മെഡിക്കൽ ഉടൻ, സൂപ്പർ താരം പിഎസ്ജിയിലേക്ക് തന്നെ!

ഒരുപിടി മികച്ച താരങ്ങളെ കൂടി എത്തിച്ചു കൊണ്ട് ടീമിന്റെ ശക്തി വർധിപ്പിക്കാനുള്ള ഒരുക്കത്തിലാണ് പിഎസ്ജി. അതിന്റെ ഭാഗമെന്നോണമാണ് വൈനാൾഡത്തെ പിഎസ്ജി തങ്ങളുടെ കൂടാരത്തിലെത്തിച്ചത്. ഇപ്പോഴിതാ മറ്റൊരു താരം കൂടി ഉടൻ തന്നെ പിഎസ്ജിയുമായി കരാറിൽ ഒപ്പ്‌ വെക്കും. എസി മിലാന്റെ ഇറ്റാലിയൻ ഗോൾകീപ്പർ ജിയാൻലൂയിജി ഡോണ്ണറുമയാണ് പിഎസ്ജിയുടെ ഭാഗമാവാൻ പോവുന്നത്.ജൂൺ മുപ്പതാം തിയ്യതിയാണ് അദ്ദേഹത്തിന്റെ ക്ലബുമായുള്ള കരാർ അവസാനിക്കുന്നത്. ഇത്‌ പുതുക്കാൻ താരം വിസമ്മതിച്ചിരുന്നു. താരം ഫ്രീ ഏജന്റ് ആയിക്കൊണ്ട് ഉടൻ തന്നെ പാരീസിൽ എത്തുമെന്നും മെഡിക്കൽ പൂർത്തിയാക്കി സൈൻ ചെയ്യുമെന്നുമാണ് റിപ്പോർട്ടുകൾ. സ്കൈ സ്‌പോർട് ഇറ്റാലിയയാണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

താരത്തിന്റെ ഏജന്റായ മിനോ റയോള പിഎസ്ജിയുമായി സംസാരിക്കുകയും എല്ലാ നിബന്ധനകളും അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ ഇറ്റാലിയൻ ടീമിനൊപ്പമുള്ള ഡോണ്ണറുമ യൂറോ കപ്പിനിടെ തന്നെ പാരീസിൽ എത്തി മെഡിക്കലും മറ്റു നടപടിക്രമങ്ങളും പൂർത്തിയാക്കി സൈൻ ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.22-കാരനായ താരം എസി മിലാന് വേണ്ടി 251 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.2016-ൽ ഇറ്റാലിയൻ സൂപ്പർ കപ്പും നേടിയിട്ടുണ്ട്.ഇറ്റലിക്ക് വേണ്ടി 27 മത്സരങ്ങളും താരം കളിച്ചിട്ടുണ്ട്.ഈ യൂറോ കപ്പിലെ ആദ്യ മത്സരത്തിൽ ഇറ്റലി എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തുർക്കിയെ പരാജയപ്പെടുത്തുമ്പോൾ അസൂറിപ്പടയുടെ ഗോൾവല കാത്തത് ഡോണ്ണറുമയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *