പോർച്ചുഗീസ് താരത്തിന് നേരെ സൈബർ ആക്രമണം, പിന്തുണയുമായി സഹതാരങ്ങളും ക്ലബ്ബും!
കഴിഞ്ഞ യൂറോ കപ്പ് മത്സരത്തിൽ വമ്പൻമാരായ പോർച്ചുഗലിന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ജോർജിയ പോർച്ചുഗലിനെ അട്ടിമറിച്ചത്. മത്സരത്തിൽ മോശം പ്രകടനമായിരുന്നു സെന്റർ ബാക്കായ അന്റോണിയോ സിൽവ നടത്തിയത്.ജോർജിയ നേടിയ രണ്ടു ഗോളുകളും ഇദ്ദേഹത്തിന്റെ പിഴവിൽ നിന്നായിരുന്നു.
സിൽവയുടെ പക്കലിൽ നിന്നും നഷ്ടപ്പെട്ട ബോളാണ് ജോർജിയ ആദ്യ ഗോളാക്കി മാറ്റിയത്.പിന്നീട് പെനാൽറ്റി വഴങ്ങിയതും സിൽവ തന്നെയായിരുന്നു. തുടർന്ന് മത്സരത്തിന്റെ 66ആം മിനുട്ടിൽ പരിശീലകൻ അദ്ദേഹത്തെ പിൻവലിക്കുകയായിരുന്നു. കേവലം 20 വയസ്സ് മാത്രമുള്ള ഈ താരം പോർച്ചുഗീസ് ക്ലബ്ബായ ബെൻഫിക്കക്ക് വേണ്ടിയാണ് കളിച്ചുകൊണ്ടിരിക്കുന്നത്.ഈ പിഴവുകൾ വലിയ വിമർശനമാണ് അദ്ദേഹത്തിന് നേടിക്കൊടുത്തത്.
മാത്രമല്ല രൂക്ഷമായ സൈബർ ആക്രമണവും താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്.ഭീഷണിപ്പെടുത്തുന്ന പല മെസ്സേജുകളും അദ്ദേഹത്തിന് ഇപ്പോൾ ലഭിച്ചുകഴിഞ്ഞു. ഇപ്പോൾ ഈ 20കാരനായ താരത്തിന് പിന്തുണയുമായി പല താരങ്ങളും രംഗത്ത് വന്നിട്ടുണ്ട്. പരിശീലകൻ റോബർട്ടോ മാർട്ടിനസ് തന്നെ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്വം ടീമിനാണെന്നും അല്ലാതെ ഒരു താരത്തിന് അല്ല എന്നുമാണ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.ജോവോ പലീഞ്ഞ,ജോവോ നെവസ് എന്നിവരൊക്കെ ഈ താരത്തിന് പിന്തുണയുമായി രംഗത്ത് വന്നിട്ടുണ്ട്.
കൂടാതെ അദ്ദേഹത്തിന്റെ ക്ലബ്ബായ ബെൻഫിക്കയും താരത്തിന് സപ്പോർട്ട് അറിയിച്ചിട്ടുണ്ട്. എല്ലാവരും സിൽവക്കൊപ്പമുണ്ട് എന്നാണ് ഇവരുടെ സന്ദേശം. ശക്തമായി തിരിച്ചുവരാൻ താരത്തിന് സാധിക്കുമെന്ന് ഇവർ അഭിപ്രായപ്പെട്ടിട്ടുണ്ട്. നിലവിൽ ഒരുപാട് ക്ലബ്ബുകൾ താൽപര്യം പ്രകടിപ്പിച്ചിട്ടുള്ള താരമാണ് അന്റോണിയോ സിൽവ. അദ്ദേഹത്തിന്റെ റിലീസ് ക്ലോസായ 100 മില്യൺ യൂറോ ലഭിക്കണം എന്ന നിലപാടിലാണ് ഇപ്പോൾ ബെൻഫിക്കയുള്ളത്.