ബ്രസീലിലെ അവസാന മത്സരം, വികാരഭരിതനായി ടിറ്റെ!

ഇന്ന് നടന്ന വേൾഡ് കപ്പ് യോഗ്യതാ മത്സരത്തിൽ മിന്നുന്ന വിജയം സ്വന്തമാക്കാൻ ലാറ്റിനമേരിക്കൻ വമ്പൻമാരായ ബ്രസീലിന് സാധിച്ചിരുന്നു. എതിരില്ലാത്ത നാലു ഗോളുകൾക്കാണ് ബ്രസീൽ ചിലിയെ പരാജയപ്പെടുത്തിയത്. സൂപ്പർതാരങ്ങളായ നെയ്മർ ജൂനിയർ, വിനീഷ്യസ് ജൂനിയർ,ഫിലിപ്പെ കൂട്ടിഞ്ഞോ,റിച്ചാർലീസൺ എന്നിവരാണ് ബ്രസീലിനു വേണ്ടി ഗോളുകൾ നേടിയത്.

ബ്രസീലിന്റെ മൈതാനമായ മാരക്കാനയിൽ വെച്ചായിരുന്നു ഈയൊരു മത്സരം അരങ്ങേറിയത്.ഖത്തർ വേൾഡ് കപ്പോട് കൂടി ബ്രസീലിന്റെ പരിശീലക സ്ഥാനം ഒഴിയുമെന്ന് നേരത്തെ ടിറ്റെ പ്രഖ്യാപിച്ചിരുന്നു.അതായത് വേൾഡ് കപ്പിന് മുന്നേ ഇനി ബ്രസീലിന് ഹോം മത്സരമില്ല.ബ്രസീൽ ടീം സ്വന്തം രാജ്യത്ത് ടിറ്റെക്ക് കീഴിൽ കളിക്കുന്ന അവസാനമത്സരമായിരുന്നു ചിലിക്കെതിരെയുള്ള മത്സരം.

അതുകൊണ്ടുതന്നെ മാരക്കാനയിലെ സ്വന്തം ആരാധകർക്ക് മുന്നിൽ വികാരഭരിതനായി കൊണ്ടാണ് ടിറ്റെ സംസാരിച്ചത്. മത്സരം വീക്ഷിക്കാൻ മാരക്കാനയിൽ എത്തിയ എല്ലാ ആരാധകർക്കും അദ്ദേഹം നന്ദി പറഞ്ഞു.ടിറ്റെയുടെ വാക്കുകൾ ഇങ്ങനെയാണ്.

” ഇതിന് വളരെയധികം അർത്ഥങ്ങളുണ്ട്. ഈയൊരു സാഹചര്യം വളരെയധികം സവിശേഷമായ ഒന്നാണ്.ഇന്ന് മാരക്കാനയിൽ എത്തിയ എല്ലാ ആരാധകർക്കും ഞാൻ നന്ദി പറയുന്നു.വളരെയധികം നന്ദിയുണ്ട്” ഇതാണ് ടിറ്റെ വികാരഭരിതനായി കൊണ്ട് പറഞ്ഞത്.

2016-ലായിരുന്നു ടിറ്റെ ബ്രസീൽ ടീമിന്റെ പരിശീലകനായി ചുമതലയേറ്റത്.അദ്ദേഹത്തിന് കീഴിൽ ഇക്കാലയളവിൽ കേവലം അഞ്ച് മത്സരങ്ങൾ മാത്രമാണ് ബ്രസീൽ പരാജയപ്പെട്ടിട്ടുള്ളത്. ഒരു കോപ്പ അമേരിക്ക കിരീടം ബ്രസീലിന് നേടി കൊടുക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *