ഫ്രാൻസിനെതിരെ ശക്തി കാണിക്കണം, അർജന്റീനയിൽ നിന്നും അൾട്രാസിനെ ഇറക്കി AFA
ഇന്ന് ഒളിമ്പിക്സിൽ നടക്കുന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ഒരു കിടിലൻ മത്സരമാണ് ഫുട്ബോൾ ആരാധകരെ കാത്തിരിക്കുന്നത്. കരുത്തരായ അർജന്റീനയും ഫ്രാൻസും തമ്മിലാണ് ഏറ്റുമുട്ടുക. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30ന് ഫ്രാൻസിലെ ബോർഡക്സിൽ വെച്ചുകൊണ്ടാണ് ഈയൊരു മത്സരം അരങ്ങേറുക. സമീപകാലത്ത് അർജന്റീനയും ഫ്രാൻസും വലിയ വൈരമാണ് വെച്ച് പുലർത്തുന്നത്. അതുകൊണ്ടുതന്നെ ഈ മത്സരം ആവേശഭരിതമാകും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
2018 വേൾഡ് കപ്പിൽ അർജന്റീനയെ പുറത്താക്കിയത് ഫ്രാൻസാണ്. പിന്നീട് അർജന്റീന താരങ്ങളെ പരിഹസിച്ചു കൊണ്ടുള്ള ഒരു പാട്ട് ഫ്രഞ്ച് താരങ്ങൾ കിരീടം നേടിയതിനു ശേഷം പാടിയിരുന്നു. എന്നാൽ 2022 വേൾഡ് കപ്പിൽ ഇതിന് പകരം വീട്ടാൻ അർജന്റീനക്ക് സാധിച്ചു. ഏറ്റവും ഒടുവിൽ കോപ്പ അമേരിക്ക കിരീടം നേടിയതിനു ശേഷം അർജന്റീന താരങ്ങൾ ഫ്രഞ്ച് താരങ്ങളെ വംശീയമായി അധിക്ഷേപിച്ചത് വലിയ വിവാദമായിരുന്നു. തുടർന്ന് ഒളിമ്പിക്സിന് എത്തിയ അർജന്റീന താരങ്ങൾക്ക് ഫ്രാൻസിൽ നിന്നും വലിയ കൂവലുകളാണ് ഏൽക്കേണ്ടി വന്നത്.ഇതിന്റെയൊക്കെ പശ്ചാത്തലത്തിലാണ് ഇന്നത്തെ മത്സരം നടക്കുന്നത്.
മത്സരം നടക്കുന്നത് ഫ്രാൻസിൽ ആയതിനാൽ അവരുടെ ആരാധകർ ഇന്ന് വലിയ വെല്ലുവിളിയായിരിക്കും അർജന്റീന സൃഷ്ടിക്കുക. എന്നാൽ ഇത് മറികടക്കാൻ വേണ്ടി അർജന്റീന ഫുട്ബോൾ അസോസിയേഷൻ അർജന്റീനയിൽ നിന്നും അൾട്രാസിനെ ഇറക്കിയിട്ടുണ്ട്. അർജന്റീനയിലെ പ്രമുഖ ക്ലബ്ബുകളായ സാർമിയന്റോ,റിവർ പ്ലേറ്റ്,ബൊക്ക ജൂനിയേഴ്സ്,സാൻ ലോറെൻസോ തുടങ്ങിയവരുടെ അൾട്രാസ് ഗ്രൂപ്പുകളെയാണ് അർജന്റീന ഫുട്ബോൾ അസോസിയേഷൻ ചാർട്ടേഡ് വിമാനത്തിൽ ഫ്രാൻസിൽ എത്തിച്ചിരിക്കുന്നത്.ബരാസ് ബ്രാവാസ് എന്നാണ് അർജന്റീനയുടെ ഈ ആരാധക കൂട്ടം അറിയപ്പെടുന്നത്. സ്റ്റേഡിയത്തെ പ്രകമ്പനം കൊള്ളിക്കാനും തങ്ങളുടെ താരങ്ങൾക്ക് വേണ്ടി ആർപ്പ് വിളിക്കാനും ഈ അൾട്രാസ് ഗ്രൂപ്പ് സ്റ്റേഡിയത്തിൽ ഉണ്ടായിരിക്കും.
ചുരുക്കത്തിൽ രണ്ട് ടീമിനും ശക്തമായ ആരാധക കൂട്ടം ഉണ്ടാകും.അതുകൊണ്ടുതന്നെ അനിഷ്ട സംഭവങ്ങൾ അരങ്ങേറാനുള്ള സാധ്യതകളെയും തള്ളിക്കളയാൻ കഴിയില്ല. കാരണം സമീപകാലത്ത് അത്രയും വലിയ വൈരത്തിലാണ് അർജന്റീനയും ഫ്രാൻസും ഉള്ളത്. ആദ്യ മത്സരത്തിൽ അർജന്റീന താരങ്ങൾക്ക് ഫ്രാൻസിലെ ആരാധകരിൽ നിന്നും പടക്കയേറ് ഉൾപ്പെടെയുള്ളവ നേരിടേണ്ടി വന്നിരുന്നു. അതുകൊണ്ടുതന്നെ ഇന്നത്തെ മത്സരം കനത്ത സുരക്ഷാ സന്നാഹത്തിലായിരിക്കും നടക്കുക.