മത്സരത്തിൽ ഉടനീളം ഞങ്ങളെ അപമാനിച്ചു: ആക്രോശിച്ചതിന്റെ കാരണം വ്യക്തമാക്കി ബെയ്ഡേ
ഇന്നലെ ഒളിമ്പിക്സിൽ നടന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ അർജന്റീനക്ക് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.ഏകപക്ഷീയമായ ഒരു ഗോളിനാണ് ഫ്രാൻസ് അർജന്റീനയെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ മറ്റേറ്റ നേടിയ ഗോളാണ് ഫ്രാൻസിനെ വിജയം സമ്മാനിച്ചത്. ഇതോടെ ഫ്രാൻസ് സെമിയിൽ പ്രവേശിക്കുകയും അർജന്റീന പുറത്താവുകയും ചെയ്തു. സെമി ഫൈനൽ പോരാട്ടത്തിൽ ഈജിപ്താണ് ഫ്രാൻസിന്റെ എതിരാളികൾ.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത് ഫ്രഞ്ച് പ്രതിരോധനിര താരമായ ലോയിക് ബെയ്ഡേയുടെ ഒരു വീഡിയോയാണ്.അർജന്റൈൻ താരമായ ബെൾട്രനുമായുള്ള പോരാട്ടത്തിൽ അദ്ദേഹത്തെ ഷോൾഡർ കൊണ്ട് തള്ളിമാറ്റി വിജയിക്കാൻ ബെയ്ഡേക്ക് സാധിച്ചിരുന്നു. തുടർന്ന് നിലത്ത് വീണു കിടക്കുന്ന ബെൾട്രന്റെ മുഖത്തേക്ക് നോക്കി ഇദ്ദേഹം അഗ്രഷൻ കാണിക്കുകയായിരുന്നു.താരത്തിന് നേർക്ക് ആക്രോശിക്കുകയാണ് ബെയ്ഡേ ചെയ്തിട്ടുള്ളത്.അതിന്റെ കാരണം താരം വ്യക്തമാക്കിയിട്ടുണ്ട്. താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇത് വളരെ പ്രധാനപ്പെട്ട ഒരു മത്സരമായിരുന്നു.കാരണം ഞങ്ങളെ അവർ അപമാനിച്ചിരുന്നു.ഫ്രഞ്ചുകാരെ മൊത്തം അപമാനിക്കുകയാണ് അവർ ചെയ്തത്. അതുകൊണ്ടാണ് ഞങ്ങൾക്ക് ഈ മത്സരം പ്രധാനപ്പെട്ടതായി മാറിയതും വിജയം സ്വന്തമാക്കിയതും.മത്സരത്തിൽ ഉടനീളം അവർ ഞങ്ങളെ പരിഹസിച്ചു.എന്താണ് അവർ പറഞ്ഞതെന്ന് എനിക്ക് വ്യക്തമായിട്ടില്ല,കാരണം അത് സ്പാനിഷ് ആയിരുന്നു.പക്ഷേ അവർ ഞങ്ങളെ അപമാനിക്കുകയാണെന്ന് അവരുടെ ആംഗ്യത്തിലൂടെ തന്നെ എനിക്ക് മനസ്സിലായി “ഇതാണ് ഫ്രഞ്ച് താരം പറഞ്ഞിട്ടുള്ളത്.
അതായത് അർജന്റൈൻ താരങ്ങൾ ഫ്രഞ്ച് താരങ്ങളെ മത്സരത്തിനിടയിൽ വെച്ച് അപമാനിച്ചുവെന്നും പരിഹസിച്ചുമെന്നുമാണ് ഇദ്ദേഹം ആരോപിച്ചിരിക്കുന്നത്. ഇതിന്റെയൊക്കെ തുടർച്ച എന്നോണമാണ് മത്സരത്തിനു ശേഷം കയ്യാങ്കളി നടന്നത്.ഇരു ടീമിലെ താരങ്ങളും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. ഏതായാലും അർജന്റീനയും ഫ്രാൻസും തമ്മിലുള്ള ആ ഒരു വൈരം ഇതോട് കൂടി വർദ്ധിക്കുകയാണ് ചെയ്തിട്ടുള്ളത്.