പ്രതീക്ഷകൾ അസ്തമിച്ചു, നെയ്മർക്ക്‌ ബ്രസീലിന്റെ രണ്ട് മത്സരങ്ങളും നഷ്ടമാവും !

സൂപ്പർ താരം നെയ്മർ ജൂനിയർ ബ്രസീലിന് വേണ്ടി ഒരു മത്സരമെങ്കിലും കളിക്കുമെന്ന ആരാധകരുടെ പ്രതീക്ഷകൾക്ക്‌ വിരാമമായി. താരത്തിന് ഈ മാസം നടക്കുന്ന ബ്രസീലിന്റെ രണ്ട് മത്സരങ്ങളും നഷ്ടമാവുമെന്ന് ബ്രസീലിയൻ ടീമിന്റെ മെഡിക്കൽ സംഘം സ്ഥിരീകരിച്ചു കഴിഞ്ഞു. നെയ്മർ പരിക്കിൽ നിന്നും മുക്തനാവുന്നുണ്ടെങ്കിലും താരത്തിന് കളിക്കാൻ സാധിക്കില്ല എന്നാണ് ബ്രസീൽ ടീം ഡോക്ടർ റോഡ്രിഗോ ലാസ്മർ അറിയിച്ചത്. വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾ വെനിസ്വേല, ഉറുഗ്വ എന്നിവർക്കെതിരെയാണ് ബ്രസീൽ കളിക്കുന്നത്. എന്നാൽ ആദ്യ മത്സരത്തിൽ നെയ്‌മർക്ക്‌ കളിക്കാൻ സാധിക്കില്ല എന്ന് റിപ്പോർട്ടുകൾ ആദ്യമേ ഉണ്ടായിരുന്നുവെങ്കിലും ഉറുഗ്വക്കെതിരെ താരം കളിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ടിറ്റെയും സംഘവും. എന്നാൽ താരം തയ്യാറായിട്ടില്ലെന്ന് മെഡിക്കൽ സംഘം പുതിയ പ്രസ്താവനയിൽ അറിയിക്കുകയായിരുന്നു. പിഎസ്ജിക്ക്‌ വേണ്ടി ചാമ്പ്യൻസ് ലീഗ് മത്സരം കളിക്കുന്നതിനിടെയാണ് നെയ്മർക്ക്‌ പരിക്കേറ്റിരുന്നത്.

” നെയ്മർ തിങ്കളാഴ്ച ഇവിടെ എത്തിയത് മുതൽ അദ്ദേഹം ഫിസിയോതെറാപ്പിയുടെ കീഴിലാണ്. അദ്ദേഹം നല്ല രീതിയിൽ തന്നെ പരിക്കിൽ നിന്നും മുക്തി പ്രാപിച്ചു വരുന്നുണ്ട്. പക്ഷെ ഉറുഗ്വക്കെതിരെയുള്ള മത്സരം കളിക്കാൻ അത് പോരാ. ഇന്ന് സാവോ പോളയിൽ എത്തിയ ഉടനെ, പരിക്കിന്റെ വിശദാംശങ്ങൾ അറിയുവാൻ വേണ്ടി അൾട്രാസൗണ്ട് എക്സാമിനേഷൻ സംഘടിപ്പിച്ചിട്ടുണ്ട്. പക്ഷെ അദ്ദേഹത്തിന് ഉറുഗ്വക്കെതിരെ കളിക്കാൻ സാധിക്കില്ല എന്നുള്ളത് ഉറപ്പായി കഴിഞ്ഞ കാര്യമാണ് ” ലാസ്‌മർ പറഞ്ഞു. ഒക്ടോബർ ഇരുപത്തിയെട്ടിനായിരുന്നു നെയ്മർക്ക്‌ പരിക്കേറ്റത്. താരത്തിന് രണ്ടാമത്തെ മത്സരമെങ്കിലും കളിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിൽ ടിറ്റെ താരത്തെ ടീമിൽ തന്നെ നിലനിർത്താൻ തീരുമാനിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *