പുതുക്കിയ ഫിഫ റാങ്കിങ്, അർജന്റീന മുന്നോട്ട് !

ഈ കഴിഞ്ഞ അന്താരാഷ്ട്ര മത്സരങ്ങൾക്ക് ശേഷമുള്ള പുതുക്കിയ ഫിഫ റാങ്കിങ് പുറത്തു വിട്ടു. വലിയ രീതിയിലുള്ള മാറ്റങ്ങൾ ഒന്നും തന്നെ റാങ്കിങ്ങിന് അവകാശപ്പെടാനില്ലെങ്കിലും ചെറിയ രീതിയിലുള്ള മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. ആദ്യത്തെ മൂന്ന് സ്ഥാനക്കാർക്ക് ഒരു മാറ്റവും സംഭവിച്ചിട്ടില്ല. ഒന്നാം സ്ഥാനത്ത് പതിവ് പോലെ തന്നെ ബെൽജിയമാണ്. രണ്ടാം സ്ഥാനത്ത് നിലവിലെ ലോകചാമ്പ്യൻമാരായ ഫ്രാൻസ് ആണ്. മൂന്നാമതുള്ളത് ലാറ്റിനമേരിക്കൻ ചാമ്പ്യൻമാരായ ബ്രസീലാണ്. ആദ്യത്തെ പത്ത് സ്ഥാനത്തിലേക്ക് പുതുതായി ആരെങ്കിലും പുറത്തു പോവുകയോ പ്രവേശിക്കുകയോ ചെയ്തിട്ടില്ല. ഈ മാസം നൂറ്റി ഇരുപത് അന്താരാഷ്ട്ര മത്സരങ്ങളാണ് നടന്നത്. ഈ മത്സരഫലങ്ങളുടെ അടിസ്ഥാനത്തിലാണ് റാങ്ക് പുതുക്കിയത്. ഖത്തർ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾ, യുവേഫ യൂറോ കപ്പ് പ്ലേ ഓഫ് മത്സരങ്ങൾ, യുവേഫ നേഷൻസ് ലീഗ് മത്സരങ്ങൾ എന്നിവയാണ് ഈ മാസം നടന്നത്.

അതേസമയം ലാറ്റിനമേരിക്കൻ വമ്പൻമാരായ അർജന്റീന ഒരു സ്ഥാനം മുന്നോട്ട് കയറിയിട്ടുണ്ട്. ഈ മാസം നടന്ന രണ്ട് മത്സരങ്ങളിലും വിജയം കരസ്ഥമാക്കാൻ മെസ്സിക്കും സംഘത്തിനും കഴിഞ്ഞിരുന്നു. കൂടാതെ സ്പെയിനും ഒരു സ്ഥാനം മുകളിലേക്ക് കയറിയിട്ടുണ്ട്. നിലവിൽ സ്പെയിൻ ആറാം സ്ഥാനത്തും അർജന്റീന എട്ടാം സ്ഥാനത്തുമാണ്. അതേസമയം ഉറുഗ്വ, ക്രോയേഷ്യ എന്നിവരാണ് ഓരോ സ്ഥാനങ്ങൾ പിറകിലേക്ക് ഇറങ്ങിയത്. ഉറുഗ്വ ഏഴാം സ്ഥാനത്തും ക്രോയേഷ്യ ഒമ്പതാം സ്ഥാനത്തുമാണ് നിലവിലുള്ളത്. അതേസമയം ഇന്ത്യ ഒരു സ്ഥാനം മുന്നോട്ട് കയറിയിട്ടുണ്ട്. നിലവിൽ 108-ആം സ്ഥാനത്താണ് ഇന്ത്യയുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *