ബ്രസീലിയൻ ഇതിഹാസം റൊണാൾഡീഞ്ഞോക്ക് കോവിഡ് സ്ഥിരീകരിച്ചു!
ബ്രസീലിയൻ ഇതിഹാസതാരം റൊണാൾഡീഞ്ഞോക്ക് കോവിഡ് പരിശോധനഫലം പോസിറ്റീവ് ആയതായി സ്ഥിരീകരിച്ചു. താരം തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ് വഴി കോവിഡ് സ്ഥിരീകരിച്ച കാര്യം ഫുട്ബോൾ ലോകത്തെ അറിയിച്ചത്. നിലവിൽ ബ്രസീലിലെ ബെലോ ഹൊറിസോണ്ടയിൽ സെൽഫ് ഐസൊലേഷനിലാണ് താരം. തനിക്ക് ആരോഗ്യപ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ലെന്ന് റൊണാൾഡീഞ്ഞോ അറിയിച്ചു. നാല്പതുകാരനായ താരം കഴിഞ്ഞ ശനിയാഴ്ചയാണ് ബെലോയിൽ എത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ പോസിറ്റീവ് ആവുകയായിരുന്നു. ” കഴിഞ്ഞ ദിവസമാണ് ഞാൻ ബെലോ ഹൊറിസോണ്ടയിൽ എത്തിയത്. ഒരു പരിപാടിയിൽ പങ്കെടുക്കാനാണ് വന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആവുകയായിരുന്നു. എനിക്കിപ്പോൾ കുഴപ്പങ്ങളൊന്നുമില്ല. വൈകാതെ നമുക്ക് ഒരുമിച്ച് ചേരാം ” ഇതായിരുന്നു റൊണാൾഡീഞ്ഞോ ഇൻസ്റ്റാഗ്രാം വഴി അറിയിച്ചത്.
Ronaldinho has had a positive test for Covid-19 and is now self-isolating in Belo Horizonte
— Goal News (@GoalNews) October 25, 2020
കഴിഞ്ഞ കുറച്ചു മാസങ്ങളിൽ റൊണാൾഡീഞ്ഞോയും സഹോദരനും പരാഗ്വയിൽ ജയിലിലായിരുന്നു. വ്യാജപാസ്പോർട്ട് ഉപയോഗിച്ചതിനായിരുന്നു താരം ജയിലിലായത്. തുടർന്ന് പുറത്തിറങ്ങിയ താരം ബ്രസീലിലേക്ക് തന്നെ മടങ്ങുകയായിരുന്നു. ബ്രസീലിന് വേണ്ടി 1999-2013 കാലയളവിൽ 97 മത്സരങ്ങൾ കളിച്ച താരമാണ് റൊണാൾഡീഞ്ഞോ. ബ്രസീലിനോടൊപ്പം വേൾഡ് കപ്പ്, കോപ്പ അമേരിക്ക, കോൺഫെഡെറേഷൻ കപ്പ്, ഒളിമ്പിക് ബ്രോൺസ് എന്നിവ താരം നേടിയിരുന്നു. ബാഴ്സലോണ, ഗ്രിമിയോ, പിഎസ്ജി, എസി മിലാൻ, ഫ്ലെമെങ്കോ, ഫ്ലൂമിനൻസ് എന്നീ ടീമുകൾക്ക് വേണ്ടി കളിച്ച താരം ചാമ്പ്യൻസ് ലീഗ് കിരീടവും ലീഗ് കിരീടങ്ങളും നേടിയിട്ടുണ്ട്.2005-ലെ ബാലൺ ഡിയോറും താരത്തിന്റെ പേരിലാണ്.
Ronaldinho announces that he’s tested positive for COVID-19 pic.twitter.com/31hvezK3RP
— B/R Football (@brfootball) October 25, 2020