മത്സരത്തിന് മുന്നേ ക്രിസ്റ്റ്യാനോയുമായി സംസാരിച്ചത് ഗുണകരമായി:ക്വാരഷ്ക്കേലിയ
ഇന്നലെ യുവേഫ യൂറോ കപ്പിൽ നടന്ന മത്സരത്തിൽ ഒരു അട്ടിമറി തോൽവിയാണ് പോർച്ചുഗലിന് ഏറ്റുവാങ്ങേണ്ടി വന്നത്. പൊതുവേ ദുർബലരായ ജോർജിയ പോർച്ചുഗലിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിക്കുകയായിരുന്നു.പരാജയം രുചിച്ചെങ്കിലും പോർച്ചുഗൽ ഒന്നാം സ്ഥാനത്ത് തന്നെയാണ് ഫിനിഷ് ചെയ്തിട്ടുള്ളത്. അതേസമയം വിലപ്പെട്ട പോയിന്റുകൾ സ്വന്തമാക്കി ജോർജിയ അടുത്ത റൗണ്ടിലേക്ക് മുന്നേറുകയും ചെയ്തു.
മത്സരത്തിൽ നാപ്പോളി സൂപ്പർ താരം കിച്ച ക്വാരഷ്ക്കേലിയ ഒരു ഗോൾ നേടിയിരുന്നു.ക്രിസ്റ്റ്യാനോ റൊണാൾഡോയെ വളരെയധികം ഇഷ്ടപ്പെടുന്ന താരമാണ് ക്വാരഷ്ക്കേലിയ.റൊണാൾഡോയുടെ ജേഴ്സി അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. മത്സരത്തിനു മുന്നേ റൊണാൾഡോയുമായി സംസാരിച്ചത് തങ്ങൾക്ക് പ്രചോദനമായെന്നും ക്വാരഷ്ക്കേലിയ പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
“ക്രിസ്റ്റ്യാനോയുടെ ജേഴ്സി എനിക്ക് ലഭിച്ചിട്ടുണ്ട്.ജോർജിയൻ ഫുട്ബോൾ ഫാൻസിന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ദിവസമാണ് ഇത്.ഞങ്ങൾ ചരിത്രം കുറിച്ചിരിക്കുന്നു, ആർക്കും വിശ്വസിക്കാൻ പോലും സാധിക്കാത്ത രൂപത്തിലുള്ള ഹിസ്റ്ററിയാണ് ഞങ്ങൾ രചിച്ചിരിക്കുന്നത്.പോർച്ചുഗലിനെ ഞങ്ങൾക്ക് തോൽപ്പിക്കാൻ കഴിയുമെന്ന് ആർക്കും വിശ്വാസമുണ്ടായിരുന്നില്ല. പക്ഷേ ഞങ്ങൾ അത് തെളിയിച്ചു കൊടുത്തു. മത്സരത്തിന് മുന്നേ ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി കണ്ടുമുട്ടാൻ എനിക്ക് അവസരം ലഭിച്ചിരുന്നു.അദ്ദേഹം ഞങ്ങൾക്ക് എല്ലാവിധ ആശംസകളും നേർന്നു.റൊണാൾഡോ എന്റെ അടുത്തേക്ക് വന്ന് സംസാരിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല.അദ്ദേഹം ഒരു മികച്ച താരവും വ്യക്തിയുമാണ്. ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് അദ്ദേഹം. എനിക്ക് റൊണാൾഡോയോട് ഒരുപാട് ബഹുമാനം ഉണ്ട്. മത്സരത്തിന് മുന്നേ അദ്ദേഹം നൽകിയ മോട്ടിവേഷൻ ഞങ്ങൾക്ക് തുണയായി. അതാണ് ഇന്ന് ഈ വിജയത്തിലേക്ക് ഞങ്ങളെ നയിച്ചത് ” ഇതാണ് ക്വാരഷ്ക്കേലിയ പറഞ്ഞിട്ടുള്ളത്.
ചുരുക്കത്തിൽ റൊണാൾഡോയുടെ മോട്ടിവേഷൻ അവരെ തന്നെ തോൽപ്പിക്കാൻ കാരണമായി എന്ന് പറയേണ്ടിവരും.ക്രിസ്റ്റ്യാനോയെ സംബന്ധിച്ചിടത്തോളം ഗ്രൂപ്പ് ഘട്ടം ഒരല്പം ബുദ്ധിമുട്ടായിരുന്നു.മൂന്ന് മത്സരങ്ങൾ കഴിഞ്ഞിട്ടും റൊണാൾഡോക്ക് ഗോളുകൾ നേടാൻ കഴിഞ്ഞിട്ടില്ല.ഒരു അസിസ്റ്റാണ് താരത്തിന്റെ പേരിലുള്ളത്.