പെലെയുടെ റെക്കോർഡിന് തൊട്ടരികിലെത്തി ലയണൽ മെസ്സി !

സൂപ്പർ താരം ലയണൽ മെസ്സി ഐതിഹസികമായ ഒരു റെക്കോർഡ് കൂടി നേടാനുള്ള ഒരുക്കത്തിലാണ്. ഫുട്ബോൾ ഇതിഹാസം പെലെയുടെ റെക്കോർഡാണ് മെസ്സി തകർക്കാനൊരുങ്ങുന്നത്. ഒരു ക്ലബ്ബിന് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമെന്ന റെക്കോർഡാണ് മെസ്സിയുടെ കയ്യെത്തും ദൂരത്തുള്ളത്. ബ്രസീലിയൻ ക്ലബായ സാന്റോസിന് വേണ്ടി 643 ഗോളുകളാണ് പെലെ നേടിയിട്ടുള്ളത്. അതിന് ശേഷം അദ്ദേഹം അമേരിക്കയിലെ ന്യൂയോർക്ക് കോസ്മോസിലേക്ക് ചേക്കേറുകയായിരുന്നു. മുപ്പത്തിമൂന്നുകാരനായ മെസ്സി ബാഴ്സക്ക്‌ വേണ്ടി 641 ഗോളുകൾ നേടിക്കഴിഞ്ഞു. ഇന്ന് നടക്കുന്ന കാഡിസിനെതിരെയുള്ള മത്സരത്തിൽ ഹാട്രിക് നേടിയാൽ മെസ്സിക്ക് പെലെയുടെ റെക്കോർഡ് മറികടക്കാൻ സാധിച്ചേക്കും. കഴിഞ്ഞ മത്സരത്തിൽ മെസ്സിക്ക് കൂമാൻ വിശ്രമം അനുവദിച്ചിരുന്നു.

പതിനെട്ടു സീസണായിരുന്നു പെലെ ബ്രസീലിൽ കളിച്ചത്. ഇതിൽ എട്ട് സീസണുകളിൽ എല്ലാ കോമ്പിറ്റീഷനുകളിലുമായിട്ട് നാൽപതോ അതിൽ കൂടുതലോ ഗോളുകൾ പെലെ നേടിയിട്ടുണ്ട്. അതിന് ശേഷമാണ് അദ്ദേഹം എംഎൽഎസ്സിലേക്ക് ചേക്കേറിയത്. അതേസമയം 2004-ൽ ബാഴ്സക്ക്‌ വേണ്ടി അരങ്ങേറ്റം കുറിച്ച മെസ്സിയാവട്ടെ പത്ത് സീസണുകളിൽ 40+ ഗോളുകൾ നേടിയിട്ടുണ്ട്. 2011/12 സീസണിൽ അറുപത് മത്സരങ്ങളിൽ നിന്ന് 73 ഗോളുകൾ നേടിയതാണ് മെസ്സിയുടെ ഏറ്റവും മികച്ച സീസൺ. അതേസമയം 1957-ൽ 46 മത്സരങ്ങളിൽ നിന്ന് 66 ഗോളുകൾ നേടിയതാണ് പെലെയുടെ ഏറ്റവും മികച്ച പ്രകടനം. രാജ്യത്തിനും ക്ലബ്ബിനുമായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന റെക്കോർഡും പെലെയുടെ പേരിലാണ്. ഔദ്യോഗികകണക്കുകൾ പ്രകാരം 757 ഗോളുകളാണ് പെലെ നേടിയിട്ടുള്ളത് എന്നാണ് പറയപ്പെടുന്നത്. അനൗദ്യോഗിക കണക്കുകൾ പ്രകാരം ഇതിൽ കൂടുതലും താരം നേടിയിട്ടുണ്ട്. അതേസമയം 750 ഗോളുകളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ ഇത് മറികടക്കാനുള്ള ഒരുക്കത്തിലാണ്. പിന്നിൽ റൊമാരിയോയാണ് ഉള്ളത്. അതിന് പിറകിൽ 712 ഗോളുകളുമായി മെസ്സിയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *