മരിക്കുന്നതിന് മുന്നേ നിന്നെയൊന്ന് കെട്ടിപ്പിടിക്കണം : മെസ്സിക്ക് ആദ്യത്തെ ടീച്ചറുടെ വൈകാരികമായ സന്ദേശം!
ലയണൽ മെസ്സിയെ സംബന്ധിച്ചിടത്തോളം വളരെ നിർണായകമായ ഒരു ദിവസമാണ് നാളെ. കരിയറിലെ ആദ്യത്തെ വേൾഡ് കപ്പ് നേടാനുള്ള അവസരമാണ് മെസ്സിയെ നാളെ കാത്തിരിക്കുന്നത്. ഫ്രാൻസിനെ കീഴടക്കാൻ കഴിഞ്ഞാൽ മെസ്സിക്ക് വേൾഡ് കപ്പ് നേടാനും അതുവഴി സമ്പൂർണ്ണനാവാനും സാധിക്കും. അതിന് കഴിയുമെന്നുള്ള ശുഭപ്രതീക്ഷയിലാണ് ആരാധകർ ഉള്ളത്.
ഈ ഫൈനലിന് മുന്നേ ലയണൽ മെസ്സിയുടെ ആദ്യത്തെ ടീച്ചറായ മോണിക്ക ഡോമിന വളരെ വൈകാരികമായ ഒരു സന്ദേശം മെസ്സിക്ക് നൽകിയിട്ടുണ്ട്. മരിക്കുന്നതിനു മുന്നേ നിന്നെയൊന്ന് കെട്ടിപ്പിടിക്കണം എന്നാണ് മെസ്സിയുടെ ആദ്യത്തെ ടീച്ചറുടെ ആഗ്രഹം. റൊസാരിയോയിലെ ലാസ് ഹെറാസ് എലമെന്ററി സ്കൂളിൽ ലയണൽ മെസ്സിയെ ആദ്യമായി പഠിപ്പിച്ച ടീച്ചറാണ് മോണിക്ക. മെസ്സിയെ താൻ പഠിപ്പിച്ചിരുന്നു എന്നുള്ളത് തനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയാത്ത കാര്യമായി കൊണ്ടാണ് മോണിക്ക പറഞ്ഞുവെക്കുന്നത്. അവർ മെസ്സിക്ക് അയച്ച സന്ദേശത്തിന്റെ ചുരുക്കം ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) December 17, 2022
” മെസ്സി..നിന്റെ ടീച്ചർ ആവാൻ കഴിഞ്ഞതിൽ ഞാൻ ദൈവത്തോട് നന്ദി പറയുന്നു.. നീ എന്റെ വിദ്യാർത്ഥി ആയതിലും ഞാൻ ദൈവത്തോട് നന്ദി പറയുന്നു. എന്റെ ജീവിതത്തിന്റെ ഭാഗമായതിൽ എനിക്ക് ഒരുപാട് അഭിമാനമുണ്ട്.നീയെന്നും വളരെ ലളിതമായ ഒരു വ്യക്തിയായിരുന്നു.എന്റെ ജീവിതത്തിൽ ഒരുപാട് സന്തോഷം സമ്മാനിച്ചതിന് നന്ദി പറയുന്നു. നിന്നെ ഒരുതവണ കെട്ടിപ്പിടിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.നിനക്ക് എല്ലാവിധ ആശംസകളും നേരുന്നു. ഞങ്ങളെല്ലാവരും നിന്നെ വളരെയധികം സ്നേഹിക്കുന്നു ” ഇതായിരുന്നു മെസ്സിയുടെ ടീച്ചറുടെ സന്ദേശം.
മാത്രമല്ല ഇവർ ഒരു അഭിമുഖം മാധ്യമങ്ങൾക്ക് നൽകുകയും ചെയ്തിരുന്നു. മരിക്കുന്നതിനു മുന്നേ ലയണൽ മെസ്സി ഒരുതവണ കെട്ടിപ്പിടിക്കാൻ അധികം ആഗ്രഹിക്കുന്നുണ്ട് എന്നുള്ളത് ഇവർ വ്യക്തമാക്കിയിരുന്നു. ഏതായാലും ഈ തിരക്കുകൾ അവസാനിച്ചിട്ട് ലയണൽ മെസ്സി തന്റെ അധ്യാപികയെ കാണാൻ പോകുമോ എന്നുള്ളത് ഉറ്റുനോക്കപ്പെടുന്ന ഒരു കാര്യമാണ്.