മാർക്കോസ് അക്യുഞ്ഞ അർജന്റീനയിലേക്ക് മടങ്ങിയെത്തി!
സമീപകാലത്ത് അർജന്റീന ദേശീയ ടീമിന് വേണ്ടി പ്രതിരോധനിരയിൽ മികച്ച പ്രകടനം പുറത്തെടുത്ത സൂപ്പർ താരമാണ് മാർക്കോസ് അക്യുഞ്ഞ.ലെഫ്റ്റ് ബാക്ക് പൊസിഷനിലാണ് താരം കളിക്കുന്നത്. അർജന്റീനയുടെ പരിശീലകനായ ലയണൽ സ്‌കലോണി പലപ്പോഴും ഉപയോഗപ്പെടുത്തിയിട്ടുള്ള താരം കൂടിയാണ് അക്യുഞ്ഞ. സ്പാനിഷ് വമ്പൻമാരായ സെവിയ്യക്ക് വേണ്ടിയാണ് താരം ഇത്രയും കാലം കളിച്ചിരുന്നത്.
സെവിയ്യയുമായുള്ള അദ്ദേഹത്തിന്റെ കോൺട്രാക്ട് അടുത്ത വർഷമാണ് അവസാനിക്കുക.അതുകൊണ്ടുതന്നെ താരത്തെ വിൽക്കാൻ ക്ലബ്ബിന് താല്പര്യമുണ്ടായിരുന്നു.ഈ സമയത്താണ് അർജന്റൈൻ വമ്പൻമാരായ റിവർ പ്ലേറ്റ് രംഗത്ത് വരുന്നത്. ആദ്യം അക്യുഞ്ഞയുടെ ക്യാമ്പിനെയാണ് അവർ കോൺടാക്ട് ചെയ്തത്. റിവർ പ്ലേറ്റിലേക്ക് വരാൻ അദ്ദേഹം സമ്മതിക്കുകയായിരുന്നു. കാരണം താരവും അദ്ദേഹത്തിന്റെ കുടുംബവും അർജന്റീനയിലേക്ക് തന്നെ മടങ്ങിവരാൻ ആഗ്രഹിക്കുന്നുണ്ട്.
ഇതോടെ റിവർ പ്ലേറ്റ് സെവിയ്യയുമായി ചർച്ചകൾ തുടങ്ങി.അങ്ങനെ 2 ക്ലബ്ബുകളും തമ്മിൽ ധാരണയിൽ എത്തിക്കഴിഞ്ഞു എന്നാണ് പ്രമുഖ അർജന്റൈൻ മാധ്യമമായ Tyc സ്പോർട്സ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അർജന്റീനയിലേക്ക് യാത്ര തിരിച്ച അക്യുഞ്ഞ ഉടൻതന്നെ മെഡിക്കൽ പൂർത്തിയാക്കി റിവർ പ്ലേറ്റ് താരമായി മാറും. മൂന്നര വർഷത്തെ ഒരു കരാറിലാണ് അദ്ദേഹം ഒപ്പുവെക്കുക. പരിശീലകൻ മാഴ്സെലോ ഗല്ലാർഡോയുടെ പ്രത്യേക താൽപര്യപ്രകാരമാണ് താരം ഇപ്പോൾ റിവർ പ്ലേറ്റിലേക്ക് എത്തുന്നത്.
അർജന്റീന ദേശീയ ടീമിൽ കളിക്കുന്ന ഫ്രാങ്കോ അർമാനി,ജർമ്മൻ പെസല്ല എന്നിവരെ റിവർ പ്ലേറ്റ് നേരത്തെ സ്വന്തമാക്കിയിരുന്നു. അതിന് പുറമേയാണ് ഇപ്പോൾ അക്യൂഞ്ഞ കൂടി എത്തുന്നത്.ലെഫ്റ്റ് ബാക്ക് പൊസിഷനിൽ മികച്ച താരങ്ങളെ ഇപ്പോൾ അവർക്ക് ലഭ്യമല്ല.അതുകൊണ്ടുതന്നെയാണ് ഈ താരത്തെ കൊണ്ടുവന്നിട്ടുള്ളത്. പരിക്ക് കാരണം കഴിഞ്ഞ കോപ്പ അമേരിക്കയിൽ വളരെ കുറച്ച് മത്സരങ്ങൾ മാത്രമാണ് അക്യൂഞ്ഞക്ക് കളിക്കാൻ കഴിഞ്ഞിട്ടുള്ളത്.ഏതായാലും താരത്തിന്റെ വരവ് റിവർ പ്ലേറ്റിനെ കൂടുതൽ ശക്തിപ്പെടുത്തുക തന്നെ ചെയ്യും.