പുറത്തിറങ്ങുമ്പോഴൊക്കെ നെയ്മറെ കൊണ്ടുവരാനാണ് ആളുകൾ ആവശ്യപ്പെടുന്നത്: ബ്രസീൽ ക്ലബ്ബ് പ്രസിഡണ്ട് പറയുന്നു!
ബ്രസീലിയൻ സൂപ്പർ താരമായ നെയ്മർ ജൂനിയർ കളിക്കളത്തിലേക്ക് മടങ്ങിയെത്തുന്നതിന്റെ തൊട്ടരികിലാണ് ഇപ്പോൾ ഉള്ളത്.പരിക്ക് കാരണം ഏറെക്കാലമായി നെയ്മർ പുറത്താണ്. വരുന്ന സെപ്റ്റംബർ മാസത്തിൽ നെയ്മർ തിരിച്ചെത്തും എന്നാണ് ഇപ്പോൾ പ്രതീക്ഷിക്കപ്പെടുന്നത്. സൗദി അറേബ്യൻ ക്ലബ്ബായ അൽ ഹിലാലിന് വേണ്ടി വളരെ കുറച്ചു മത്സരങ്ങൾ മാത്രമാണ് നെയ്മർ കളിച്ചിട്ടുള്ളത്.അടുത്തവർഷം ക്ലബ്ബുമായുള്ള കരാർ അവസാനിക്കും. ഒരു വർഷത്തേക്ക് കൂടി കരാർ പുതുക്കാനുള്ള ഓപ്ഷൻ നെയ്മർക്ക് ലഭ്യമാണ്.
ഭാവിയിൽ നെയ്മർ ബ്രസീലിയൻ ലീഗിലേക്ക് തന്നെ മടങ്ങിയെത്തും എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല. അദ്ദേഹത്തിന്റെ പഴയ ക്ലബ്ബായ സാന്റോസിലേക്ക് മടങ്ങി എത്താനാണ് സാധ്യതകൾ ഏറെയുള്ളത്. അതേ സമയം മറ്റൊരു ബ്രസീലിയൻ വമ്പൻമാരായ ഫ്ലെമെങ്കോയെ നെയ്മർ ജൂനിയർ ഏറെ ഇഷ്ടപ്പെടുന്നുണ്ട്. നെയ്മർ ആ ക്ലബ്ബിലേക്ക് എത്താനുള്ള സാധ്യതകളെയും തള്ളിക്കളയാനാവില്ല. നെയ്മറെ കുറിച്ച് ഫ്ലെമെങ്കോയുടെ പ്രസിഡന്റ് ആയ റൊഡോൾഫോ ലാന്റിം ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.അത് ഇങ്ങനെയാണ്.
” ഞാൻ പുറത്തിറങ്ങുമ്പോൾ ഒക്കെ ആളുകൾ എന്നോട് ചോദിക്കും,എപ്പോഴാണ് നമ്മൾ നെയ്മറെ സൈൻ ചെയ്യാൻ പോകുന്നത്. അവരോടൊക്കെ ഞാൻ പറയുന്ന ഒരു മറുപടിയുണ്ട്.ഫ്ലെമെങ്കോയിൽ രണ്ട് വർഷം ലഭിക്കുന്നതിനേക്കാൾ സാലറി ഒരു മാസം കൊണ്ട് നെയ്മർക്ക് ഇപ്പോൾ ലഭിക്കുന്നുണ്ട്. സാമ്പത്തികപരമായ കാര്യങ്ങൾ ആളുകൾ മനസ്സിലാക്കുന്നില്ല. അനൗദ്യോഗികമായ വിവരങ്ങൾ വെച്ച് മാസം 70 മില്യൺ യൂറോയോളം നെയ്മർ സമ്പാദിക്കുന്നുണ്ട്.അത്രയും അസാധാരണമായ താരമാണ് അദ്ദേഹം. ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് അദ്ദേഹം.പരിക്കിൽ നിന്നും പെട്ടെന്ന് തന്നെ അദ്ദേഹം മുക്തനാകും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. നേരത്തെ ഞാൻ അദ്ദേഹത്തോട് പരിക്കിനെ കുറിച്ച് ചോദിച്ചിരുന്നു. സെപ്റ്റംബർ മധ്യത്തിൽ കളിക്കളത്തിലേക്ക് തിരിച്ചെത്താൻ കഴിയും എന്നാണ് നെയ്മർ അന്ന് എന്നോട് പറഞ്ഞത് ” ഇതാണ് ഫ്ലെമെങ്കോ പ്രസിഡന്റ് പറഞ്ഞിട്ടുള്ളത്.
ഏതായാലും കുറച്ച് കാലം സൗദിയിൽ തുടർന്നതിനുശേഷം ബ്രസീലിലേക്ക് മടങ്ങിയെത്തുക എന്നുള്ളത് തന്നെയായിരിക്കും നെയ്മറുടെ ലക്ഷ്യം. പക്ഷേ അത് ഫ്ലെമെങ്കോ ആയിരിക്കുമോ സാന്റോസ് ആയിരിക്കുമോ എന്നുള്ളതാണ് കാത്തിരുന്നു കാണേണ്ട കാര്യം.സാന്റോസിന് ശേഷം താൻ ഏറെ ഇഷ്ടപ്പെടുന്ന ക്ലബ്ബ് ഫ്ലെമെങ്കോ ആണെന്ന് നെയ്മർ തന്നെ തുറന്നു പറഞ്ഞിരുന്നു.