ബ്രസീൽ കോപ്പ ബഹിഷ്കരിച്ചേക്കും? അർജന്റീനയും ഉറുഗ്വയും ഇക്കാര്യം പരിഗണിക്കുന്നു!

ഈ മാസം നടക്കുന്ന കോപ്പ അമേരിക്കയെ ചുറ്റിപറ്റിയുള്ള പ്രശ്നങ്ങൾ ഇതുവരെ കെട്ടടങ്ങിയിട്ടില്ല. വേദി അർജന്റീനയിൽ നിന്നും ബ്രസീലിലേക്ക് മാറ്റാൻ കോൺമെബോൾ തീരുമാനമെടുത്ത് കഴിഞ്ഞിട്ട് ദിവസങ്ങളേ ആയിട്ടുള്ളൂ. കോവിഡ് പ്രതിസന്ധിയും രാഷ്ട്രീയപ്രതിസന്ധിയും വലിയ തോതിൽ നിലനിൽക്കുന്ന ബ്രസീലിൽ കോപ്പ അമേരിക്ക നടത്തുന്നതിനെതിരെ അപ്പോൾ തന്നെ പ്രതിഷേധമുയർന്നിരുന്നു. ഇപ്പോഴിതാ ബ്രസീൽ ടീമിനകത്തും ഇത്തരത്തിലുള്ള ചർച്ചകൾ പൊട്ടിപുറപ്പെട്ടിട്ടുണ്ട്. ബ്രസീൽ ടീമിലെ ചില സൂപ്പർ താരങ്ങൾ കോപ്പ അമേരിക്ക കളിക്കുന്നതിനോട് വിയോജിപ്പ് പ്രകടിപ്പിക്കുകയും സിബിഎഫുമായി ചർച്ചകൾ നടത്തുകയും ചെയ്തിരുന്നു. എന്നാൽ ഒരു തീരുമാനം കൈകൊള്ളാൻ ചർച്ചക്ക് സാധിച്ചിരുന്നില്ല. നിരവധി പ്രതിസന്ധികൾ നിലനിൽക്കുന്ന ഈ സമയത്ത് റിസ്ക്ക് എടുത്തു കൊണ്ട് കളിക്കേണ്ട ആവിശ്യമില്ല എന്ന അഭിപ്രായക്കാരാണ് പല താരങ്ങളും. യൂറോപ്പിൽ കളിക്കുന്ന ചില താരങ്ങൾ കോപ്പ ബഹിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തിയിട്ടുണ്ട്. എന്നാൽ ഇതുവരെ ഒരു തീരുമാനം എടുത്തിട്ടില്ല.

പരാഗ്വക്കെതിരെ നടക്കുന്ന മത്സരത്തിന് ശേഷമായിരിക്കും ഇക്കാര്യത്തിൽ ബ്രസീൽ ഒരു തീരുമാനം എടുക്കുക. താരങ്ങളെ കൺവിൻസ് ചെയ്യിക്കാനാണ് സിബിഎഫ് ശ്രമിക്കുന്നത്. അതേസമയം ബ്രസീലിന് പുറമേ അർജന്റീന, ഉറുഗ്വ എന്നീ ടീമുകളിലെ സൂപ്പർ താരങ്ങളും ഇതിനെതിരെ രംഗത്ത് വന്നിരുന്നു. അർജന്റൈൻ സ്‌ട്രൈക്കർ സെർജിയോ അഗ്വേറോ പരസ്യമായി തന്നെ ബ്രസീലിൽ കോപ്പ നടത്തുന്നതിനെ എതിർത്തിരുന്നു. നായകൻ ലയണൽ മെസ്സിയും വിയോജിപ്പ് പ്രകടിപ്പിച്ചതായി ചില മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നുണ്ട്. അതേസമയം ഉറുഗ്വയുടെ സൂപ്പർ താരങ്ങളായ ലൂയിസ് സുവാരസ്, എഡിൻസൺ കവാനി,ഫെർണാണ്ടോ മസ്ലേര എന്നിവർ കോപ്പ നടത്തുന്നതിനെതിരെ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. തുടർച്ചയായ മത്സരങ്ങളും കോവിഡ് ഭീതിയും മാനസികസമ്മർദ്ദങ്ങളുമൊക്കെയാണ് ചില താരങ്ങളെ ഇത്തരത്തിലുള്ള ഒരു ആലോചനക്ക് പ്രേരിപ്പിക്കുന്നത് എന്നാണ് അറിയാൻ കഴിയുന്നത്. ഏതായാലും വരും ദിവസങ്ങളിൽ കൂടുതൽ ചർച്ചകൾ നടത്തി കൊണ്ട് കോൺമെബോൾ ഉചിതമായ ഒരു തീരുമാനം എടുക്കും.

Leave a Reply

Your email address will not be published. Required fields are marked *