ബാഴ്സ,അത്ലറ്റിക്കോ,യുവന്റസ്,ആഴ്സണൽ,അർജന്റൈൻ സൂപ്പർ താരത്തിന് വേണ്ടി പൊരിഞ്ഞ പോരാട്ടം!
ഈ കഴിഞ്ഞ സീസണിൽ ഇറ്റാലിയൻ ക്ലബായ ഉഡിനസിന് വേണ്ടി മിന്നുന്ന പ്രകടനം പുറത്തെടുക്കാൻ അർജന്റൈൻ സൂപ്പർതാരമായ നഹുവേൽ മൊളീനക്ക് സാധിച്ചിരുന്നു. മാത്രമല്ല അർജന്റീനയുടെ ദേശീയ ടീമിനു വേണ്ടിയും താരം സ്ഥിരതയാർന്ന പ്രകടനം കാഴ്ച്ച വെക്കാറുണ്ട്. ഇപ്പോഴിതാ നിരവധി ക്ലബ്ബുകൾ താരത്തിൽ താല്പര്യം പ്രകടിപ്പിച്ചു കൊണ്ട് രംഗത്ത് വന്നിട്ടുണ്ട്.
സ്പാനിഷ് വമ്പന്മാരായ എഫ്സി ബാഴ്സലോണക്ക് തങ്ങളുടെ റൈറ്റ് ബാക്ക് പൊസിഷനിൽ ഒരു മികവുറ്റ താരത്തിന്റെ അഭാവമുണ്ട്. ചെൽസി താരമായ ആസ്പിലിക്യൂട്ടയെയായിരുന്നു അവർ ലക്ഷ്യം വെച്ചിരുന്നത്. എന്നാൽ താരത്തെ സ്വന്തമാക്കാൻ ബുദ്ധിമുട്ടാണെന്ന് മനസ്സിലാക്കിയ ബാഴ്സ ഇപ്പോൾ മൊളീനക്ക് വേണ്ടി രംഗത്ത് വന്നിട്ടുണ്ട്.ട്യൂട്ടോസ്പോർട്ട് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
FC Barcelona, Atletico Madrid, Juventus targeting Nahuel Molina of Udinese. https://t.co/e7LTPmfQLn
— Mundo Albiceleste 🇦🇷 (@MundoAlbicelest) June 12, 2022
എന്നാൽ അർജന്റൈൻ താരത്തെ സ്വന്തമാക്കുക എന്നുള്ളത് ബാഴ്സക്ക് എളുപ്പമുള്ള ഒരു കാര്യമാവില്ല. എന്തെന്നാൽ നിരവധി ക്ലബ്ബുകൾ താരത്തിന് വേണ്ടി ട്രാൻസ്ഫർ മാർക്കറ്റിൽ സജീവമാണ്.യുവന്റസ്,അത്ലറ്റിക്കോ മാഡ്രിഡ്,ആഴ്സണൽ എന്നിവർക്കൊക്കെ മൊളീനയെ ആവശ്യമാണ്.നിലവിൽ ഈ പോരാട്ടത്തിൽ മുൻപന്തിയിൽ നിൽക്കുന്നത് യുവന്റസാണെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നുണ്ട്.
24-കാരനായ ഈ താരത്തിന് ഉഡിനസുമായി 2026 വരെ കരാറുണ്ട്. എന്നാൽ താരത്തെ ടീമിൽ നിലനിർത്തൽ ബുദ്ധിമുട്ടാണ് എന്നുള്ള കാര്യം ക്ലബ് ഡയറക്ടർ നേരത്തെ അറിയിച്ചിരുന്നു.2020-ലായിരുന്നു താരം ഉഡിനസിൽ എത്തിയത്.30 മില്യൺ യുറോയാണ് താരത്തിന് വേണ്ടി വിലയായി കൊണ്ട് ക്ലബ്ബ് നിശ്ചയിച്ചിട്ടുള്ളത്. കഴിഞ്ഞ സീസണിൽ ആകെ 37 മത്സരങ്ങൾ കളിച്ച താരം 8 ഗോളുകളും അഞ്ച് അസിസ്റ്റുകളും കരസ്ഥമാക്കിയിട്ടുണ്ട്.