ബ്രസീലിനെതിരെ എല്ലാം വ്യത്യസ്ഥമാവും : സ്കലോണി!

ഇന്ന് നടന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു അർജന്റീന വെനിസ്വേലയെ തകർത്തു വിട്ടത്. അർജന്റീനക്ക്‌ വേണ്ടി ലൗറ്ററോ മാർട്ടിനെസ്, എയ്ഞ്ചൽ കൊറേയ, ജോക്കിൻ കൊറേയ എന്നിവരായിരുന്നു ഗോളുകൾ നേടിയത്. ഈ മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തിൽ ബ്രസീലിനെതിരെയുള്ള മത്സരത്തെ കുറിച്ച് സ്കലോണി സംസാരിച്ചിരുന്നു. കോപ്പ അമേരിക്കയിലെ അതേ പ്രകടനമാണ് തങ്ങൾ ഈ മത്സരത്തിൽ പുറത്തെടുത്തതെന്നും എന്നാൽ ബ്രസീലിനെതിരെയുള്ള മത്സരത്തിൽ എല്ലാം വിത്യസ്തമാവുമെന്നാണ് സ്കലോണി അറിയിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” കോപ്പ അമേരിക്കയിലെ അതേ പ്രകടനം തന്നെയാണ് ഞങ്ങൾ ഇവിടെയും കാഴ്ച്ചവെച്ചത്.ടീം നല്ല രൂപത്തിൽ തന്നെയാണ് കളിച്ചിട്ടുള്ളത്.ഇത്‌ യോഗ്യത റൗണ്ട് മത്സരങ്ങളാണ്. അത്കൊണ്ട് തന്നെ കാര്യങ്ങൾ ഒട്ടും എളുപ്പമാവില്ല.എല്ലാം സങ്കീർണ്ണമാണ്.ഇതെല്ലാം ടിപ്പിക്കൽ ലാറ്റിനമേരിക്കൻ മത്സരങ്ങളാണ്. പക്ഷേ ഇവിടെ ടീം അവരുടെ ചുമതല വളരെ ഭംഗിയായി നിർവഹിച്ചു. അതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ബ്രസീലിനെതിരെ ഉള്ള മത്സരത്തിൽ മാറ്റങ്ങൾ വേണോ എന്നുള്ളത് ഞങ്ങൾ വരും ദിവസങ്ങളിൽ തീരുമാനിക്കും. ബ്രസീലിനെതിരെയുള്ള മത്സരമാവുമ്പോൾ കാര്യങ്ങൾ എല്ലാം തന്നെ വ്യത്യസ്തമായിരിക്കും.ഇവിടെ അനുകൂലമായ കാര്യം എന്തെന്നാൽ എല്ലാ താരങ്ങളും ലഭ്യമാണ് എന്നുള്ളതാണ്. അതിലുള്ള മികച്ച താരങ്ങൾ ബ്രസീലിനെതിരെ കളിക്കും. കോപ്പ അമേരിക്ക ജേതാക്കളായതോടെ എല്ലാം അവസാനിച്ചിട്ടില്ല, മറിച്ച് ഇതൊരു തുടക്കമാണ്.വിജയങ്ങൾ മാത്രമാണ് ലക്ഷ്യം. ചാമ്പ്യൻപട്ടം നെഞ്ചിൽ ഉണ്ടായിരിക്കുന്നത് നല്ല കാര്യമാണ്. പക്ഷേ നേട്ടങ്ങൾ കരസ്ഥമാക്കി എന്നുള്ളത് വിശ്രമിക്കാനുള്ള ഒരു കാരണമല്ല ” സ്കലോണി പറഞ്ഞു.

നിലവിലെ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് ബ്രസീലും രണ്ടാം സ്ഥാനത്ത് അർജന്റീനയുമാണ്. മികച്ച ഒരു മത്സരം തന്നെ കാണാനാവുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *