പെനാൽറ്റികൾ തടഞ്ഞിടുന്നതിന്റെ രഹസ്യമെന്ത് ? എമി വെളിപ്പെടുത്തുന്നു!
അർജന്റൈൻ ഗോൾകീപ്പറായ മാർട്ടിനസ് ഇന്ന് ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച ഗോൾകീപ്പർമാരിൽ ഒരാളാണ്.ഇന്റർനാഷണൽ തലത്തിൽ സാധ്യമായതെല്ലാം അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ പല ടൂർണമെന്റുകളിലും അർജന്റീനയെ രക്ഷിച്ചത് എമി മാർട്ടിനസായിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടുകൾ തടഞ്ഞിടാനുള്ള ഒരു പ്രത്യേക കഴിവ് തന്നെ എമിക്കുണ്ട്. കഴിഞ്ഞ രണ്ട് കോപ്പ അമേരിക്കയിലും വേൾഡ് കപ്പിലും നാം അത് കണ്ടതാണ്.
എമിക്കെതിരെ പെനാൽറ്റി എടുക്കുന്ന പല താരങ്ങൾക്കും അദ്ദേഹത്തിന് മുന്നിൽ പിഴച്ചു പോയിട്ടുണ്ട്. എങ്ങനെയാണ് ഇത്രയധികം മികവ് പെനാൽറ്റി ഷൂട്ടൗട്ടുകളിൽ കാണിക്കാൻ കഴിയുന്നത്? അതേക്കുറിച്ച് എമി ഇപ്പോൾ സംസാരിച്ചിട്ടുണ്ട്. ഓരോ മത്സരത്തിനു മുന്നേയും താൻ ചെയ്യുന്ന കാര്യങ്ങളാണ് അദ്ദേഹം വെളിപ്പെടുത്തിയിട്ടുള്ളത്.അർജന്റൈൻ ഗോൾകീപ്പറുടെ വാക്കുകൾ ഇങ്ങനെയാണ്.
“ടെഡി ബിയറിന്റെ ചിത്രം ഞാൻ എപ്പോഴും എന്റെ ഷിൻ പാഡിൽ കൊണ്ടുനടക്കും. ഞാൻ പോകുന്നിടത്തെല്ലാം അതുകൊണ്ട് പോകും.അതിൽ എനിക്ക് വലിയ വിശ്വാസമാണ്.എന്റെ റൂട്ടീൻ ഞാൻ തെറ്റിക്കാറില്ല. കൂടാതെ യോഗയും പിലാറ്റസും ഞാൻ ചെയ്യാറുണ്ട്.ഓരോ മത്സരത്തിനു മുൻപും ഞാൻ പ്രാർത്ഥിക്കും. കൂടാതെ എന്റെ സൈക്കോളജിസ്റ്റിനെ ഞാൻ കാണുകയും ചെയ്യും. ചെറിയ പ്രായം തൊട്ടേ ഞാൻ ഒരു മികച്ച പെനാൽറ്റി സേവറാണ്.എന്റെ കരിയറിൽ ഞാൻ ആകെ ഒരുതവണ മാത്രമാണ് പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെട്ടിട്ടുള്ളത്. പെനാൽറ്റി തടഞ്ഞിടുന്നതിൽ ഞാൻ എപ്പോഴും മികവ് കാണിക്കുമായിരുന്നു.രണ്ടോ മൂന്നോ പെനാൽറ്റികൾ തടഞ്ഞിടാൻ കഴിയുമെന്നുള്ള അടിയുറച്ച വിശ്വാസത്തോടുകൂടിയാണ് ഞാൻ എപ്പോഴും ഇറങ്ങാറുള്ളത്.പെനാൽറ്റി ഷൂട്ടൗട്ടിൽ സമ്മർദ്ദം വളരെ ഡിഫറെന്റ് ആയിരിക്കും. ചില സമയങ്ങളിൽ നമുക്ക് ഭാഗ്യം ആവശ്യമാണ്.ഞാൻ എപ്പോഴും സ്ട്രൈക്കർമാരെ റീഡ് ചെയ്യും. അങ്ങനെ കാര്യങ്ങൾ എനിക്ക് അനുകൂലമാകും ” ഇതാണ് എമിലിയാനോ മാർട്ടിനസ് പറഞ്ഞിട്ടുള്ളത്.
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ആസ്റ്റൻ വില്ലക്ക് വേണ്ടിയാണ് താരം കളിച്ചുകൊണ്ടിരിക്കുന്നത്. ഇത്തവണത്തെ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടാൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ എമിയെ നമുക്ക് ചാമ്പ്യൻസ് ലീഗിലും കാണാൻ കഴിഞ്ഞേക്കും. 2029 വരെയുള്ള ഒരു പുതിയ കരാറിൽ അദ്ദേഹം വില്ലയുമായി ഒപ്പുവെക്കുകയും ചെയ്തിട്ടുണ്ട്.