സരങ്ങൾ കളിച്ച എംബപ്പേ 46 ഗോളുകൾ നേടിയിട്ടുണ്ട്.പിഎസ്ജിക്ക് വേണ്ടി 279 മത്സരങ്ങളിൽ നിന്ന് 230 ഗോളുകളും ഈ സൂപ്പർ താരം സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ വേൾഡ് കപ്പിലെ ഗോൾഡൻ ബൂട്ട് ജേതാവായ എംബപ്പേ ബാലൺഡി’ഓർ പുരസ്കാര പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *