ബ്രസീലിനെ പരിശീലിപ്പിക്കുക കാർലോ ആഞ്ചലോട്ടി തന്നെ!
ഇന്നലെ നടന്ന അന്താരാഷ്ട്ര സൗഹൃദമത്സരത്തിൽ വിജയം നേടാൻ വമ്പൻമാരായ ബ്രസീലിന് സാധിച്ചിരുന്നു. ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ബ്രസീൽ ഗിനിയയെ പരാജയപ്പെടുത്തിയത്. സൂപ്പർതാരങ്ങളായ വിനീഷ്യസ്,റോഡ്രിഗോ,ജോലിന്റൺ,മിലിറ്റാവോ എന്നിവരാണ് ബ്രസീലിനു വേണ്ടി ഗോളുകൾ നേടിയത്. താൽക്കാലിക പരിശീലകനായ റാമോൻ മെനസസിന് കീഴിലാണ് ബ്രസീൽ ഈയൊരു വിജയം നേടിയിട്ടുള്ളത്.
നിലവിൽ ഒരു സ്ഥിര പരിശീലകൻ ബ്രസീലിന് ഇല്ല. റയൽ മാഡ്രിഡ് പരിശീലകനായ കാർലോ ആഞ്ചലോട്ടിയാണ് തങ്ങളുടെ പ്ലാൻ എ എന്നുള്ളത് നേരത്തെ തന്നെ സിബിഎഫിന്റെ പ്രസിഡന്റായ എഡ്നാൾഡോ റോഡ്രിഗസ് സ്ഥിരീകരിച്ചിരുന്നു. എന്നാൽ 2024 വരെ ആഞ്ചലോട്ടിക്ക് ക്ലബ്ബുമായി കോൺട്രാക്ട് അവശേഷിക്കുന്നുണ്ട്. ആ കരാർ പൂർത്തിയാക്കാനാണ് ഇപ്പോൾ പരിശീലകൻ ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ ബ്രസീലിനെ സംബന്ധിച്ചിടത്തോളം ഈ ഒരു സാഹചര്യം സങ്കീർണമായിരുന്നു.
എന്നാൽ ഇന്നലത്തെ മത്സരത്തിനു ശേഷം പ്രമുഖ ബ്രസീലിയൻ മാധ്യമമായ ഗ്ലോബോ ഒരു സ്ഥിരീകരണം നടത്തിയിട്ടുണ്ട്. അതായത് കാർലോ ആഞ്ചലോട്ടി തന്നെ ബ്രസീലിന്റെ പരിശീലകനായി എത്തുമെന്നുള്ള കാര്യം CBF പ്രസിഡന്റ് സ്ഥിരീകരിച്ചു എന്നാണ് ഗ്ലോബോ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഈ സീസണിൽ ആഞ്ചലോട്ടിക്ക് വരാൻ സാധിക്കുന്നില്ലെങ്കിൽ 2024 വരെ, അതായത് അടുത്ത സീസൺ വരെ കാത്തിരിക്കാൻ ബ്രസീൽ തയ്യാറായിക്കഴിഞ്ഞു. അടുത്ത സീസൺ വരെ താൽക്കാലിക പരിശീലകന് കീഴിലായിരിക്കും ആഞ്ചലോട്ടി വന്നില്ലെങ്കിൽ ബ്രസീൽ കളിക്കുക.
🚨Globo:
— Brasil Football 🇧🇷 (@BrasilEdition) June 17, 2023
Commentator Luis Roberto stated that Ancelotti WILL be the next manager of the Seleção, whether it is this year or next year. pic.twitter.com/8aOAAXGUva
ഇത് സംബന്ധിച്ച ഒഫീഷ്യൽ പ്രഖ്യാപനം ഈ ജൂൺ 30 ആം തീയതി ഉണ്ടാവുമെന്നും ഗ്ലോബോ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതിനുമുൻപ് ഒരിക്കൽ കൂടി ആഞ്ചലോട്ടിയുമായി ബ്രസീൽ സംസാരിച്ചേക്കും.ആഞ്ചലോട്ടിക്ക് വേണ്ടി 2024 വരെ കാത്തിരിക്കുകയാണെങ്കിൽ എട്ടോ അതിലധികമോ മത്സരങ്ങൾ താൽക്കാലിക പരിശീലകന് കീഴിൽ ബ്രസീൽ കളിക്കേണ്ടിവരും. അതിൽ ആറു മത്സരങ്ങൾ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളായിരിക്കും.റാമോൻ മെനസസ് തന്നെ ടീമിനെ മുന്നോട്ടു കൊണ്ടുപോവാനാണ് ഇപ്പോൾ സാധ്യതകൾ തെളിഞ്ഞു കാണുന്നത്.