പോർച്ചുഗൽ ഇന്ന് കളത്തിൽ,ക്രിസ്റ്റ്യാനോ കളിക്കുമോ? സാധ്യത ഇലവൻ ഇതാ!
ഇന്ന് യുവേഫ നേഷൻസ് ലീഗിൽ നടക്കുന്ന മത്സരത്തിൽ വമ്പൻമാരായ പോർച്ചുഗൽ കളിക്കളത്തിലേക്ക് ഇറങ്ങുന്നുണ്ട്.എതിരാളികൾ പോളണ്ടാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:15നാണ് ഈയൊരു മത്സരം നടക്കുക. പോർച്ചുഗലിലെ പോർട്ടോയിൽ വച്ചുകൊണ്ടാണ് ഈ മത്സരം അരങ്ങേറുക.
നേഷൻസ് ലീഗിൽ മികച്ച പ്രകടനം ഇപ്പോൾ പോർച്ചുഗൽ പുറത്തെടുക്കുന്നുണ്ട്. നാല് മത്സരങ്ങൾ കളിച്ചപ്പോൾ മൂന്നിലും വിജയിക്കാൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്.10 പോയിന്റ്മായി അവർ തന്നെയാണ് ഒന്നാം സ്ഥാനത്ത്. നേരത്തെ പോളണ്ടിനെതിരെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പോർച്ചുഗൽ വിജയിച്ചിരുന്നു. അത് അവർക്ക് ആത്മവിശ്വാസം പകരുന്ന ഒന്നാണ്.
എന്നാൽ പല പ്രധാനപ്പെട്ട താരങ്ങൾ ഇല്ലാതെയാണ് പോർച്ചുഗൽ ഇത്തവണ വരുന്നത്.റൂബൻ ഡയസ്,റൂബൻ നെവസ്,ജോവോ പലീഞ്ഞ തുടങ്ങിയ പ്രധാനപ്പെട്ട താരങ്ങളെ ലഭ്യമല്ല.പരിക്കാണ് പലരെയും അലട്ടുന്നത്. എന്നിരുന്നാലും വിജയം നേടാൻ കഴിയുമെന്ന് തന്നെയാണ് പോർച്ചുഗൽ പരിശീലകനായ റോബർട്ടോ മാർട്ടിനസ് പ്രതീക്ഷിക്കുന്നത്.
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടാകും. സ്ഥിരതയാർന്ന പ്രകടനം പോർച്ചുഗലിനു വേണ്ടിയും ക്ലബ്ബിനു വേണ്ടിയും പുറത്തെടുക്കാൻ റൊണാൾഡോക്ക് കഴിയുന്നുണ്ട്. പോർച്ചുഗൽ നിരയിൽ ആരൊക്കെ ഇറങ്ങും എന്നുള്ളത് നമുക്കൊന്ന് പരിശോധിക്കാം.
ഗോൾകീപ്പർ ആയിക്കൊണ്ട് ഡിയഗോ കോസ്റ്റയായിരിക്കും. പ്രതിരോധനിരയിൽ ഡിയഗോ ഡാലോട്ട്, അന്തോണിയോ സിൽവ, തോമസ് അരൗഹോ,നുനോ മെന്റസ് എന്നിവർ ആയിരിക്കും ഉണ്ടാവുക.മധ്യനിരയിൽ ബ്രൂണോ ഫെർണാണ്ടസ്,ജോവോ നെവസ്,ബെർണാഡോ സിൽവ എന്നിവരായിരിക്കും ഉണ്ടാവുക. മുന്നേറ്റ നിരയിൽ റൊണാൾഡോക്കൊപ്പം പെഡ്രോ നെറ്റോയും റഫയേൽ ലിയാവോയും ഉണ്ടാകും. ഇതാണ് പോർച്ചുഗീസ് മാധ്യമമായ എ ബോല റിപ്പോർട്ട് ചെയ്തിരിക്കുന്ന സാധ്യത ഇലവൻ.ഏതായാലും ഒരു മികച്ച വിജയമാണ് ഇപ്പോൾ പോർച്ചുഗീസ് ആരാധകർ പ്രതീക്ഷിക്കുന്നത്.