ബ്രസീലിനെ കളി പഠിപ്പിക്കാൻ അർജന്റീനയിൽ നിന്നും ആളെത്തുമോ?

ഖത്തർ വേൾഡ് കപ്പിൽ നിന്നും അപ്രതീക്ഷിതമായ രൂപത്തിലായിരുന്നു ലാറ്റിനമേരിക്കൻ വമ്പൻമാരായ ബ്രസീൽ പുറത്തായിരുന്നത്.ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ക്രൊയേഷ്യയായിരുന്നു ബ്രസീലിനെ പരാജയപ്പെടുത്തിയത്. തുടർന്ന് ബ്രസീലിന്റെ പരിശീലകനായ ടിറ്റെ പരിശീലകസ്ഥാനം ഒഴിയുകയും ചെയ്തിരുന്നു. ഖത്തർ വേൾഡ് കപ്പിന് ശേഷം ബ്രസീലിന്റെ പരിശീലകസ്ഥാനത്ത് ഉണ്ടാവില്ല എന്നുള്ള കാര്യം നേരത്തെ തന്നെ ടിറ്റെ അറിയിച്ചിരുന്നു.

ബ്രസീലിന് ഇപ്പോൾ ഒരു പുതിയ പരിശീലകനെ ആവശ്യമാണ്. ഒരുപാട് പേരുകൾ ഈ സ്ഥാനത്തേക്ക് ഇപ്പോൾ ഉയർന്നു കേൾക്കുന്നുണ്ട്. ഏറ്റവും ഒടുവിൽ ഫ്രഞ്ച് ഇതിഹാസമായ സിനദിൻ സിദാന്റെ പേര് വന്നിട്ടുണ്ട്. അതോടൊപ്പം തന്നെ പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലെ എക്യുപെ മറ്റൊരു പേരുകൂടി പങ്കുവെച്ചിട്ടുണ്ട്.

അർജന്റീന ഫുട്ബോൾ പരിശീലകനായ മാഴ്സെലോ ഗല്ലാർഡോ ബ്രസീലിന്റെ പരിശീലകനാവാൻ സാധ്യതയുണ്ട് എന്ന റിപ്പോർട്ടുകളാണ് ഇവർ പുറത്തേക്ക് വിട്ടിട്ടുള്ളത്.2014 മുതൽ 2022 വരെ അർജന്റീന ക്ലബ്ബായ റിവർ പ്ലേറ്റിനെ പരിശീലിപ്പിച്ചിട്ടുള്ള കോച്ചാണ് മാഴ്സെലോ ഗല്ലാർഡോ.ഈയിടെ പരിശീലക സ്ഥാനം ഒഴിയുകയും ചെയ്തിരുന്നു.

ഇനി ചുരുങ്ങിയത് ആറുമാസമെങ്കിലും വിശ്രമിക്കാനാണ് തന്റെ പദ്ധതിയെന്ന് ഗല്ലാർഡോ വെളിപ്പെടുത്തിയിരുന്നു.അർജന്റീനയുടെ ദേശീയ ടീമിന് വേണ്ടി കളിച്ചിട്ടുള്ള ഇദ്ദേഹം പരിശീലകൻ എന്ന നിലയിൽ പ്രാവീണ്യം തെളിയിച്ച വ്യക്തിയാണ്. റിവർ പ്ലേറ്റിന് കോപ ലിബർട്ടഡോറസ്‌ ഉൾപ്പെടെയുള്ള നിരവധി കിരീടങ്ങൾ നേടിക്കൊടുക്കാൻ ഗല്ലാർഡോക്ക് കഴിഞ്ഞിട്ടുണ്ട്.

പക്ഷേ ഇദ്ദേഹത്തെ ബ്രസീൽ പരിഗണിച്ചാൽ പോലും ഇദ്ദേഹം എത്തുമോ എന്നുള്ള കാര്യത്തിൽ ഇപ്പോഴും സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. കാരണം അർജന്റീനയെ പരിശീലിപ്പിക്കുന്നതാണ് താൻ ഇഷ്ടപ്പെടുന്നത് എന്നുള്ളത് നേരത്തെ മാഴ്സെലോ വ്യക്തമാക്കിയിരുന്നു. അതേസമയം യൂറോപ്പിലെ ഒരു പരിശീലകന് തന്നെയാണ് CBF മുൻഗണന നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *