മത്സരത്തിനിടെ താരത്തെ വെടിവെച്ചു പോലീസ്, ബ്രസീലിൽ വൻ വിവാദം!
ബ്രസീലിലെ യൂത്ത് ലീഗുകളിൽ ഒന്നാണ് ആക്സസ് ഡിവിഷൻ. ഇന്നലെ ഈ ലീഗിൽ നടന്ന മത്സരത്തിൽ ഗ്രിമിയോ അനാപോലീസും സെൻട്രോ ഒയിസ്റ്റോയും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്. ഈ മത്സരത്തിൽ ഒന്നിനെതിരെ 2 ഗോളുകൾക്ക് ഗ്രിമിയോയേ പരാജയപ്പെടുത്താൻ സെൻട്രോക്ക് സാധിച്ചിട്ടുണ്ട്.എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഒരു വിവാദം സംഭവിച്ചിട്ടുണ്ട്.
ഈ മത്സരശേഷം രണ്ട് ടീമിലെ താരങ്ങളും തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. രണ്ട് ടീമിലെ താരങ്ങളും പരസ്പരം വാഗ്വാദത്തിൽ ഏർപ്പെടുകയായിരുന്നു. ഇത് മുൻകൂട്ടി കണ്ട് പോലീസ് ഉദ്യോഗസ്ഥർ അവിടെ തമ്പടിച്ചിരുന്നു. സംഘർഷം ഉണ്ടായതോടെ പോലീസ് ഉദ്യോഗസ്ഥർ ഇതിൽ ഇടപെടുകയും ചെയ്തു. എന്നാൽ താരങ്ങൾ പോലീസുകാരുമായും വാഗ്വാദത്തിൽ ഏർപ്പെട്ടു.
ഇതിൽ പ്രകോപിതനായ ഒരു പോലീസുകാരൻ താരത്തിന് നേരെ വെടിവെക്കുകയായിരുന്നു. റബ്ബർ ബുള്ളറ്റ് ഉപയോഗിച്ചുകൊണ്ടാണ് വെടി ഉതിർത്തത്.താരത്തിന്റെ കാൽമുട്ടിന് താഴെയാണ് വെടിയുതിർത്തത്. താരത്തിന് വളരെ ഗുരുതരമായ രൂപത്തിൽ മുറിവ് പറ്റുകയും ചെയ്തിട്ടുണ്ട്.ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ എക്സ് ഉൾപ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിൽ ലഭ്യമാണ്.താരത്തിന്റെ മുറിവിന്റെ ചിത്രങ്ങളും പുറത്തേക്ക് വന്നിട്ടുണ്ട്.
വളരെ ആഴത്തിലുള്ള ഒരു മുറിവ് തന്നെയാണ് താരത്തിന്റെ കാലിൽ ഏറ്റിട്ടുള്ളത്.ബ്രസീലിയൻ ഫുട്ബോളിൽ ഇത് വലിയ വിവാദമായിട്ടുണ്ട്. ഒരു പ്രൊഫഷണൽ താരത്തിന് നേരെ പോലീസുകാരൻ നടത്തിയ വെടിവെപ്പ് കേട്ടുകേൾവിയില്ലാത്തതാണ് എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.ഏതായാലും ഇതിലെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. പോലീസ് ഉദ്യോഗസ്ഥന് ഇക്കാര്യത്തിൽ നിയമനടപടികൾ നേരിടേണ്ടി വന്നേക്കും.