ബ്രസീലിനെ കെണിവെച്ച് പൂട്ടിയത് :കോസ്റ്റാറിക്കയുടെ അർജന്റൈൻ കോച്ച്
ഇന്ന് കോപ്പ അമേരിക്കയിൽ നടന്ന തങ്ങളുടെ ആദ്യ മത്സരത്തിൽ വമ്പൻമാരായ ബ്രസീലിന് സമനില വഴങ്ങേണ്ടി വന്നിരുന്നു. പൊതുവേ ദുർബലരായ കോസ്റ്റാറിക്കയാണ് ബ്രസീലിനെ സമനിലയിൽ തളച്ചിട്ടുള്ളത്. രണ്ട് ടീമുകൾക്കും മത്സരത്തിൽ ഗോളുകൾ ഒന്നും നേടാൻ സാധിക്കാതെ പോവുകയായിരുന്നു. മത്സരത്തിൽ ബ്രസീലാണ് ആധിപത്യം പുലർത്തിയെങ്കിലും ഗോളടിക്കുന്നതിൽ ബ്രസീലിന് പിഴക്കുകയായിരുന്നു. ബ്രസീൽ ഒരു ഗോൾ നേടിയെങ്കിലും അത് ഓഫ്സൈഡിൽ കുരുങ്ങുകയും ചെയ്തു.
സമനിലക്ക് വേണ്ടിയായിരുന്നു കോസ്റ്റാറിക്ക കളിച്ചത്.അതവരുടെ കളി ശൈലിയിൽ നിന്നും വളരെ വ്യക്തമായിരുന്നു. അവർ ലക്ഷ്യം വെച്ച സമനില നേടിയെടുക്കുകയും ചെയ്തു. ബ്രസീലിയൻ മുന്നേറ്റത്തെ വളരെ നല്ല രൂപത്തിൽ ഡിഫൻഡ് ചെയ്യാൻ കോസ്റ്റാറിക്കക്ക് സാധിച്ചു. ഇതേക്കുറിച്ച് അവരുടെ അർജന്റൈൻ പരിശീലകനായ ഗുസ്താവോ അൽഫാരോ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. കൃത്യമായ തന്ത്രങ്ങൾ ഒരുക്കി കൊണ്ടാണ് ബ്രസീലിനെ തങ്ങൾ പൂട്ടിയത് എന്നാണ് അൽഫാരോ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” ഞങ്ങൾ നേരത്തെ തന്നെ ഗ്രൗണ്ടിന്റെ അവസ്ഥയും പുല്ലിന്റെ അവസ്ഥയുമൊക്കെ പരിശോധിച്ചിരുന്നു. ബ്രസീലിന്റെ മുന്നേറ്റങ്ങളെ എങ്ങനെ ചെറുക്കാം എന്നതിനെക്കുറിച്ച് ഒരു പ്ലാനും തന്ത്രവും എനിക്ക് ഉണ്ടായിരുന്നു.അത് കൃത്യമായി കളിക്കളത്തിൽ നടപ്പിലാക്കാൻ ഞങ്ങൾക്ക് സാധിച്ചു.വിങ്ങുകളിലൂടെയാണ് അവർ മുന്നേറ്റങ്ങൾ നടത്തുക എന്നത് ഞങ്ങൾക്ക് അറിയാമായിരുന്നു. ഞങ്ങൾ സ്‌പേസുകൾ പരമാവധി കുറച്ചു. അവരുടെ മുന്നേറ്റ നിരയിലെ താരങ്ങളെ ഡിഫൻഡ് ചെയ്യാൻ എപ്പോഴും രണ്ട് താരങ്ങളെ ചുരുങ്ങിയത് നിയോഗിക്കേണ്ടിവന്നു. വിങ്ങുകൾ മാറി കളിക്കാൻ കഴിവുള്ളവരാണ് വിനിയും റാഫീഞ്ഞയും റോഡ്രിഗോയും.അതുകൊണ്ടുതന്നെ ഓരോ താരത്തിനും ഞങ്ങൾ രണ്ടു വീതം താരങ്ങളെ നിയോഗിച്ചു ” ഇതാണ് കോസ്റ്റാറിക്ക പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ഡിഫൻഡ് ചെയ്യുക എന്ന ഉദ്ദേശത്തോടുകൂടി തന്നെയാണ് കോസ്റ്റാറിക്ക കളിച്ചത്.അതിൽ അവർ വിജയിക്കുകയും ചെയ്തു. അറ്റാക്കിങ്ങിൽ ബ്രസീലിന് ഒരു വെല്ലുവിളിയും ഉയർത്താൻ ഇവർക്ക് സാധിച്ചിരുന്നില്ല. ലക്ഷ്യത്തിലേക്ക് ഒരു ഷോട്ട് പോലും ഉതിർക്കാൻ മത്സരത്തിൽ കോസ്റ്റാറിക്കക്ക് കഴിഞ്ഞിരുന്നില്ല.