പേടിയില്ല,ബഹുമാനം മാത്രം :സ്പയിനിനെ കുറിച്ച് പോർച്ചുഗൽ പരിശീലകൻ.

ഇന്ന് യുവേഫ നേഷൻസ് ലീഗിൽ നടക്കുന്ന മത്സരത്തിൽ ഒരു തകർപ്പൻ പോരാട്ടമാണ് ഫുട്ബോൾ ആരാധകരെ കാത്തിരിക്കുന്നത്. കരുത്തരായ പോർച്ചുഗല്ലിന്റെ എതിരാളികൾ വമ്പൻമാരായ സ്പെയിൻ ആണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:15ന് പോർച്ചുഗല്ലിന്റെ മൈതാനത്ത് വെച്ചാണ് ഈ മത്സരം നടക്കുക.

കഴിഞ്ഞ മത്സരത്തിൽ ചെക്ക് റിപ്പബ്ലിക്കിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്തുവിട്ടു കൊണ്ടാണ് പോർച്ചുഗൽ വരുന്നത്. അതേസമയം കഴിഞ്ഞ മത്സരത്തിൽ സ്പെയിൻ സ്വിറ്റ്സർലാന്റിനോട് പരാജയപ്പെടുകയും ചെയ്തിരുന്നു.അത് വെച്ച് നോക്കുമ്പോൾ ഇന്നത്തെ മത്സരത്തിൽ ഒരല്പം മുൻതൂക്കം പോർച്ചുഗല്ലിന് അവകാശപ്പെടാനാവും.

ഏതായാലും ഈ മത്സരത്തിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തിൽ പോർച്ചുഗല്ലിന്റെ പരിശീലകനായ ഫെർണാണ്ടൊ സാൻഡോസ് നിരവധി കാര്യങ്ങളെക്കുറിച്ച് സംസാരിച്ചിരുന്നു. എതിരാളികളായ സ്പയിനിനെ കുറിച്ചും ഇദ്ദേഹം പരാമർശിച്ചിരുന്നു.സ്പയിനിനെ പേടിക്കുകയോ ആശങ്കപ്പെടുകയോ ചെയ്യുന്നില്ലെന്നും മറിച്ച് ബഹുമാനിക്കുന്നുണ്ട് എന്നുമാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.സാന്റോസിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” സ്പെയിൻ എന്തായിരുന്നുവോ അതുപോലെയുള്ള ഒരു സ്പെയിനിനെയാണ് ഞാൻ പ്രതീക്ഷിക്കുന്നത്. എല്ലാവർക്കും സ്പയിനിനെ കുറിച്ചറിയാം. കഴിഞ്ഞ 20 വർഷമായി ഒരേ രീതിയിലാണ് അവർ കളിക്കുന്നത്.എപ്പോഴും പന്ത് കൈവശം വെക്കുന്ന ടീമാണ് അവർ,നന്നായി പ്രഷർ ചെയ്യും, മാത്രമല്ല പന്ത് നഷ്ടപ്പെട്ടാൽ പെട്ടെന്ന് പ്രതികരിക്കുകയും ചെയ്യും. ഏത് രൂപത്തിൽ കളിക്കണം എന്നുള്ളതിനെ കുറിച്ച് വ്യക്തമായ ധാരണ അവർക്കുണ്ട്.പക്ഷേ ഞങ്ങൾ അവരെ പേടിക്കുകയോ ആശങ്കപ്പെടുകയോ വേണ്ട.മറിച്ച് ഞങ്ങൾ അവരെ ബഹുമാനിക്കും, എല്ലാ എതിരാളികളെയും ഞങ്ങൾ ബഹുമാനിക്കാറുമുണ്ട്. ഞങ്ങൾ ചെയ്യേണ്ടത് ശ്രദ്ധ പതിപ്പിക്കുക എന്നത് മാത്രമാണ് ” ഇതാണ് പോർച്ചുഗൽ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

അവസാനമായി ഇരു ടീമുകളും ഏറ്റുമുട്ടിയ 3 മത്സരങ്ങളും സമനിലയിൽ കലാശിക്കുകയാണ് ചെയ്തിട്ടുള്ളത്. നിലവിൽ ഗ്രൂപ്പിൽ പോർച്ചുഗൽ ഒന്നാം സ്ഥാനത്തും സ്പെയിൻ രണ്ടാം സ്ഥാനത്തുമാണ്.

Leave a Reply

Your email address will not be published. Required fields are marked *