പോർച്ചുഗൽ എന്താണെന്ന് ഞങ്ങൾക്ക് അറിയാം,3 പോയിന്റുമായി മടങ്ങണം:അക്തുർകോഗ്ലു
ഇന്ന് യുവേഫ യൂറോ കപ്പിൽ നടക്കുന്ന മത്സരത്തിൽ കരുത്തരായ പോർച്ചുഗൽ കളിക്കളത്തിലേക്ക് ഇറങ്ങുന്നുണ്ട്.എതിരാളികൾ തുർക്കിയാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 9:30നാണ് ഈയൊരു മത്സരം കാണാൻ സാധിക്കുക.ആദ്യ മത്സരം വിജയിച്ചു കൊണ്ടാണ് രണ്ട് ടീമുകളും വരുന്നത്. അതുകൊണ്ടുതന്നെ ഇന്ന് വിജയിക്കുന്നവർക്ക് പ്രീ ക്വാർട്ടർ ഉറപ്പിക്കാൻ സാധിക്കും.കടുത്ത പോരാട്ടമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ മത്സരത്തിൽ ജോർജിയയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിക്കാൻ തുർക്കിക്ക് കഴിഞ്ഞിരുന്നു. പോർച്ചുഗലിനെതിരെയുള്ള മത്സരത്തെക്കുറിച്ച് ചില കാര്യങ്ങൾ അവരുടെ സൂപ്പർതാരമായ കരീം അക്തർകോഗ്ലു പറഞ്ഞിട്ടുണ്ട്. പോർച്ചുഗലിന്റെ കഴിവുകൾ എന്തൊക്കെയാണ് എന്നത് തങ്ങൾക്ക് അറിയാമെന്നും 3 പോയിന്റുകൾ സ്വന്തമാക്കി മടങ്ങുക എന്നതാണ് തങ്ങളുടെ ലക്ഷ്യം എന്നുമാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.അക്തുർകോഗ്ലുവിന്റെ വാക്കുകൾ ഇങ്ങനെയാണ്.
“എല്ലാവരും വിജയത്തെക്കുറിച്ച് ചിന്തിച്ചു കൊണ്ട് മാത്രമായിരിക്കും കളിക്കളത്തിലേക്ക് ഇറങ്ങുക. ഞങ്ങളും അങ്ങനെ തന്നെയാണ്. പോർച്ചുഗലിന്റെ കഴിവുകൾ ഞങ്ങൾക്കറിയാം. പക്ഷേ മൂന്ന് പോയിന്റിൽ കുറഞ്ഞതൊന്നും ഞങ്ങൾ ലക്ഷ്യം വെക്കുന്നില്ല.ഞങ്ങൾ നന്നായി തയ്യാറെടുത്തിട്ടുണ്ട്.ഞങ്ങളുടെ ടീമിനെ സംബന്ധിച്ചിടത്തോളവും രാജ്യത്തെ സംബന്ധിച്ചിടത്തോളവും ഇതൊരു പ്രധാനപ്പെട്ട മത്സരമാണ്. ഞങ്ങൾക്ക് ആരാധകരിൽ ഒരുപാട് പിന്തുണ ലഭിക്കുന്നുണ്ട്. ബാഹ്യമായ ഇടപെടലുകൾ ഒന്നും ഇല്ലാതെ ഞങ്ങൾ ഐക്യത്തോടെ കൂടി നിൽക്കുകയാണെങ്കിൽ ഈ മികവ് ഞങ്ങൾക്ക് തുടരാൻ കഴിയും.മത്സരം ബുദ്ധിമുട്ടായിരിക്കും.പക്ഷേ ഞങ്ങൾക്ക് വിജയിക്കേണ്ടതുണ്ട്.യൂറോ കപ്പിന് മുന്നിൽ ചില ബുദ്ധിമുട്ടുകൾ ഞങ്ങൾക്കുണ്ടായിരുന്നു. പക്ഷേ ഞങ്ങൾ അതെല്ലാം ഇപ്പോൾ പരിഹരിച്ചു കഴിഞ്ഞിട്ടുണ്ട് ” ഇതാണ് അക്തുർകോഗ്ലു പറഞ്ഞിട്ടുള്ളത്.
ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ചെക്ക് റിപ്പബ്ലിക്കിനെ തോൽപ്പിച്ചു കൊണ്ടാണ് പോർച്ചുഗൽ ഈ മത്സരത്തിനു വരുന്നത്. അതേസമയം തുർക്കി പോർച്ചുഗലിനെ വലിയ വെല്ലുവിളി ഉയർത്താൻ സാധ്യതയുണ്ട്.ഗുലർ ഉൾപ്പെടെയുള്ള സൂപ്പർതാരങ്ങൾ അവിടെയുണ്ട്. എന്നാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയിലാണ് പോർച്ചുഗീസ് ആരാധകരുടെ പ്രതീക്ഷകൾ ഉള്ളത്.