പെനാൽറ്റിക്ക് മുമ്പ് എമി നൽകിയ ഉപദേശം വെളിപ്പെടുത്തി പൗലോ ഡിബാല!
ഖത്തർ വേൾഡ് കപ്പിന്റെ കലാശ പോരാട്ടത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിലാണ് അർജന്റീന ഫ്രാൻസിനെ പരാജയപ്പെടുത്തിയത്.4-2 എന്ന സ്കോറിനായിരുന്നു അർജന്റീനയുടെ വിജയം.കോമാന്റെ പെനാൽറ്റി അർജന്റീനയുടെ ഗോൾ കീപ്പറായ എമിലിയാനോ മാർട്ടിനസ് തടഞ്ഞിട്ടതോടുകൂടിയാണ് കാര്യങ്ങൾ അർജന്റീനക്ക് അനുകൂലമായത്.
അതിനുശേഷം പെനാൽറ്റി എടുത്ത പൗലോ ഡിബാല കൃത്യമായി പെനാൽറ്റി ലക്ഷ്യത്തിൽ എത്തിക്കുകയും ചെയ്തു. ആ പെനാൽറ്റി എടുക്കുന്നതിന് മുന്നേ സഹതാരമായ എമി മാർട്ടിനസ് നൽകിയ ഉപദേശമാണ് തനിക്ക് തുണയായത് എന്നുള്ളത് ഡിബാല ഇപ്പോൾ വെളിപ്പെടുത്തിയിട്ടുണ്ട്. ഗോൾ പോസ്റ്റിന്റെ മധ്യത്തിലേക്ക് അടിക്കാനായിരുന്നു എമി തന്നോട് ആവശ്യപ്പെട്ടത് എന്നാണ് ഡിബാല പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Emiliano Martinez, Paulo Dybala #ARGFRA pic.twitter.com/RRRHhjknu2
— 𝕄𝕠𝕙𝕒𝕞𝕖𝕕 (@MHQ4K) December 18, 2022
” പരിശീലകൻ എന്നെ കളത്തിലേക്ക് ഇറക്കിയപ്പോൾ തന്നെ എനിക്ക് മനസ്സിലായിരുന്നു അത് പെനാൽറ്റിക്ക് വേണ്ടിയുള്ള നീക്കമാണെന്ന്. അതുകൊണ്ടുതന്നെ ഞാൻ പരമാവധി ശാന്തനാവാൻ ശ്രമിച്ചു. ഒരു വേൾഡ് കപ്പ് ഫൈനലിൽ പെനാൽറ്റി എടുക്കുക എന്നുള്ളത് അത്രയേറെ സമ്മർദ്ദം ഉള്ള കാര്യമാണ്. എന്റെ അവസരം വന്നപ്പോൾ എമി മാർട്ടിനസ് എന്നോട് സംസാരിച്ചു. ഗോൾ പോസ്റ്റിന്റെ മധ്യത്തിലേക്ക് അടിക്കാൻ അദ്ദേഹം എന്നോട് ഉപദേശിച്ചു. ആ പെനാൽറ്റി എടുക്കുന്നതിന് തൊട്ടുമുന്നേ എമി പറഞ്ഞത് ഞാൻ ഓർക്കുകയും അത് പ്രവർത്തിക്കുകയും ചെയ്തു. അത് വിജയകരമായി പൂർത്തിയായി ” ഇതാണ് ദിബാല പറഞ്ഞിട്ടുള്ളത്.
ഈ വേൾഡ് കപ്പിൽ വെണ്ടത്ര അവസരങ്ങൾ ലഭിച്ചിട്ടില്ലെങ്കിലും ലഭിച്ച റോൾ കൃത്യമായി വഹിക്കാൻ ഡിബാലക്ക് കഴിഞ്ഞിട്ടുണ്ട്. ഏതായാലും ലോക ചാമ്പ്യൻ ആവാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് നിലവിൽ ഡിബാലയുള്ളത്.