മതിമറന്നു എന്നുള്ളത് ഒരു ന്യായീകരണമല്ല:അർജന്റൈൻ താരങ്ങളോട് ലോറിസ്

അർജന്റൈൻ സൂപ്പർ താരമായ എൻസോ ഫെർണാണ്ടസ് നടത്തിയ റേസിസ്റ്റ് ചാന്റ് ഫുട്ബോൾ ലോകത്ത് വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. അർജന്റീനയുടെ കിരീടാഘോഷത്തിനിടെ താരം ഫ്രഞ്ച് താരങ്ങളെ വംശീയമായി അധിക്ഷേപിക്കുകയായിരുന്നു. താൻ ചെയ്തത് തെറ്റാണ് എന്ന് മനസ്സിലാക്കിയ എൻസോ പരസ്യമായി മാപ്പ് പറയുകയും ചെയ്തിരുന്നു.എൻസോയെ കൂടാതെ പല അർജന്റൈൻ താരങ്ങളും അതിൽ പങ്കാളിയായിട്ടുണ്ട് എന്നത് ആ ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്.

ആഘോഷത്തിൽ മതി മറന്നു കൊണ്ട് സംഭവിച്ചു പോയതാണ് എന്നാണ് എൻസോ ഇതിന് നൽകിയ വിശദീകരണം. മുൻ ഫ്രഞ്ച് ഗോൾകീപ്പറായ ഹ്യൂഗോ ലോറിസ് ഇക്കാര്യത്തിൽ പ്രതികരണം രേഖപ്പെടുത്തിക്കൊണ്ട് രംഗത്ത് വന്നിട്ടുണ്ട്. ആഘോഷത്തിൽ മതിമറന്നു എന്നത് ഇതിനുള്ള ഒരു ന്യായീകരണമല്ല എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. എല്ലാവർക്കും മാതൃകയാവേണ്ട അർജന്റീനയിൽ നിന്നും ഇത് സംഭവിക്കാൻ പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.ലോറിസിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” നിങ്ങൾ ആഘോഷത്തിൽ മതിമറന്നു എന്നത് ഇതിനുള്ള ഒരു ന്യായീകരണമല്ല. നിങ്ങൾ വളരെ പ്രധാനപ്പെട്ട ഒരു കിരീടമാണ് നേടിയിട്ടുള്ളത്. നിങ്ങൾ കിരീടം നേടുമ്പോൾ കൂടുതൽ ഉത്തരവാദിത്വം നിങ്ങളിൽ നിന്നും ഡിമാൻഡ് ചെയ്യുന്നുണ്ട്.ഇത്തരം കാര്യങ്ങൾ ഒരിക്കലും ഫുട്ബോളിൽ സംഭവിക്കാൻ പാടില്ലാത്തതാണ്. എല്ലാവിധ വിവേചനങ്ങൾക്കെതിരെയാണ് നമ്മൾ നിലകൊള്ളുന്നത്.അത് കേവലം ഒരു തെറ്റ് മാത്രമായിരുന്നു എന്ന് ഞാൻ പ്രതീക്ഷിക്കുന്നു.ചില സമയത്ത് എല്ലാവർക്കും തെറ്റുകൾ സംഭവിക്കും.അതിൽ നിന്നും പാഠം പഠിക്കുകയാണ് വേണ്ടത്.നിലവിൽ അർജന്റീനയാണ് ഫുട്ബോൾ ലോകത്തിന്റെ മുഖം.അവരിൽ നിന്നും ഇത് സംഭവിക്കാൻ പാടില്ലായിരുന്നു. കഴിഞ്ഞ അഞ്ചുവർഷമായി അവർ കളിക്കളത്തിൽ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങൾക്ക് ഒരുപാട് ക്രെഡിറ്റ് അവർ അർഹിക്കുന്നുണ്ട്. പക്ഷേ നിങ്ങൾ കിരീടങ്ങൾ നേടുമ്പോൾ നിങ്ങൾ മറ്റുള്ളവർക്ക് മാതൃകയാവേണ്ടതുണ്ട്.പ്രത്യേകിച്ച് കുട്ടികൾക്ക്. ഇപ്പോൾ സംഭവിച്ചത് ഫ്രഞ്ചുകാർക്കെതിരെയുള്ള ഡയറക്ട് അറ്റാക്കാണ് ” ഇതാണ് മുൻ ഫ്രഞ്ച് ഗോൾകീപ്പർ പറഞ്ഞിട്ടുള്ളത്

ഏതായാലും ഈ വിഷയത്തിൽ വലിയ വിവാദം ഇപ്പോഴും പുകയുന്നുണ്ട്.എൻസോക്ക് പിന്തുണ രേഖപ്പെടുത്തിക്കൊണ്ട് അർജന്റീനയുടെ വൈസ് പ്രസിഡണ്ട് ഉൾപ്പെടെയുള്ളവർ രംഗത്ത് വന്നിരുന്നു.ചെൽസിയിലെ സഹതാരങ്ങളിൽ നിന്നുപോലും എൻസോക്ക് പ്രതിഷേധങ്ങൾ ഏൽക്കേണ്ടി വന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *