മാജിക്കൽ മെസ്സി,ജീവന്മരണ പോരാട്ടത്തിൽ മിന്നുന്ന വിജയവുമായി അർജന്റീന.

ഖത്തർ വേൾഡ് കപ്പിലെ തങ്ങളുടെ അതിനിർണായകമായ രണ്ടാം മത്സരത്തിൽ അർജന്റീനക്ക് മിന്നുന്ന വിജയം.എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് അർജന്റീന മെക്സിക്കോയെ പരാജയപ്പെടുത്തിയത്.നായകൻ ലയണൽ മെസ്സിയുടെ മികവിൽ തന്നെയാണ് അർജന്റീന വിജയിച്ചു കയറിയിട്ടുള്ളത്. ഒരു ഗോളും ഒരു അസിസ്റ്റും കരസ്ഥമാക്കിയ മെസ്സി അക്ഷരാർത്ഥത്തിൽ അർജന്റീനയുടെ രക്ഷകനാവുകയായിരുന്നു.

പ്രതിരോധത്തിലും മധ്യനിരയിലും നിരവധി മാറ്റങ്ങളുമായാണ് അർജന്റീന ഈ മത്സരത്തിന് ഇറങ്ങിയത്.എന്നാൽ ആദ്യപകുതി വിരസമായിരുന്നു.ഗോളുകൾ ഒന്നും നേടാൻ അർജന്റീനക്ക് കഴിഞ്ഞില്ല.പക്ഷേ രണ്ടാം പകുതിയിൽ കളി മാറുകയായിരുന്നു.രണ്ട് ഗോളുകളും പിറന്നത് രണ്ടാം പകുതിയിലാണ്.

64ആം മിനുട്ടിൽ ഡി മരിയ നൽകിയ പാസ് പെനാൽറ്റി ബോക്സിന്റെ പുറത്തുനിന്നും ഒരു തകർപ്പൻ ഷോട്ടിലൂടെ മെസ്സി വലയിൽ എത്തിക്കുകയായിരുന്നു.ഈ ഗോളാണ് യഥാർത്ഥത്തിൽ അർജന്റീനയെ ഉണർത്തിയത്.87ആം മിനുട്ടിൽ എൻസോ ഫെർണാണ്ടസിന്റെ ഗോൾ പിറന്നു. മെസ്സി നൽകിയ പന്ത് മെക്സിക്കൻ താരത്തെ കബളിപ്പിച്ചുകൊണ്ട് ഒരു സുന്ദരമായ ഷോട്ടിലൂടെ എൻസോ വലയിൽ എത്തിക്കുകയായിരുന്നു.

ഏതായാലും ഈ വിജയത്തിലൂടെ ലഭിച്ച മൂന്ന് പോയിന്റ് അർജന്റീനക്ക് പുതു ജീവനാണ്. പ്രീ ക്വാർട്ടർ സാധ്യതകളെ അർജന്റീന സജീവമായി നിലനിർത്തിയിട്ടുണ്ട്.ഗ്രൂപ്പിൽ അർജന്റീന ഇപ്പോൾ രണ്ടാം സ്ഥാനത്താണ്.അടുത്ത മത്സരത്തിൽ സമനില വഴങ്ങിയാൽ പോലും അർജന്റീനക്ക് സാധ്യതകൾ അവശേഷിച്ചേക്കാം.പക്ഷേ പോളണ്ടിനെതിരെയുള്ള മത്സരത്തിൽ അർജന്റീന വിജയം തന്നെയായിരിക്കും ലക്ഷ്യം വെക്കുക.

Leave a Reply

Your email address will not be published. Required fields are marked *