പെലെയുടെ റെക്കോർഡ് തകർക്കുന്നു, ജനങ്ങൾക്ക് സമർപ്പിക്കുമെന്ന് നെയ്മർ!

2026 വേൾഡ് കപ്പ് യോഗ്യത റൗണ്ടിലെ ആദ്യ മത്സരത്തിനു വേണ്ടി ബ്രസീൽ നാളെ ഇറങ്ങുകയാണ്. നാളെ രാവിലെ ഇന്ത്യൻ സമയം 6:15ന് നടക്കുന്ന മത്സരത്തിൽ ബൊളീവിയയാണ് ബ്രസീലിന്റെ എതിരാളികൾ. ബ്രസീലിന്റെ മൈതാനത്ത് വെച്ചുകൊണ്ട് തന്നെയാണ് ഈ മത്സരം അരങ്ങേറുക.മികച്ച പ്രകടനം നടത്തി മികച്ച വിജയം നേടുക എന്നുള്ളതായിരിക്കും ബ്രസീലിന്റെ ലക്ഷ്യം.

ഈ മത്സരത്തിൽ നെയ്മറെ ഒരു റെക്കോർഡ് കാത്തിരിക്കുന്നുണ്ട്. അതായത് ബ്രസീൽ ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരങ്ങൾ നെയ്മറും പെലെയുമാണ്. 77 ഗോളുകൾ വീതമാണ് ഇരുവരും നേടിയിട്ടുള്ളത്. ഒരു ഗോൾ കൂടി നേടി കഴിഞ്ഞാൽ പെലെയെ മറികടന്നുകൊണ്ട് ബ്രസീൽ ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമായി മാറാൻ നെയ്മർക്ക് സാധിക്കും. ഈ റെക്കോർഡ് തകർക്കുന്നതിനെ പറ്റി നെയ്മറോട് ചോദിക്കപ്പെട്ടിരുന്നു. ഒരുപാട് കാര്യങ്ങൾ ഇതേക്കുറിച്ച് നെയ്മർ പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“പെലെയുടെ റെക്കോർഡ് തകർക്കുന്നതിനെ കുറിച്ച് എന്ത് പറയണം എന്നെനിക്കറിയില്ല.അതിന് ഉത്തരം നൽകുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. അതൊരു വലിയ നാഴികക്കല്ല് തന്നെയാണ്.ഫുട്ബോളിന്റെ രാജാവാണ് പെലെ.അദ്ദേഹത്തിന്റെ ഈ റെക്കോർഡ് തകർക്കുക എന്നത് ആരും തന്നെ സങ്കൽപ്പിക്കാത്ത ഒന്നാണ്. റെക്കോർഡ് തകർത്തു കഴിഞ്ഞാൽ മാത്രമേ എനിക്ക് ഇതിനെക്കുറിച്ച് സംസാരിക്കാൻ സാധിക്കുകയുള്ളൂ.പക്ഷേ ഒരുപാട് സന്തോഷവും അഭിമാനവും തോന്നും എന്നെനിക്കുറപ്പാണ്.ഞാൻ ഹാപ്പിയാണ്. പക്ഷേ ഈ നേട്ടങ്ങൾ ഒന്നും ഞാൻ നേടിയതല്ല.ഒരുപാട് പേർ എന്നോടൊപ്പം ഉണ്ടായിരുന്നു.അതുകൊണ്ടുതന്നെ ഈ റെക്കോർഡ് ഞാൻ തകർത്തു കഴിഞ്ഞാൽ, അത് ഞാൻ ജനങ്ങൾക്കാണ് ഡെഡിക്കേറ്റ് ചെയ്യുക ” നെയ്മർ ജൂനിയർ പറഞ്ഞു.

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിലാണ് അവസാനമായി കൊണ്ട് നെയ്മർ ജൂനിയർ ബ്രസീൽ ദേശീയ ടീമിന് വേണ്ടി കളിച്ചത്. അതിനുശേഷം പരിക്ക് കാരണം സൗഹൃദ മത്സരങ്ങൾ നെയ്മർക്ക് നഷ്ടമായിരുന്നു.നാളത്തെ മത്സരത്തിൽ നെയ്മർ തിളങ്ങും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *