പോർച്ചുഗല്ലില്ലാത്ത വേൾഡ് കപ്പുണ്ടാവില്ല : ക്രിസ്റ്റ്യാനോ
വേൾഡ് കപ്പ് യോഗ്യത പ്ലേ ഓഫ് ഫൈനലിൽ നോർത്ത് മാസിഡോണിയയെ നേരിടാനുള്ള ഒരുക്കത്തിലാണ് നിലവിൽ പോർച്ചുഗല്ലുള്ളത്.ഇന്ന് രാത്രി ഇന്ത്യൻ സമയം 12:15 നാണ് ഈയൊരു മത്സരം നടക്കുക. ഇന്നത്തെ മത്സരത്തിൽ വിജയിച്ചാൽ പോർച്ചുഗല്ലിന് വേൾഡ് കപ്പിന് യോഗ്യത നേടാം. പരാജയപ്പെട്ടാൽ പോർച്ചുഗൽ ഖത്തർ വേൾഡ് കപ്പിന് ഉണ്ടാവില്ല.
ഏതായാലും പോർച്ചുഗീസ് സൂപ്പർതാരമായ ക്രിസ്റ്റ്യാനോ റൊണാൾഡോ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. വേൾഡ് കപ്പിന് യോഗ്യത നേടാൻ പോർച്ചുഗല്ലിന് കഴിയുമെന്നു തന്നെയാണ് അദ്ദേഹം പറഞ്ഞു വെക്കുന്നത്.കൂടാതെ ക്രിസ്റ്റ്യാനോ ഇല്ലാത്ത വേൾഡ് കപ്പ് എന്ന പരാമർശത്തെ അദ്ദേഹം ചോദ്യം ചെയ്യുകയും ചെയ്തു.പോർച്ചുഗല്ലില്ലാത്ത വേൾഡ് കപ്പ് ഉണ്ടാവില്ലെന്നും, ഇവിടെ ഞങ്ങൾ വ്യക്തികളല്ല മറിച്ച് ഒരു ഗ്രൂപ്പാണ് എന്നുമാണ് താരം പറഞ്ഞത്. റൊണാൾഡോയുടെ വാക്കുകൾ ഇങ്ങനെയാണ്.
Ronaldo when questioned if the World Cup would be the same without him 🗣️ pic.twitter.com/NvYnoBoXIN
— ESPN FC (@ESPNFC) March 28, 2022
” പോർച്ചുഗൽ ഇല്ലാത്ത വേൾഡ് കപ്പ് ഉണ്ടാവില്ല. ഞങ്ങൾ ഇവിടെ വ്യക്തികളല്ല, മറിച്ച് ഒരു ഗ്രൂപ്പാണ്.നോർത്ത് മാസിഡോണിയ ഇറ്റലിയെ പരാജയപ്പെടുത്തിയത് ഞങ്ങളെ അത്ഭുതപ്പെടുത്തിയിരുന്നു. പല മത്സരങ്ങളിലും അവർ അത്ഭുതപ്പെടുത്താറുണ്ട്. പക്ഷേ ഞങ്ങൾക്കെതിരെ അത് നടക്കുമെന്ന് തോന്നുന്നില്ല. പോർച്ചുഗൽ നല്ല രൂപത്തിൽ കളിച്ചുകൊണ്ട് വേൾഡ് കപ്പിലേക്ക് മുന്നേറും. ജയിച്ചാൽ മാത്രമേ വേൾഡ് കപ്പിന് യോഗ്യത ലഭിക്കുകയുള്ളു എന്നും പരാജയപ്പെട്ടാൽ വേൾഡ് കപ്പിൽ ഉണ്ടാവില്ല എന്നുള്ളത് ഞങ്ങൾക്കറിയാം. അതുകൊണ്ടുതന്നെ ഞങ്ങൾക്ക് ഉത്തരവാദിത്തങ്ങൾ ഉണ്ട്. എല്ലാവരും ഈ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ തയ്യാറായതായി ഞാൻ കാണുന്നുണ്ട്” ഇതാണ് താരം പറഞ്ഞത്.
ഇറ്റലിയെ പരാജയപ്പെടുത്തി കൊണ്ടാണ് നോർത്ത് മാസിഡോണിയ വരുന്നത്. അതേസമയം തുർക്കിയെയാണ് പോർച്ചുഗൽ പരാജയപ്പെടുത്തിയത്.