ബാലൺഡി’ഓർ അർഹിക്കുന്നത് ലൗറ്ററോ: മെസ്സി

വരുന്ന 28 ആം തീയതിയാണ് ഇത്തവണത്തെ ബാലൺഡി’ഓർ പുരസ്കാര ജേതാവിനെ ഫ്രാൻസ് ഫുട്ബോൾ മാഗസിൻ പ്രഖ്യാപിക്കുക.പാരീസിൽ വെച്ചുകൊണ്ടാണ് ഈ ചടങ്ങ് നടക്കുക.റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ സൂപ്പർതാരമായ വിനീഷ്യസ് ജൂനിയർക്കാണ് നിലവിൽ ഏറ്റവും കൂടുതൽ സാധ്യതകൾ കൽപ്പിക്കപ്പെടുന്നത്. എന്നാൽ റോഡ്രി അദ്ദേഹത്തിന് കടുത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്. കൂടാതെ ജൂഡ് ബെല്ലിങ്ങ്ഹാം,ഡാനി കാർവ്വഹൽ,ലൗറ്ററോ മാർട്ടിനസ് എന്നിവരുടെ പേരുകളും ഉയർന്നു കേൾക്കുന്നുണ്ട്. ഒരു കടുത്ത പോരാട്ടം തന്നെ ഇത്തവണ നടക്കും എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.

അർജന്റൈൻ സൂപ്പർ താരമായ ലൗറ്ററോയാണ് മറ്റാരെക്കാളും കൂടുതൽ ബാലൺഡി’ഓർ അർഹിക്കുന്നത് എന്ന് അർജന്റീനയുടെ പരിശീലകനായ സ്‌കലോണി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.അർജന്റീനയുടെ ക്യാപ്റ്റനായ ലിയോ മെസ്സിയും ഇക്കാര്യം ആവർത്തിച്ചിട്ടുണ്ട്. മറ്റാരെക്കാളും കൂടുതൽ ബാലൺഡി’ഓറിന് അർഹത ലൗറ്ററോക്കാണ് എന്നാണ് മെസ്സി പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ പ്രമുഖ സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപ്പോർട്ടിവോ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

” മറ്റാരെക്കാളും കൂടുതൽ ബാലൺഡി’ഓർ അർഹിക്കുന്നത് ലൗറ്ററോയാണ്.അദ്ദേഹത്തിന് ഒരു ഗംഭീര വർഷമായിരുന്നു.കോപ്പ അമേരിക്ക ഫൈനലിൽ അദ്ദേഹം ഗോൾ നേടി. കോപ്പ അമേരിക്കയിലെ ടോപ്പ് സ്കോററും അദ്ദേഹം തന്നെയായിരുന്നു ” ഇതാണ് മെസ്സി പറഞ്ഞിട്ടുള്ളത്.

ഏതായാലും അർജന്റൈൻ താരങ്ങളുടെയും ആരാധകരുടെയും പിന്തുണ ഇപ്പോൾ ലൗറ്ററോ മാർട്ടിനസിനാണ്.കഴിഞ്ഞ സീസണിൽ ഗംഭീര പ്രകടനം പുറത്തെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.ഇന്റർ മിലാന് രണ്ട് കിരീടങ്ങൾ നേടിക്കൊടുക്കുന്നതിൽ വലിയ പങ്കുവഹിക്കാൻ താരത്തിന് കഴിഞ്ഞിരുന്നു. ഇതിന് പുറമെയാണ് കോപ്പ അമേരിക്കയിലും അദ്ദേഹം മിന്നുന്ന പ്രകടനം പുറത്തെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *