ബ്രസീലിനെ വില കുറച്ചു കാണേണ്ട :കോപ്പ അമേരിക്കയിൽ അർജന്റീനക്ക് മുന്നറിയിപ്പുമായി കാർലോസ്.

സമീപകാലത്ത് വളരെ മോശം പ്രകടനമാണ് ബ്രസീൽ നടത്തിക്കൊണ്ടിരിക്കുന്നത്.അവസാനമായി കളിച്ച മൂന്നു മത്സരങ്ങളിലും ബ്രസീൽ പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. ഏറ്റവും അവസാനം അർജന്റീനയോടായിരുന്നു സ്വന്തം മൈതാനത്ത് ബ്രസീൽ പരാജയപ്പെട്ടത്. കൂടാതെ ഫിഫയുടെ റാങ്കിങ്ങിൽ ബ്രസീലിന് തിരിച്ചടികൾ നേരിടേണ്ടി വന്നു. അവസാനമായി കളിച്ച നാലു മത്സരങ്ങളിൽ ഒരു വിജയം പോലും സാധിക്കാത്ത ടീമാണ് ബ്രസീൽ.

അടുത്ത വർഷത്തെ കോപ്പ അമേരിക്ക ടൂർണമെന്റിലേക്ക് ഇനി അധികം ദൂരമില്ല.അർജന്റീനയാവട്ടെ മിന്നുന്ന പ്രകടനമാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. അർജന്റീനക്ക് തന്നെയാണ് ഏറ്റവും കൂടുതൽ കിരീട സാധ്യതകൾ കല്പിക്കപ്പെടുന്നത്. എന്നാൽ ബ്രസീലിയൻ ഇതിഹാസമായ റോബർട്ടോ കാർലോസ് ഇക്കാര്യത്തിൽ തന്റെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്.ബ്രസീലിനെ ഒരിക്കലും വിലകുറച്ച് കാണേണ്ടതില്ലെന്നും ശക്തമായി തിരിച്ചുവരാൻ ബ്രസീലിന് കഴിയും എന്നുമാണ് കാർലോസ് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഒരിക്കലും നിങ്ങൾ ബ്രസീൽ ദേശീയ ടീമിനെ വിലകുറച്ചു കാണരുത്.ഞാൻ എന്റെ എക്സ്പീരിയൻസിൽ നിന്നാണ് ഇത് പറയുന്നത്. ഒരു പുതിയ പരിശീലകൻ ഇപ്പോൾ ബ്രസീൽ ടീമിന് ഉണ്ട്,അദ്ദേഹത്തിന് വർക്ക് ചെയ്യാൻ ആവശ്യമായ കുറച്ച് സമയം മാത്രം നൽകുകയാണ് നമ്മൾ ചെയ്യേണ്ടത്.ഞങ്ങൾക്ക് മികച്ച താരങ്ങളും മികച്ച പരിശീലകനും ഉണ്ട്.കോപ്പ അമേരിക്ക വളരെയധികം കടുത്തതായിരിക്കും, ആവേശഭരിതവും ആയിരിക്കും, അക്കാര്യത്തിൽ എനിക്ക് ഉറപ്പുണ്ട് “ഇതാണ് റോബർട്ടോ കാർലോസ് പറഞ്ഞിട്ടുള്ളത്.

നിലവിലെ പരിശീലകനായ ഫെർണാണ്ടോ ഡിനിസിന് കീഴിൽ മികവിലേക്ക് ഉയരാൻ ബ്രസീൽ ദേശീയ ടീമിന് കഴിഞ്ഞിട്ടില്ല. അടുത്ത കോപ്പ അമേരിക്കക്ക് മുന്നേ എങ്കിലും പരിശീലകൻ ആയിക്കൊണ്ട് ആഞ്ചലോട്ടി വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇനി മാർച്ച് മാസത്തിലാണ് ബ്രസീൽ കളത്തിൽ ഇറങ്ങുക.ഇംഗ്ലണ്ട്, സ്പെയിൻ എന്നിവർക്കെതിരെയാണ് ബ്രസീൽ കളിക്കുക.

Leave a Reply

Your email address will not be published. Required fields are marked *