ഫ്രാൻസിനെതിരെ അവരുടെ കാണികൾക്ക് മുൻപിൽ ബുദ്ധിമുട്ടും:മെസ്സി മശെരാനോക്ക് നൽകിയ വീഡിയോ കോൾ സന്ദേശം!
ഇന്ന് ഒളിമ്പിക്സിൽ നടക്കുന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ഒരു കിടിലൻ മത്സരമാണ് ഫുട്ബോൾ ആരാധകരെ കാത്തിരിക്കുന്നത്.കരുത്തരായ ഫ്രാൻസും അർജന്റീനയും തമ്മിലാണ് ഏറ്റുമുട്ടുക. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30നാണ് ഈയൊരു മത്സരം അരങ്ങേറുക. ഫ്രാൻസിലെ ബോർഡക്സിൽ വെച്ചു കൊണ്ടാണ് ഈയൊരു മത്സരം നടക്കുക. ആരാധകർ ഏറെ ഉറ്റുനോക്കുന്ന ഒരു മത്സരം കൂടിയാണ് ഇത്.
എന്തെന്നാൽ അർജന്റീന ഫ്രാൻസും തമ്മിൽ പുതിയ ഒരു വൈരം ഇപ്പോൾ ഉടലെടുത്തിട്ടുണ്ട്. ഏറ്റവും ഒടുവിൽ അർജന്റൈൻ താരങ്ങൾ ഫ്രഞ്ച് താരങ്ങളെ വംശീയമായി അധിക്ഷേപിച്ചത് വലിയ വിവാദമായിരുന്നു.ഇതിന്റെയൊക്കെ പശ്ചാത്തലത്തിലാണ് ഈ ഒരു മത്സരം നടക്കുന്നത്. ഇതിനിടെ അർജന്റീനയുടെ പരിശീലകനായ മശെരാനോയെ സൂപ്പർ താരം ലയണൽ മെസ്സി വീഡിയോ കോളിൽ ബന്ധപ്പെട്ടിട്ടുണ്ട്. ചില ഉപദേശങ്ങളും നിർദ്ദേശങ്ങളുമൊക്കെ അദ്ദേഹം നൽകുകയും ചെയ്തിട്ടുണ്ട്.മെസ്സി മശെരാനോയോട് പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്.
” ഫ്രാൻസിനെതിരെയുള്ള നാളത്തെ മത്സരം വളരെ പ്രധാനപ്പെട്ടതാണ്.കളത്തിൽ നന്നായി ശ്രദ്ധ പാലിക്കണം. എതിരാളികളെ ബഹുമാനിക്കുകയും വേണം.കോപ്പ അമേരിക്ക സെലിബ്രേഷൻ നടന്ന കാര്യങ്ങൾ നിങ്ങളെ ആശയക്കുഴപ്പത്തിലാക്കരുത്. ഫ്രാൻസിനെതിരെ വളരെയധികം ബുദ്ധിമുട്ടായിരിക്കും. കാരണം അവരുടെ ആരാധകരുടെ മുൻപിൽ വെച്ചാണ് മത്സരം.വിജയം നേടണമെങ്കിൽ നന്നായി ശ്രദ്ധ പുലർത്തണം.രാജ്യത്തിന് മെഡൽ നേടിക്കൊടുക്കാൻ വേണ്ടി സർവ്വതും ത്യജിക്കുകയും വേണം. നിങ്ങൾക്കും മെഡലിനും ഇടയിലുള്ള ഏറ്റവും പ്രധാനപ്പെട്ട ലൈൻ നാളത്തെ മത്സരമാണ്. ഞങ്ങൾ നിങ്ങളോടൊപ്പം ഉണ്ട്, എല്ലാവിധ ആശംസകളും നേരുന്നു “ഇതാണ് മെസ്സി പറഞ്ഞിട്ടുള്ളത്.
ഫ്രഞ്ച് ആരാധകരിൽ നിന്നും നേരത്തെ കൂവലുകൾ ഏൽക്കേണ്ടി വന്നവരാണ് അർജന്റൈൻ താരങ്ങൾ.ഇന്ന് അർജന്റീനയെ സംബന്ധിച്ചിടത്തോളം കാര്യങ്ങൾ ബുദ്ധിമുട്ടിലാവും.കാരണം ഫ്രാൻസ് ആരാധകരിൽ നിന്നും വലിയ പരിഹാസങ്ങളും പ്രതിഷേധങ്ങളും അർജന്റീന താരങ്ങൾക്ക് ഏൽക്കേണ്ടി വന്നേക്കും.