ബ്രസീലിന്റെ പരിശീലകസ്ഥാനത്തേക്ക് എത്തിക്കാൻ ഉദ്ദേശിക്കുന്നത് ആരെ? CBF പ്രസിഡന്റ് വ്യക്തമാക്കുന്നു.

ഒരു പരിശീലകൻ ഇല്ലാതെയാണ് കഴിഞ്ഞ കുറെ മാസങ്ങളായി ബ്രസീലിന്റെ ദേശീയ ടീം ഇപ്പോൾ തുടരുന്നത്. വേൾഡ് കപ്പിന് ശേഷം പടിയിറങ്ങിയ ടിറ്റെയുടെ പകരക്കാരനെ കണ്ടെത്താൻ ഇതുവരെ ബ്രസീലിന് കഴിഞ്ഞിട്ടില്ല. രണ്ട് സൗഹൃദ മത്സരങ്ങൾ ഇനി ബ്രസീലിന് കളിക്കാനുണ്ട്. താൽക്കാലിക പരിശീലകനായ റാമോൺ മെനസസിന് കീഴിലായിരിക്കും ഈ മത്സരങ്ങൾ ബ്രസീൽ കളിക്കുക.

റയൽ മാഡ്രിഡ് പരിശീലകനായ കാർലോ ആഞ്ചലോട്ടിയെ എത്തിക്കാനാണ് ബ്രസീൽ ആഗ്രഹിക്കുന്നത്.എന്നാൽ റയൽ മാഡ്രിഡിൽ തന്നെ തുടരും എന്നുള്ളത് അദ്ദേഹം വ്യക്തമാക്കിയിരുന്നു. പക്ഷേ ഇപ്പോഴും ബ്രസീൽ പരിശീലക സ്ഥാനത്തേക്ക് എത്തിക്കാൻ ഉദ്ദേശിക്കുന്നത് ആഞ്ചലോട്ടിയെ തന്നെയാണ്.CBF പ്രസിഡന്റായ എഡ്നാൾഡോ റോഡ്രിഗസാണ് ഇക്കാര്യം തുറന്നു പറഞ്ഞിരിക്കുന്നത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഒരുപാട് വിഷൻ ഉള്ള ഒരു പരിശീലകനാണ് ആഞ്ചലോട്ടി. മാത്രമല്ല പുതിയ താരങ്ങളെ ഉപയോഗപ്പെടുത്താൻ അദ്ദേഹത്തിന് ഒരു പ്രത്യേക ധൈര്യവുമുണ്ട്.മറ്റുള്ള പരിശീലകരോട് ഞങ്ങൾ അനാദരവൊന്നും കാണിക്കുന്നില്ല.ബ്രസീലിൽ തന്നെ ഒരുപാട് മികച്ച പരിശീലകർ ഉണ്ട്. പക്ഷേ ഞങ്ങൾക്ക് ഒരു പ്ലാൻ ഉണ്ട്.ആ പ്ലാൻ എന്നുള്ളത് കാർലോ ആഞ്ചലോട്ടിയാണ്.അദ്ദേഹത്തെ എത്തിക്കാൻ കഴിയും എന്ന് തന്നെയാണ് ഞങ്ങൾ ഇപ്പോഴും പ്രതീക്ഷിക്കുന്നത്.ലാലിഗ അവസാനിക്കും വരെ നമുക്ക് കാത്തിരിക്കാം. ലാലിഗ അവസാനിച്ചിട്ട് ഞങ്ങൾ അദ്ദേഹവുമായി സംസാരിക്കും.അദ്ദേഹത്തെ കൺവിൻസ് ചെയ്യിക്കാൻ ശ്രമിക്കും.ബ്രസീലിയൻ ദേശീയ ടീമിനെ അദ്ദേഹത്തിന് അറിയാം. ഇവിടെ കളിച്ച താരങ്ങളെയും ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്ന താരങ്ങളെയും നന്നായി അറിയുന്ന ഒരു പരിശീലകനാണ് അദ്ദേഹം “ഇതാണ് CBF പ്രസിഡന്റ് പറഞ്ഞിട്ടുള്ളത്.

2024 വരെയാണ് ആഞ്ചലോട്ടിക്ക് റയൽ മാഡ്രിഡുമായി കോൺട്രാക്ട് ഉള്ളത്.ഇത് പൂർത്തിയാക്കാൻ ആണ് അദ്ദേഹം ഉദ്ദേശിക്കുന്നത്. പക്ഷേ അദ്ദേഹത്തെ എത്തിക്കാൻ ബ്രസീലിന് അതിയായ ആഗ്രഹമുണ്ട്. ഏതായാലും ഒരു അന്തിമ തീരുമാനം വൈകാതെ തന്നെ ഈ വിഷയത്തിൽ ഉണ്ടായേക്കും.

Leave a Reply

Your email address will not be published. Required fields are marked *