ബെൻസിമയും എംബപ്പേയും തിളങ്ങി, നേഷൻസ് ലീഗിലും മുത്തമിട്ട് ഫ്രഞ്ച് പട!
കരുത്തരായ സ്പെയിനിനെ ഫൈനലിൽ തറപ്പറ്റിച്ച് കൊണ്ട് യുവേഫ നേഷൻസ് ലീഗിലും മുത്തമിട്ട് ഫ്രഞ്ച് പട. ഇന്നലെ നടന്ന ഫൈനലിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഫ്രാൻസ് സ്പെയിനിനെ കീഴടക്കിയത്. സൂപ്പർ താരങ്ങളായ കിലിയൻ എംബപ്പേയും കരിം ബെൻസിമയുമാണ് ഫ്രാൻസിന്റെ ഗോളുകൾ നേടിയത്. അതേസമയം സ്പെയിനിന്റെ ഗോൾ ഒയർസബാലിന്റെ വകയായിരുന്നു. ഇതാദ്യമായാണ് നേഷൻസ് ലീഗിൽ ഫ്രാൻസ് കിരീടം നേടുന്നത്.
🇫🇷 BIG GAME PLAYERS.#NationsLeague https://t.co/AotEXWTq73 pic.twitter.com/x0jGHpzsOy
— UEFA Nations League (@EURO2024) October 10, 2021
ബെൻസിമ, എംബപ്പേ, ഗ്രീസ്മാൻ എന്നീ ത്രയമായിരുന്നു ഫ്രാൻസിന്റെ മുന്നേറ്റനിരയിൽ.ഒയർസബാൽ, ടോറസ്,സറാബിയ എന്നിവർ സ്പെയിനിന്റെ മുന്നേറ്റനിരയിലും അണിനിരന്നു.മത്സരത്തിന്റെ 64-ആം മിനുട്ടിൽ ബുസ്കെറ്റ്സിന്റെ അസിസ്റ്റിൽ നിന്നാണ് ഒയർസബാൽ സ്പെയിനിന് ലീഡ് നേടികൊടുക്കുന്നത്.പക്ഷേ രണ്ട് മിനുട്ടിന് ശേഷം ബെൻസിമയുടെ ഗോൾ പിറന്നു.എംബപ്പേയുടെ അസിസ്റ്റിൽ നിന്ന് മനോഹരമായ ഒരു ഷോട്ടിലൂടെയാണ് ബെൻസിമ ഗോൾ കണ്ടെത്തിയത്.80-ആം മിനുട്ടിലാണ് എംബപ്പേയുടെ ഗോൾ പിറന്നത്.തിയോയുടെ പാസിൽ നിന്നാണ് എംബപ്പേ വല കുലുക്കിയത്. ഈ ഗോളിലൂടെ ഫ്രാൻസ് കന്നി യുവേഫ നേഷൻസ് ലീഗ് കിരീടത്തിലേക്ക് നടന്നടുക്കുകയായിരുന്നു.