ബാലൺഡി’ഓർ വിനീഷ്യസിന് നൽകണം: എടേഴ്സൺ!
ഇത്തവണത്തെ ബാലൺഡി’ഓർ പുരസ്കാര ജേതാവിനെ പ്രഖ്യാപിക്കാൻ ഇനി വളരെ കുറഞ്ഞ ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ഒക്ടോബർ 28 ആം തീയതിയാണ് ഫ്രാൻസ് ഫുട്ബോൾ മാഗസിൻ ബാലൺഡി’ഓർ പുരസ്കാര ജേതാവിനെ പ്രഖ്യാപിക്കുക. റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ സൂപ്പർതാരമായ വിനീഷ്യസ് ജൂനിയർക്ക് വലിയ സാധ്യതകൾ കൽപ്പിക്കപ്പെടുന്നുണ്ട്. അതേസമയം മാഞ്ചസ്റ്റർ സിറ്റിയുടെ സ്പാനിഷ് താരമായ റോഡ്രിയുടെ പേരും വളരെയധികം ഉയർന്നു കേൾക്കുന്നുണ്ട്.
ഈ രണ്ട് താരങ്ങളുടെയും സഹതാരമാണ് മാഞ്ചസ്റ്റർ സിറ്റിയുടെ ബ്രസീലിയൻ ഗോൾ കീപ്പറായ എഡേഴ്സൺ. അദ്ദേഹം ഇപ്പോൾ പിന്തുണച്ചിരിക്കുന്നത് വിനീഷ്യസ് ജൂനിയറെയാണ്.വിനീഷ്യസാണ് ഇത്തവണത്തെ ബാലൺഡി’ഓർ പുരസ്കാരത്തിന് അർഹനെന്നും കഴിഞ്ഞ സീസണിലെ അദ്ദേഹത്തിന്റെ പ്രകടനം അതിന് തെളിവാണെന്നും ഈ ബ്രസീലിയൻ ഗോൾകീപ്പർ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” ഞാൻ വിനീഷ്യസ് ജൂനിയറേ സപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ സീസണിൽ അദ്ദേഹം നടത്തിയ പ്രകടനം കാരണം അദ്ദേഹം പുരസ്കാരം അർഹിക്കുന്നുണ്ട്.എങ്ങനെയാണ് വോട്ട് നടക്കുന്നത് എന്ന് എനിക്കറിയില്ല. പക്ഷേ കഴിഞ്ഞ സീസണിന്റെ അടിസ്ഥാനത്തിൽ ആണെങ്കിൽ എല്ലാത്തിലും അർഹിക്കുന്നത് വിനി തന്നെയാണ്. ഞാൻ റോഡ്രിയെ കൂടി സപ്പോർട്ട് ചെയ്യുന്നുണ്ട്. പക്ഷേ ചാമ്പ്യൻസ് ലീഗിൽ വിനി ചെയ്തത് നമ്മൾ പരിഗണിക്കണം. ഇനി പുരസ്കാരം റോഡ്രി നേടിയാൽ പോലും ഞാൻ ഹാപ്പി ആയിരിക്കും ” ഇതാണ് ബ്രസീലിയൻ ഗോൾകീപ്പർ പറഞ്ഞിട്ടുള്ളത്.
വിനീഷ്യസ് തന്നെ ഇത്തവണത്തെ പുരസ്കാരം നേടുമെന്ന് പല സ്പാനിഷ് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.സാധാരണ പുരസ്കാര ജേതാവിനെ അവാർഡ് നൽകുന്നതിനു മുന്നേ തന്നെ ഫ്രാൻസ് ഫുട്ബോൾ ഇന്റർവ്യൂ ചെയ്യാറുണ്ട്.എന്നാൽ ഇത്തവണ ആ രീതി അവർ ഫോളോ ചെയ്യുന്നില്ല. അതുകൊണ്ടുതന്നെ തികച്ചും അപ്രവചനീയമായ ഒരു പുരസ്കാരമാണ് നമ്മെ കാത്തിരിക്കുന്നത്.