ബ്രസീലിന് വേൾഡ് കപ്പ് നേടികൊടുക്കാൻ പറ്റിയ സമയമാണ് നെയ്മറുടേത് : റിവാൾഡോ!
ഖത്തർ വേൾഡ് കപ്പിലേക്കുള്ള ദൂരം കുറഞ്ഞ കൊണ്ടിരിക്കുന്ന ഒരു സമയത്തിലൂടെയാണ് ഇപ്പോൾ ഫുട്ബോൾ ലോകം പോയിക്കൊണ്ടിരിക്കുന്നത്.ഇത്തവണ കിരീട സാധ്യത കൽപ്പിക്കപ്പെടുന്ന ടീമുകളിൽ ലാറ്റിനമേരിക്കൻ വമ്പൻമാരായ ബ്രസീലുമുണ്ട്. നെയ്മർ ഉൾപ്പെടുന്ന ഒരുപിടി സൂപ്പർതാരങ്ങളുമായാണ് ബ്രസീൽ ഈ വേൾഡ് കപ്പിന് എത്തുക.
ഏതായാലും ബ്രസീലിയൻ ഇതിഹാസമായ റിവാൾഡോ ഇതുമായി ബന്ധപ്പെട്ട ചില അഭിപ്രായങ്ങൾ ഇപ്പോൾ പങ്കുവെച്ചിട്ടുണ്ട്. അതായത് ബ്രസീലിന് ആറാം വേൾഡ് കപ്പ് നേടി കൊടുക്കാൻ അനുയോജ്യമായ ഒരു പ്രായത്തിലാണ് നിലവിൽ നെയ്മർ ഉള്ളത് എന്നാണ് റിവാൾഡോ പറഞ്ഞിട്ടുള്ളത്. കഴിഞ്ഞ ദിവസം ബെറ്റ്ഫയറിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.റിവാൾഡോയുടെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) June 11, 2022
” ഒരുപക്ഷേ നെയ്മർ തന്റെ അവസാനത്തെ വേൾഡ് കപ്പായിരിക്കും ഇത്തവണ കളിക്കാൻ പോകുന്നത്. അതുകൊണ്ടുതന്നെ കിരീടം നേടുക എന്നതിൽ മാത്രമായിരിക്കും അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ബ്രസീലിനെ വേൾഡ് കപ്പ് കിരീടം നേടി കൊടുക്കാൻ ഏറ്റവും അനുയോജ്യമായ 30-ആമത്തെ വയസ്സിലാണ് നിലവിൽ നെയ്മർ ഉള്ളത്. മാത്രമല്ല ഞാനും സഹതാരങ്ങൾ ചേർന്നു കൊണ്ട് ജപ്പാനിൽ വച്ച് വേൾഡ് കപ്പ് കിരീടം നേടിയിട്ട് കൃത്യം 20 വർഷം പൂർത്തിയാവുന്ന ഒരു സമയമാണിത്.2002-ൽ വേൾഡ് കപ്പ് നേടുമ്പോൾ എനിക്ക് പ്രായം 30 ആയിരുന്നു. ഒരുപാട് പരിചയസമ്പത്തുകൾ ഉണ്ടായികൊണ്ട് ഏറ്റവും മികച്ച ശാരീരിക കരുത്ത് നിങ്ങൾക്ക് ലഭ്യമായ ഒരു സമയമായിരിക്കും മുപ്പതാമത്തെ വയസ്സ്. അതുകൊണ്ടുതന്നെ ബ്രസീലിന് ആറാം വേൾഡ് കപ്പ് കിരീടം നേടി കൊടുക്കുക എന്ന മിഷനിൽ നെയ്മർ ജൂനിയർ വളരെയധികം ശ്രദ്ധിച്ചു കൊണ്ടിരിക്കുകയായിരിക്കും. അത് സാധ്യമായാൽ ബ്രസീലിനെ ചരിത്രത്തിൽ ഒരു അടയാളം രേഖപ്പെടുത്താൻ നെയ്മർക്ക് കഴിയും ” ഇതാണ് റിവാൾഡോ പറഞ്ഞത്.
ഒരുപക്ഷേ ഇത് തന്റെ അവസാനത്തെ വേൾഡ് കപ്പായിരിക്കുമെന്ന് നെയ്മർ ജൂനിയർ തുറന്നു പറഞ്ഞിരുന്നു.