ബ്രസീലുകാർ പണത്തെ കുറിച്ച് ചിന്തിക്കുന്നവർ മാത്രമാണെന്ന് മുൻ ബ്രസീലിയൻ താരം

ബ്രസീലിയൻ ഫുട്ബോൾ പണത്തെ കുറിച്ച് ചിന്തിക്കുന്നവർ മാത്രമാണെന്ന് തുറന്നു പറഞ്ഞ് മുൻ ബ്രസീലിയൻ താരം ജൂനിഞ്ഞോ. അതിനവരെ കുറ്റപ്പെടുത്താൻ സാധിക്കുകയില്ലെന്നും അതിമോഹം എന്നുള്ളതു ബ്രസീലിയൻ സംസ്കാരത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം ദി ഗാർഡിയന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങളെ കുറിച്ച് സംസാരിച്ചത്. ബ്രസീൽ താരങ്ങൾ എല്ലാം തന്നെ ടീമിനോട് ആത്മാർത്ഥ ഉള്ളവരായിരിക്കുമെന്നും അവരെ കൊണ്ട് സാധ്യമായത് എല്ലാം അവർ ടീമിനെ സംഭാവന ചെയ്യുമെന്നും എന്നാൽ കൂടുതൽ പണം കിട്ടുന്നിടത്തേക്ക് അവർ പോയികൊണ്ടിരിക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചു. സൂപ്പർ താരം നെയ്മർ ജൂനിയറെ ചൂണ്ടികാണിച്ചു കൊണ്ട് അദ്ദേഹം ഇതിനെ സാധൂകരിക്കുകയായിരുന്നു. ബ്രസീലിയൻ സംസ്കാരത്തിൽ നിന്ന് വ്യത്യസ്തമായ ഒരു മെന്റാലിറ്റിയാണ് യൂറോപ്യൻ താരങ്ങൾക്ക് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

” ബ്രസീലിൽ ഞങ്ങൾ എല്ലാവരും പണത്തെ കുറിച്ച് ചിന്തിക്കുന്നവരാണ്. എന്നാൽ യൂറോപ്പിൽ മറ്റൊരു മെന്റാലിറ്റിയാണുള്ളത്. ഞാനും അത് പോലെ തന്നെയായിരുന്നു. ആരാണോ ഏറ്റവും കൂടുതൽ പണം തരുന്നത് അവരുടെ അടുത്തേക്ക് പോവാം എന്നതിനെ കുറിച്ച് ഞാൻ ചിന്തിച്ചിട്ടുണ്ട്. അത് ബ്രസീലിയൻ താരങ്ങളുടെ ഒരു വഴിയാണ്. ഇപ്പോൾ നെയ്‌മറുടെ കാര്യം നോക്കൂ. അദ്ദേഹം പിഎസ്ജിയിലേക്ക് പോവാനുള്ള ഏകകാരണം പണം മാത്രമാണ്. അദ്ദേഹത്തിന് വേണ്ടതെല്ലാം പിഎസ്ജി അദ്ദേഹത്തിന് നൽകുന്നുണ്ട്. പക്ഷെ ഇപ്പോൾ നോക്കൂ, കരാർ അവസാനിക്കുന്നതിന് മുൻപ് തന്നെ ക്ലബ് വിടാൻ അദ്ദേഹം ആഗ്രഹിക്കുന്നു. അദ്ദേഹത്തിന് സാധ്യമായതെല്ലാം അദ്ദേഹം ക്ലബിന് ചെയ്തു കൊടുക്കുന്നുണ്ട്. ക്ലബിനോട് ആത്മാർത്ഥ കാണിക്കുന്നുണ്ട്, ഉത്തരവാദിത്യബോധം കാണിക്കുന്നുണ്ട്, ലീഡർഷിപ് കാണിക്കുന്നുണ്ട്. പക്ഷെ യഥാർത്ഥ പ്രശ്നം എന്നുള്ളത് ബ്രസീലിയൻ സംസ്കാരത്തിനാണ്. അവർ എപ്പോഴും കൂടുതൽ പണം ലഭിക്കുന്നതിനെ കുറിച്ച് ചിന്തിച്ചു കൊണ്ടിരിക്കും. അതാണ് ബ്രസീലിയൻ താരങ്ങൾ പഠിക്കുന്നതും ചിന്തിക്കുന്നതും ” മുൻ ബ്രസീലിയൻ താരം കൂടിയായ ജൂനിഞ്ഞോ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *