മറഡോണയുടെയും ബാറ്റിസ്റ്റ്യൂട്ടയുടെയും റെക്കോർഡ് വേൾഡ് കപ്പിൽ തകർക്കാൻ മെസ്സി!

വരുന്ന ഖത്തർ വേൾഡ് കപ്പിൽ അർജന്റീനയുടെ ദേശീയ ടീമിനെ നയിക്കേണ്ട ചുമതല സൂപ്പർതാരം ലയണൽ മെസ്സിക്കാണ്. ഇത്തവണത്തെ വേൾഡ് കപ്പിലെ കിരീട ഫേവറേറ്റുകളാണ് അർജന്റീന.മാത്രമല്ല തന്റെ അഞ്ചാമത്തെ വേൾഡ് കപ്പ് ആണ് മെസ്സി കളിക്കാൻ ഒരുങ്ങുന്നത്.ഇതിനു മുൻപ് ആരും തന്നെ അർജന്റീനയുടെ ജേഴ്സിയിൽ അഞ്ച് വേൾഡ് കപ്പുകളിൽ പങ്കെടുത്തിട്ടില്ല.

മാത്രമല്ല,അർജന്റൈൻ ഇതിഹാസങ്ങളായ ഡിയഗോ മറഡോണ, ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ട എന്നിവരുടെ റെക്കോർഡുകൾ തകർക്കാനുള്ള ഒരുക്കത്തിലാണ് നിലവിൽ മെസ്സിയുള്ളത്.ആ റെക്കോർഡുകൾ ഏതൊക്കെയാണ് എന്നുള്ളത് നമുക്കൊന്ന് പരിശോധിക്കാം.

വേൾഡ് കപ്പുകളിൽ അർജന്റീനക്ക് വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരം എന്ന റെക്കോർഡ് മറഡോണയുടെ പേരിലാണ്.21 മത്സരങ്ങളാണ് അദ്ദേഹം കളിച്ചിട്ടുള്ളത്.19 മത്സരങ്ങൾ കളിച്ചിട്ടുള്ള ലയണൽ മെസ്സി മൂന്നാം സ്ഥാനത്താണ്. 20 മത്സരങ്ങൾ കളിച്ചിട്ടുള്ള മശെരാനോയാണ് രണ്ടാം സ്ഥാനത്തുള്ളത്. ഖത്തർ വേൾഡ് കപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളും ലയണൽ മെസ്സി കളിച്ചാൽ മറഡോണയുടെ ഈ റെക്കോർഡ് തകർക്കാൻ മെസ്സിക്ക് സാധിക്കും.

മറഡോണയുടെ തന്നെ മറ്റൊരു റെക്കോർഡ് വേൾഡ് കപ്പുകളിൽ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ നായകനായ താരം എന്ന റെക്കോർഡാണ്.16 മത്സരങ്ങളിൽ ക്യാപ്റ്റൻ ആയിട്ടുള്ള മറഡോണയാണ് ഒന്നാം സ്ഥാനത്ത്. നിലവിൽ 12 മത്സരങ്ങളിൽ ക്യാപ്റ്റൻ ആയിട്ടുള്ള മെസ്സി ഒരല്പം പിറകിലാണ്. എന്നാൽ ഈ വേൾഡ് കപ്പിൽ 5 മത്സരങ്ങളിൽ ക്യാപ്റ്റന്റെ ആം ബാൻഡ് അണിഞ്ഞുകൊണ്ട് മെസ്സിക്ക് ഈ റെക്കോർഡും സ്വന്തമാക്കാൻ സാധിക്കും.

വേൾഡ് കപ്പുകളിൽ അർജന്റീനക്ക് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന റെക്കോർഡാണ് ബാറ്റിസ്റ്റ്യൂട്ടയുടെ പേരിലുള്ളത്.10 ഗോളുകളാണ് അദ്ദേഹം നേടിയിട്ടുള്ളത്. 6 ഗോളുകൾ നേടിയ മെസ്സി ഒരല്പം പിറകിലാണ്. 5 ഗോളുകൾ കൂടി നേടിക്കഴിഞ്ഞാൽ മെസ്സിക്ക് ഈയൊരു റെക്കോർഡും സ്വന്തം പേരിൽ കുറിക്കാൻ കഴിയും. എന്തായാലും ലയണൽ മെസ്സി ഈ റെക്കോർഡുകളെല്ലാം തകർക്കുമോ എന്നുള്ളതും ആരാധകർ നോക്കുന്ന ഒരു കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *