മെക്സിക്കോതിരെ പാട് പെടും : തുറന്ന് പറഞ്ഞ് സ്കലോണി!
ഈ വരുന്ന ഖത്തർ വേൾഡ് കപ്പിന്റെ ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. നിലവിലെ കോപ്പ അമേരിക്ക ചാമ്പ്യൻമാരായ അർജന്റീന ഗ്രൂപ്പ് സിയിലാണ് ഉൾപ്പെട്ടിട്ടുള്ളത്.മെക്സിക്കോ, സൗദി അറേബ്യ, പോളണ്ട് എന്നിവരാണ് അർജന്റീനയുടെ ഗ്രൂപ്പ് ഘട്ടത്തിലെ എതിരാളികൾ.
ഏതായാലും ഈ ഗ്രൂപ്പിനെ കുറിച്ചുള്ള അഭിപ്രായങ്ങളിപ്പോൾ അർജന്റീനയുടെ പരിശീലകനായ ലയണൽ സ്‌കലോണി പങ്കുവെച്ചിട്ടുണ്ട്.കടുത്ത എതിരാളികളാണ് തങ്ങൾക്ക് ലഭിച്ചിട്ടുള്ളത് എന്നാണ് സ്‌കലോണി പറഞ്ഞിട്ടുള്ളത്. മെക്സിക്കോക്കെതിരെയുള്ള മത്സരത്തിൽ ബുദ്ധിമുട്ടുമെന്നും അർജന്റൈൻ പരിശീലകൻ തുറന്നു സമ്മതിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം TYC സ്പോർട്സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.സ്‌കലോണിയുടെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) April 2, 2022
” മെക്സിക്കോക്കെതിരെയുള്ള മത്സരം വേൾഡ് കപ്പിലെ ബുദ്ധിമുട്ടേറിയ ഒരു മത്സരമായിരിക്കും.2006-ൽ അവർക്കെതിരെ ഞങ്ങൾ ബുദ്ധിമുട്ടിയിരുന്നു. ഞാനന്ന് ഒരു അർജന്റൈൻ താരമായിരുന്നു. അവർ അന്ന് മികച്ച രൂപത്തിൽ കളിച്ചു. എക്സ്ട്രാ ടൈമിലാണ് ഞങ്ങൾ വിജയിച്ചത്. അതൊരു സങ്കീർണമായ മത്സരമായിരുന്നു. വേൾഡ് കപ്പിൽ ഒരുപാട് പാരമ്പര്യമുള്ള ടീമാണ് മെക്സിക്കോ. അതുകൊണ്ടുതന്നെ അവർക്കെതിരെ കളിക്കുന്നത് സങ്കീർണമായ കാര്യമാണ്. കടുത്ത എതിരാളികൾ ഉള്ള ഒരു ഗ്രൂപ്പിലാണ് ഞങ്ങൾ.സ്വീഡനെ തോൽപ്പിച്ചാണ് പോളണ്ട് വരുന്നത്. സൗദി-അറേബ്യയും നല്ല രൂപത്തിലാണ് യോഗ്യത നേടിയത്. ഞങ്ങൾ ഈ എതിരാളികളെയെല്ലാം ബഹുമാനിക്കുന്നു. പക്ഷേ ഗ്രൂപ്പിൽ നല്ല രൂപത്തിലുള്ള പ്രകടനം പുറത്തെടുക്കാൻ കഴിയുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഞങ്ങൾക്ക് പരാതിപ്പെടാനോ സന്തോഷമായിരിക്കാനോ കഴിയില്ല. ഞങ്ങൾക്ക് അവസരമുണ്ട്.വേറെ ഏത് ഗ്രൂപ്പിലായിരുന്നാലും മികച്ച പ്രകടനം പുറത്തെടുക്കാൻ തന്നെയാണ് ഞങ്ങളുടെ ആഗ്രഹം” സ്‌കലോണി പറഞ്ഞു.
ലാറ്റിനമേരിക്കൻ വേൾഡ് കപ്പ് യോഗ്യതാ റൗണ്ടിൽ രണ്ടാം സ്ഥാനക്കാരായി കൊണ്ടാണ് അർജന്റീന വേൾഡ് കപ്പിന് യോഗ്യത നേടിയത്. വേൾഡ് കപ്പിന് മുന്നേ ഇറ്റലി, ബ്രസീൽ എന്നിവർക്കെതിരെ അർജന്റീനക്ക് മത്സരങ്ങൾ അവശേഷിക്കുന്നുണ്ട്.