ബ്രസീലിനെതിരെയുള്ള മത്സരത്തിൽ നിന്നും അർജന്റീന പിൻവാങ്ങി,രൂക്ഷവിമർശനവുമായി സ്പോർട്സ് മിനിസ്റ്റർ!

ഈ വരുന്ന ജൂൺ പതിനൊന്നാം തീയതി ഓസ്ട്രേലിയയിലെ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ വെച്ച് ബ്രസീൽVs അർജന്റീന മത്സരം നടത്താൻ നേരത്തെ തന്നെ തീരുമാനമെടുത്തിരുന്നു. സൗഹൃദമത്സരമായിരുന്നു ഷെഡ്യൂൾ ചെയ്തിരുന്നത്.എന്നാൽ അർജന്റീന ഈയൊരു മത്സരത്തിൽ നിന്നും പിൻവാങ്ങുകയായിരുന്നു. പങ്കെടുക്കാൻ അർജന്റീന ഉദ്ദേശിക്കുന്നില്ലെന്നും അതുകൊണ്ട് മത്സരം നടക്കില്ല എന്നുള്ള കാര്യം കഴിഞ്ഞദിവസം ബ്രസീലിയൻ ഫുട്ബോൾ അസോസിയേഷൻ തന്നെയായിരുന്നു അറിയിച്ചിരുന്നത്.എന്നാൽ അർജന്റൈൻ FA ബന്ധപ്പെട്ട യാതൊരുവിധ പ്രതികരണങ്ങളും നടത്തിയിട്ടില്ല.

എന്നാൽ ഈ മത്സരം ഉപേക്ഷിച്ചതിനെതിരെ വിക്ടോറിയൻ കായിക മന്ത്രിയായ മാർട്ടിൻ പകുല രൂക്ഷമായ വിമർശനങ്ങൾ ഉയർത്തിയിട്ടുണ്ട്. ഓസ്ട്രേലിയൻ ഫുട്ബോൾ ആരാധകർക്ക് വ്യക്തമായ ഒരു വിശദീകരണം അർജന്റീന നൽകണമെന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.ഓസ്ട്രേലിയൻ സംസ്ഥാനമായ വിക്ടോറിയയിലാണ് മെൽബൺ ഗ്രൗണ്ട് സ്ഥിതി ചെയ്യുന്നത്. അവിടുത്തെ സ്പോർട്സ് മിനിസ്റ്ററായ പകുല പറഞ്ഞത് ഇങ്ങനെയാണ്.

” ഒരു കൃത്യമായ വിശദീകരണം ഇതുവരെ അവർ നൽകിയിട്ടില്ല. അതുകൊണ്ടുതന്നെ ഓസ്ട്രേലിയൻ ഫുട്ബോൾ ഫാൻസിനോട് കൃത്യമായ കാരണം ബോധിപ്പിക്കാൻ അർജന്റീന ബാധ്യസ്ഥരാണെന്ന് ഞാൻ കരുതുന്നു. ബ്രസീൽ വളരെയധികം അസ്വസ്ഥരാണ് എന്നെനിക്കറിയാം. അവരുടെ വേൾഡ് കപ്പ് ഒരുക്കങ്ങളെ ഇത് ബാധിക്കും. മെൽബണിൽ വളരെയധികം ജനപ്രീതിയുള്ള ഒരു മത്സരമാണിത്. തീർച്ചയായും ആരാധകർക്ക് റീഫണ്ട് ലഭിക്കുമെന്നുള്ള പ്രമോട്ടർമാരുടെ പ്രസ്താവനയെ ഞാൻ സ്വാഗതം ചെയ്യുന്നു ” ഇതാണ് സ്പോർട്സ് മിനിസ്റ്റർ പറഞ്ഞിട്ടുള്ളത്.

ഈ മത്സരത്തിനുള്ള അറുപതിനായിരത്തോളം ടിക്കറ്റുകൾ ഇതിനോടകം തന്നെ വിറ്റ് തീർന്നിരുന്നു. മത്സരം ഉപേക്ഷിക്കപ്പെട്ടതോടെ ആരാധകർക്ക് പണം തിരികെ നൽകുമെന്ന് അധികൃതർ അറിയിച്ചിരുന്നു. അഞ്ചു വർഷങ്ങൾക്കു മുമ്പ് ഇതേ ഗ്രൗണ്ടിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ 95000 ത്തോളം ആരാധകരായിരുന്നു തടിച്ചു കൂടിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *